Wednesday 30 November 2011

പന്തയം



സുഹൃത്തേ , 
നിനക്കെന്റെ നമോവാകം.
ഞാന്‍ 
തോറ്റവള്‍.
അടിയറവു വെക്കപ്പെട്ട 
അഹങ്കാരത്തോടെ 
നിനക്കുമുമ്പില്‍ 
തലക്കുനിപ്പവള്‍.
          നീ 
          വിജയി.
          പ്രതിബന്ധങ്ങളെ
          ഉള്ളുറപ്പാലും 
          വേഗങ്ങളുടെ കാലത്തെ
          മന്ദഗതിയാലും 
          വെന്നവന്‍.
          കഠിനന്‍.
ഞാനോ 
മേനിയഴകിന്റെ
അതി മാര്‍ദ്ദവത്താല്‍
വൈഡൂര്യ കണ്ണുകളാല്‍
ശരക്കുതിപ്പുകളാല്‍ 
ലോകത്തെയളന്നവള്‍.
           നിന്റെ ഉഭയജീവിതത്തെ
           കാപട്യമെന്നും 
           ദാര്‍ശനികമായ 
           ഉള്‍വലിയലുകളെ 
           ഭീരുത്വമെന്നും
           മൊഴിഞ്ഞവള്‍.
           മറികടക്കില്ലെന്നുറച്ചു
           പരിഹസിച്ചുറങ്ങിയോള്‍.
           സ്വപ്നം മുറിഞ്ഞുണരെ
           പിടഞ്ഞോടിയെത്തുകിലും
           മുമ്പെയെത്തിയ
           നിന്നെ കാണ്‍കെ
           തലക്കുനിപ്പവള്‍.         
           വെറുമൊരു മുയല്‍ !           
 

Thursday 24 November 2011

പുഴയോര്‍മ്മകള്‍ - ഭാഗം 1

വിദൂരങ്ങളില്‍ വെച്ചു പരിചിതമാകുന്ന പുതു സൗഹൃദങ്ങളില്‍ നിന്നുള്ള 'വീടെവിടെയാണ് ?' എന്ന ചോദ്യത്തിന്  ഭര്‍ത്തൃമതിയായ ഒരുവള്‍ക്ക്‌  സ്ഥിരമായി രണ്ടുത്തരം. 
"എന്റെ വീട് -----------------"
"കല്യാണം കഴിച്ചിരിക്കുന്നത് /താമസിക്കുന്നത് ---------------"എന്ന്....
എന്റെ വീട് /എന്റെ നാട്  എന്ന ഒറ്റയുത്തരത്തിനു കഴുത്തില്‍ കുരുക്ക്‌ വീഴും വരെ മാത്രം നീളം .
പേരിനു വാലുമുളച്ചാലും അവളുടെ നാടിനു വാല് മുളക്കുന്നില്ല.
നാടെന്നും സ്വന്തം നാട് തന്നെ.
വീടെന്നും  ജനിച്ചു വളര്‍ന്നയിടം തന്നെ.
അതുകൊണ്ട്,
വാലുമുളച്ച പേരുമായി സ്വന്തമെങ്കിലും  'എന്റെവീടെ'ന്നു നെഞ്ചില്‍ കൈവെച്ചു പറയാന്‍ സാധിക്കാത്ത വീട്ടിലിരുന്നു ഞാന്‍ 'എന്റെവീടു'ള്ള 'എന്റെനാടി'നെ കുറിച്ചെഴുതട്ടെ. 


     തൃശൂര്‍ ജില്ലയുടെ തെക്ക് പടിഞ്ഞാറേ മൂലയില്‍ കടലിരമ്പം കാതോര്‍ക്കുന്നൊരു ഗ്രാമം.
ഉപ്പുകാറ്റ് വീശുന്നിടം.
പുഴയും കടലും ഒന്നുചേരുന്നിട(അഴിമുഖം)മാകയാല്‍ അഴീക്കോടെന്നു  വിളിപ്പേര്. 
വളരെ പണ്ടിവിടം ,
            പ്രാചീനഭാരതത്തിന്റെ പ്രവേശന കവാടമായിരുന്ന മുസിരിസ്സിലേക്ക് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) കടല്‍വഴി തുറന്നയിടം .
        വാല്മീകി രാമായണത്തില്‍ മുരചീപത്തനമെന്നും ചേരസാമ്രാജ്യകാലത്ത് മഹോദയപുരമെന്നും വിളിക്കപ്പെട്ട പെരുമയുള്ളോരു നാടിന്റെ മൂല...
        ഈജിപ്ത്കാരുടെയും  ഗ്രീക്ക്കാരുടെയും റോമാക്കാരുടെയും ചരക്കു കപ്പലുകള്‍ കടല്‍ കടന്നെത്തിയയിടം...
        ക്രിസ്തുമതത്തിനും യഹൂദമതത്തിനും ഇസ്ലാംമതത്തിനും ആതിഥ്യവും  അഭയവും അരുളിയയിടം... 
        ചക്രവാളത്തോളം നീണ്ടു കിടക്കുന്ന കടലിലെ മീനുകള്‍  അന്നം തന്നു പോറ്റി വളര്‍ത്തുന്ന ജീവിതങ്ങള്‍ നിറഞ്ഞയിടം ...
വിലക്കുകളിലൊതുക്കപ്പെട്ട ഒരു പെണ്‍കുട്ടിക്കാലത്തിന്റെ എല്ലാ
പരാധീനതകളോടെയും ഞാന്‍ എന്റെ പുഴയെ തൊടട്ടെ!
ചീനവലയിലെ കാറ്റ് 
എന്റെ ബാല്യത്തില്‍ പുഴനിറയെ മീനുകളുണ്ടായിരുന്നു...
കരയിലെല്ലാം ചീനവലകളും.
പെരിയാറിന്റെ  ഇരുകരകളിലുമായി അഴിമുഖത്തോളം നീളുന്ന ചീനവല കള്‍ക്കപ്പുറം സൂര്യനസ്തമിക്കുന്ന കാഴ്ചയേക്കാള്‍ ചേതോഹരമായി ഈ  ഭൂമിയില്‍ മറ്റൊരു കാഴ്ച്ചയുമില്ലെന്നുള്ള  വിശ്വാസത്തിന് ഇന്നോളം ഇളക്കം തട്ടിയിട്ടില്ല .
'കടവിലെസ്കൂളെ'ന്നു  വിളിപ്പേരുള്ള ഐ. എം. യു. പി. സ്കൂളിലേക്ക് എണ്‍പതുകളിലെ  എന്റെ ബാല്യം നടന്നു പോയത് ആ പുഴയോരത്തുകൂടെ യായിരുന്നു...
 മഴനനഞ്ഞ എന്റെസ്കൂള്‍  
കടല്‍പ്പന്നികളെന്നു വിളിച്ചിരുന്ന വലിയ ഡോള്‍ഫിനുകള്‍ അഴിമുഖത്തു കൂടെ കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി കരണംമറിഞ്ഞു മുതുകുകാട്ടി  നീന്തി പ്പോകുന്നത് നോക്കി.. വഞ്ചിക്കാര്‍ പുഴയില്‍മുങ്ങി കക്കവാരുന്നതും മണലെടുക്കുന്നതും നോക്കി.. കടല്‍ക്കാക്കള്‍,മീനുമായി വരുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും പിന്നാലെ.. ചീനവലയില്‍.. വലിയ ഓളങ്ങളില്‍.. ഇരമ്പിപ്പറക്കുന്നതും.. നീന്തുന്നതും നോക്കി.. പുഴക്കാറ്റും കടല്‍ക്കാറ്റുമേറ്റ്..     ഞങ്ങള്‍ നടന്നു പോയി ..
                     
ചീനവലകള്‍ അന്നുമിന്നും ഒരു വിസ്മയം തന്നെയായി മനസ്സിലുയര്‍ന്നു താഴുന്നു.
വടങ്ങളില്‍ കെട്ടിയിട്ട വലിയ പാറക്കല്ലുകളുയര്‍ത്തുമ്പോള്‍ നീണ്ട മരത്തടികള്‍ക്കപ്പുറമുള്ള  ചീനവല വെള്ളത്തില്‍ താഴുന്നു.
ക്ഷമയോടെയുള്ള നീണ്ടകാത്തിരിപ്പിന് ശേഷം പാറക്കല്ലുകള്‍ താഴ്ത്തുമ്പോള്‍ ഉയര്‍ന്നു വരുന്ന വലിയ വലയും.. അതിന്റെ ഒരറ്റത്തുള്ള കയറില്‍ പിടിച്ചു വലിച്ചാല്‍ ചുരുങ്ങിന്നിടവും.. അതിലെ പിടക്കുന്ന വെണ്‍മീനുകളും.. കണംപ്,പ്രായില്‍,തിരുത,മാലാന്‍ എന്നിങ്ങനെ തുടുതുടുപ്പുള്ളവര്‍..
മീന്‍ കോരുവാന്‍ നീണ്ട വലത്തണ്ടിലൂടെ കോരുവല(ബോള്‍സ)യുമായി നീങ്ങുന്ന സാഹസികനായ മീന്‍കാരന്‍  കൌതുകത്തേക്കാള്‍  ബാല മനസ്സുകളില്‍ വിരിയിച്ചത് അസൂയ കലര്‍ന്ന ആരാധനയായിരുന്നു..  
നാലുമണിത്തിരിച്ചുവരവുകളില്‍ കാവല്‍ക്കാരനില്ലാത്ത ചീനവലത്തണ്ടുകളിലൂടെ ഇരു കൈകളും  വിടര്‍ത്തി ശരീരം സന്തുലിതമാക്കിക്കൊണ്ട് ഞങ്ങളും ആ സാഹസികനെപ്പോലെ നടന്നുപോയി. സങ്കല്‍പ്പത്തിലെ മീനുകളെ കൈനിറയെ കോരിയെടുത്ത് പിടക്കുന്ന നെഞ്ചിലിട്ടു തിരിച്ചുപോന്നു ....
(അതുകൊണ്ടായിരിക്കാം കപ്പല്‍മുനമ്പില്‍....കടല്‍ക്കാറ്റില്‍ ...കൈകള്‍ വിടര്‍ത്തി നിന്ന 'ടൈറ്റാനിക് 'ലെ കമിതാക്കള്‍ പില്‍ക്കാലത്ത് ഞങ്ങളെ തെല്ലും അസൂയപ്പെടുത്താതിരുന്നത് )
വന്‍മത്സ്യങ്ങളെയന്വേഷിച്ച്‌ വലിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്കുള്ള പ്രവാഹമാരംഭിച്ചപ്പോള്‍ ഉയര്‍ന്നു താഴുന്ന ചീനവലകള്‍ ഓളപ്പരപ്പില്‍ നിന്ന് മെല്ലെ പിന്‍വാങ്ങിത്തുടങ്ങി...
വന്‍വലക്കുള്ളിലെ മീന്‍ചാട്ടങ്ങള്‍ വല്ലപ്പോഴും മാത്രമുള്ള കാഴ്ചയായി മാറി. ഇന്നെന്റെ നാടിനു പെണ്ണുങ്ങള്‍ തൂവല്‍ പോലെ ചകിരികുടഞ്ഞു  കയറു  പിരിക്കുന്ന റാട്ടിന്റെ താളമില്ല ..
തോട്ടിന്‍വക്കത്ത് പണ്ടേപോലെ കൈതപ്പൂക്കള്‍ വിരിയാറില്ല... അഴിമുഖത്തേക്ക് പിന്‍വാങ്ങിയ വിരലിലെണ്ണാ വുന്ന ചീനവലകള്‍ ഓളങ്ങളില്‍ ഊര്‍ധ്വന്‍ വലിക്കുന്നു.
കടല്‍ക്കാക്കകളുടെ വെണ്‍ചിറകുകള്‍ക്ക്  തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു...
ദ്രവിച്ച മരത്തടികളും കീറിപ്പറിഞ്ഞ വലകളുമായി ചില ചീനവലപ്രേതങ്ങള്‍! 
 പെരിയാറിലെ വെള്ളമിപ്പോള്‍ ബോട്ടുകള്‍ വിസര്‍ജ്ജിച്ച എണ്ണപ്പാടനിറഞ്ഞൊരു കാളിന്ദി... 
കാറ്റിനു ഡീസല്‍ ഗന്ധം   ...
ഇതെന്റെ പുഴ.... ഇതെന്റെ നാട് ...
                              (തുടരും) 
 
 





 

Wednesday 23 November 2011

ആത്മഗതം

 
നിറം കറുപ്പാണ്   
ഏഴകെന്നു ചിലര്‍ 
ചപ്പുചവറുകള്‍ക്കിടയിലാണ് പണി
എങ്കിലും മഹാ വൃത്തിക്കാരി.
കൊക്കാവില്ലെന്നറിയാമെങ്കിലും  
ദിനേന കുളിക്കുന്നവള്‍.
മധുമൊഴിയല്ലെങ്കിലും പാട്ടുപാടാറുണ്ട് . 
മടിച്ചിയായൊരു പാട്ടുകാരിയുടെ  
കുഞ്ഞുങ്ങളെ പോറ്റുന്നുമുണ്ട്.
ഇന്നലെ മുതല്‍ ഒരല്‍പം മുടന്ത് ...
പാപം ചെയ്യാത്തവരാരോ
കല്ലെടുത്തെറിഞ്ഞതാണ് .
'തന്‍കുഞ്ഞു  പൊന്‍ കുഞ്ഞെ'ന്ന് പാടി 
ഒരപ്പം മോഷ്ടിച്ചുവത്രെ!
എങ്കിലെന്ത് ?
നിങ്ങളുടെ രാത്രിയുച്ഛിഷ്ടങ്ങള്‍
ഞാനല്ലേ വൃത്തിയാക്കുന്നത്?
നിങ്ങളുടെ പ്രഭാതങ്ങളെ  
ഞാനല്ലേ പാടിയുണര്‍ത്തുന്നത് ..?
നിങ്ങള്‍ക്ക്  കുഞ്ഞുങ്ങളെയൂട്ടാന്‍ 
ചാഞ്ഞും ചരിഞ്ഞും പിന്നെ 
കരഞ്ഞും നടക്കുന്നത് ഞാനല്ലേ ?
എന്നിട്ടും 
വിരുന്നു വിളിക്കാനൊരു
കദളിവാഴകൈയ്യിലിരുന്നതിനോ
പകരമീ കല്ലേറ്..?


 



Saturday 19 November 2011

മൃഗം


കൈകാലുകള്‍ കൂട്ടിക്കെട്ടി
ദൈവനാമത്തില്‍
കുരലറുത്തു മുറിച്ച്‌
തൊലി പൊളിച്ച്‌
വെട്ടി നുറുക്കി
കഷ്ണങ്ങളായി
രുചിക്കൂട്ടുകളില്‍
വെന്തുമലര്‍ന്നു
ബിരിയാണിയായെന്റെ
വയറ്റില്‍ കിടക്കുന്നത് ;
ഇന്നലെയോളം
പച്ചപ്പുല്ലും കാടിവെള്ളവുമായ്
ചെല്ലുന്നേരം.....
എഴുന്നേറ്റു നിന്ന് തലകുലുക്കുകയും
തവിടു മണക്കുന്ന
പരുപരുത്ത നാവാല്‍ നക്കി
നന്ദി പ്രകടിപ്പിക്കുകയും ചെയ്ത
'കറുമ്പനെ'ന്നു  വിളിക്കപ്പെട്ട
ശാന്തനായൊരു
ബലിമൃഗം !
പാവം...... അല്ലേ ?

Thursday 17 November 2011

ഉള്‍ക്കടല്‍

സൌമ്യമായതിശാന്തമായ്...                          
വെണ്‍ നുരയായ്  പതഞ്ഞലിഞ്ഞും              
തടശിലയില്‍ വീണു പൊട്ടിച്ചിതറി
മണലെഴുത്തുകള്‍ ഝടിതിയില്‍  മായ്ച്ചും
പകലുമായവേ ചെന്തീയടക്കി ,വൃഥാ -
കരമുയര്‍ത്തി ചന്ദ്രോദയത്തില്‍       
അലയലയായ്  തീരത്തൊതുങ്ങി                       
വന്നുപോമീയനന്തനീലിമയോ ;
തെല്ലുമനങ്ങാതെയടക്കിയുള്ളിലായ്
കൊണ്ടുനടന്നീടുവതോ ....കടല്‍? 
 

Thursday 3 November 2011

പ്രണയത്തെയെന്തിനു ഭയക്കണം നാം ...?

സ്ത്രീ  മനസ്സിന്റെ  ആഴങ്ങളില്‍  മനുഷ്യാനുഭവങ്ങള്‍ കണ്ടെത്തിയ മാധവിക്കുട്ടിയുടെ  മനോഹരമായൊരു കഥയാണ്‌  'കടലിന്റെ  വക്കത്തൊരു വീട് '.മദ്യപനായ അറുമുഖനും  ഭാര്യയും തെരുവ് ഗായകനായ യുവാവും മാത്രമാണ് ഈ  കഥയിലെ കഥാപാത്രങ്ങള്‍. ജോലി നഷ്ടപ്പെട്ട്  വീടും വീട്ടു സാമഗ്രികളും പൈസയുമില്ലാതെ എസ്സോപാര്‍ക്കിന്റെയരികില്‍  കടല്‍കാറ്റേറ്റു ജീവിക്കുന്നു റുമുഖനും ഭാര്യയും.മദ്യപന്റെ ഭാര്യയായി തന്റെ ദുര്‍വിധിയെ പഴിച്ചു ജീവിക്കുന്ന റുമുഖത്തിന്റെ  ഭാര്യക്ക്  ജീവിതത്തെകുറിച്ച്  പ്രത്യാശ നല്‍കുന്നത് യുവാവുമായുള്ള സംസാരം മാത്രമാണ്. ഏക സമ്പാദ്യമായ രോമപ്പുതപ്പ് തന്റെ ഓര്‍മയ്ക്ക് വേണ്ടി യുവാവിനു ദാനം ചെയ്തതിനെ ചോദ്യം ചെയ്യുന്ന റുമുഖത്തിനു പുഞ്ചിരിയോട്‌ കൂടി അവള്‍ കൊടുക്കുന്ന ന്യായീകരണം അയാള്‍ എന്നോടു സംഗീതത്തെ പറ്റി സംസാരിച്ചു എന്നതാണ്.
സ്ത്രീയുടെ  അസ്വസ്ഥമായ മനസ്സാണ് ഈ കഥയുടെ പ്രമേയം. ചുഴികളും  അഗാധഗര്‍ത്തങ്ങളും  ഉള്ളിലൊളിപ്പിച്ച  വിക്ഷുബ്ധമായൊരു   കടലാണ്  ഇതിലെ നായികയുടെ ഉള്ളിലുള്ളത് .സംഗീതം ആസ്വദിച്ചിരുന്ന, ബാല്യം  മുതലേ അനുഭവിച്ചിരുന്ന, രാവിലെ പാട്ടുകേട്ട് കൊണ്ട് ഉണര്‍ന്നിരുന്ന ആ സ്ത്രീയുടെ ജീവിതം  മദ്യപനായ ഭര്‍ത്താവിന്റെ ജോലിയിലുള്ള വീഴ്ച മൂലം  താറുമാറായി തീരുന്നു.കിടക്കാനിടവും വീട്ടു സാമഗ്രികളുമില്ലാതെ ഹോട്ടലുടമകള്‍ സൌജന്യമായി നല്‍കുന്ന പഴകിയ ഭക്ഷണ സാധനങ്ങള്‍ കഴിച്ചു കൊണ്ട് കടല്‍ത്തീരത്ത്  കിടന്നുറങ്ങേണ്ടി വരുന്നു.കടലിന്റെ വക്കത്തൊരു വീട് എന്നാണ് കഥയുടെ പേരെങ്കിലും ഇവിടെ അവര്‍ക്ക് താമസിക്കാന്‍ വീട് എന്നൊന്നില്ല. വീണ്ടും വീണ്ടും തിരിച്ചെത്തുവാന്‍  പ്രേരിപ്പിക്കുന്നിടത്തെയാണ്  നാം വീടെന്നു പറയുന്നതെങ്കിലും
റുമുഖത്തിന്റെ ഭാര്യയ്ക്ക്  വീട് ഒരു  സ്വപ്നം മാത്രമാണ്.അശാന്തിയും മോഹഭംഗങ്ങളും  നിറഞ്ഞ  അവളുടെ മനസ്സിനകത്തും  പുറത്തുമിരംബുന്നത്  ഒരേകടല്‍ തന്നെയാണ് .തന്റെ വാക്കുകള്‍ കേള്‍ക്കുവാനോ  അഭിരുചികള്‍ മനസ്സിലാക്കുവാനോ ശ്രമിക്കാത്ത ;സ്വാര്‍ത്ഥതയും അധികാരഭാവവും  ധാര്‍ഷ്ട്യവും മാത്രം കൈമുതലായ അന്തര്‍മുഖനായ  ഭര്‍ത്താവിനേക്കാള്‍ അവളെ  മനസ്സിലാക്കുന്നതും അംഗീകരിക്കുന്നതും തെരുവുഗായകനായ യുവാവ് മാത്രമാണ് .കറുത്തചേല ധരിച്ച അവളെ ഗൃഹലക്ഷ്മിയായി കാണുന്നതും ആയയുടെ ജോലി ചെയ്തു ജീവിക്കാന്‍ പ്രതീക്ഷയും പ്രോത്സാഹനവും കൊടുക്കുന്നതും അയാളാണ് .
ദുഖത്തിലും,   ദാരിദ്ര്യത്തിലും ശുഭ പ്രതീക്ഷ കൈ വെടിയാതെ ജീവിക്കാന്‍ അവളെ പ്രേരിപ്പിച്ച യുവാവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. "കടലിന്റെ വക്കത്തു പാര്‍ക്കുവാനും ഭാഗ്യം വേണം .രാത്രിയില്‍ കടലിന്റെ പാട്ടും കേട്ട്  നക്ഷത്രങ്ങളെയും നോക്കി കൊണ്ട് മലര്‍ന്നു കിടക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കില്ലേ .."വെറും മൂന്നു കഥാപാത്രങ്ങളിലൂടെ ലളിതമായ അവതരണത്തിലൂടെ ധ്വന്യാത്മകമായി  സ്ത്രീ മനസ്സിന്റെ നിഗൂഡ     ഭാവങ്ങള്‍ അനാവരണം ചെയ്യുകയാണ് മാധവിക്കുട്ടി  ഈ കഥയിലൂടെ ചെയ്യുന്നത് .
           ... പക്ഷെ; നമ്മുടെ കുട്ടികള്‍ മനസ്സിലാക്കേണ്ടത് 
റുമുഖത്തിന്റെ ഭാര്യയുടെ ഉദാരമായ ദാന ശീലത്തെകുറിച്ചും യുവാവിനു ജീവിതത്തോടുള്ള  പ്രസാദാത്മക  സമീപനത്തെ കുറിച്ചും മാത്രമാകണം എന്നാണു  മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങള്‍. കപടസദാചാരത്തിന്റെ വക്താക്കളായ ആധുനിക  മലയാളിയുടെ സ്വരമാണ്  നമ്മുടെ D R G ട്രൈ നിങ്ങുകളിലും ക്ലെസ്റ്റര്‍ യോഗങ്ങളിലും മുഴങ്ങി കേട്ടത്.റുമുഖത്തിന്റെ ഭാര്യ തന്റെ ചെറിയ   ഭാണ്‌ഡത്തില്‍ നിന്നും ഭര്‍ത്താവിന്റെ സമ്മതം ആരായാതെ കൊടുത്ത  അറ്റം പിഞ്ഞിയതെങ്കിലും  കട്ടിയുള്ള ആ പുതപ്പ് താറുമാറായ ജീവിതത്തിലും  ദൃഡമായിരിക്കുന്ന  അവളുടെയുള്ളിലെ പ്രണയമാണെന്ന് കുട്ടികളോട് പറയുകയോ അവര്‍ പറഞ്ഞാല്‍ തന്നെ  അംഗീകരിച്ചു കൊടുക്കയോ ചെയ്യരുതത്രെ ! പകരം അവരുടെ ചിന്തകളെ ദാനശീലമെന്ന സല്‍പ്രവര്‍ത്തിയിലൂടെ വഴി തിരിച്ചു വിടണമത്രെ!. അങ്ങിനെയാണെങ്കില്‍ വേറെന്തെല്ലാം പുരാണ കഥകള്‍ പകരമായി കുട്ടികള്‍ക്ക് നല്‍കാമായിരുന്നു..? ബാല്യത്തിന്റെ  ജിജ്ഞാസകളെ തൃപ്തി പ്പെടുത്തുന്ന സാരോപദേശ കഥകള്‍ വേണ്ടുവോളമുണ്ടല്ലോ നമ്മുടെ പൌരാണിക  
 ഭാണ്‌ഡങ്ങളില്‍ !കൌമാര പ്രായക്കാരായ കുട്ടികള്‍ പ്രണയമെന്ന വാക്ക് കേട്ടാല്‍ വഴി തെറ്റി പോകുമെന്ന്  ഭയക്കുന്ന നാമെങ്ങിനെ ഒമ്പതാം ക്ലാസ്സില്‍ ശാകുന്തളവും ഗാന്ധര്‍വ വിവാഹവും പഠിപ്പിക്കും..?
മാംസനിബദ്ധമല്ലാത്ത രാഗത്തെ കുറിച്ച് പാടിയ കുമാരനാശാനെ നമുക്കു വാനോളമുയര്‍ത്താം .നളിനിയെയും ലീലയെയും വാസവദത്തയെയുമൊക്കെ വനിതാരത്നങ്ങളായി അവരോധിക്കാം .
പക്ഷെ ; സ്ത്രീ  കഥാപാത്രം മാധവിക്കുട്ടിയുടെതാണെങ്കില്‍  പ്രശ്നമായി .ദുര്‍ഗ്രഹതയില്ലാത്ത ഏതു കഥയും 'എന്റെ കഥ ' മുതലേ ബന്ധിപ്പിച്ചു  നമ്മള്‍ അര്‍തഥാന്തരങ്ങള്‍ തിരയുന്നു.കാമവും പ്രണയവും പരസ്പര പൂരകമായി വര്‍ത്തിക്കുന്ന കഥകളിലൂടെ , കവിതകളിലൂടെ  നമ്മള്‍ 'കടലിന്റെ വക്കത്തെ  വീടി'നെ സമീപിക്കുന്നു.എന്നിട്ടൊടുവില്‍ പറയുന്നു 'നമ്മടെ കുട്ടികള്‍ ഈ കഥയിലൂടെ ഉദാരമായ ദാനശീലത്തെകുറിച്ച് പഠിക്കട്ടെ. അവര്‍ ശിഥിലമാകുന്ന കുടുംബബന്ധങ്ങളെ കുറിച്ചോ മാംസനിബദ്ധമല്ലാത്ത രാഗത്തെ കുറിച്ചോ പഠിക്കേണ്ടതില്ല '
"എന്റെ ഓര്‍മ്മയ്ക്ക്‌ ഇത് കൈയ്യിലിരിക്കട്ടെ എന്നുള്ള യുവാവിനോടുള്ള അവസാന (?) വാചകവും തന്നെ ചോദ്യം ചെയ്ത ഭര്‍ത്താവിനോടുള്ള ' പുഞ്ചിരിയോടുകൂടിയുള്ള  ' മറുപടിയും അവഗണിച്ചു  നമുക്ക് 
റുമുഖത്തെ  പോലെ യാകാം.. 'രണ്ടാന്തരം ഭക്ഷണശാല യാചകര്‍ക്ക്   സൌജന്യമായി   വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണസാ ധനങ്ങള്‍  സമ്പാദിച്ച്  'അയാള്‍ ഭാര്യക്ക് കൊണ്ട്  പോയി കൊടുക്കുന്ന പോലെ ശാക്തീകരണ പ്രഹസനങ്ങ ളില്‍  നിന്ന്  പ്രബുദ്ധരായി നമുക്ക്  ക്ലാസ്സ്‌ മുറികളിലേക്ക് മടങ്ങാം.
 

Wednesday 2 November 2011

തീര്‍ച്ച


പാടവരമ്പത്തൂടെ
അവനെ
നിര്‍ത്താതെയോടിച്ച  
മുഷിഞ്ഞൊരു
സൈക്കിള്‍ ടയര്‍ ;
ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച്
കറങ്ങി വീണൊരു
പമ്പരം ;
ഉണങ്ങി പോയൊരു
ഓലപ്പന്ത്‌ ..
വക്കു പൊട്ടിയ
സ്ലേറ്റ് 
'അമ്മാ'  യെന്നൊരു
ആര്‍
പ്പോടെയുള്ള
വരവ് ...
ഇത്ര മാത്രമേ
ബാക്കി വെച്ചുള്ളൂവെങ്കിലും
തൈമാവോ
അങ്കണമോ
ഇല്ലാതെ
വഴിയോരത്തുറങ്ങുവോളെ
ഇലയനക്കങ്ങളിലൂടെ
അവന്റെ  
സാന്നിധ്യം
കാറ്റും
കൊന്നിട്ടാലും
നിര്‍ത്താതെ പോകുന്ന
തിരക്കേറിയ  വണ്ടികളും
നിരന്തരം
ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു

സമര്‍പ്പണം : പാതയോരത്ത് നിത്യവും കണ്ടിരുന്ന നിസ്സംഗയും നിസ്സഹായയുമായ പേരറിയാത്തൊരുവള്‍ക്ക്

Friday 21 October 2011

കടങ്കവിത


കാറ്റിനെയും
മഴയെയും

പുറത്താക്കി
വാതിലടച്ച്‌

മുറിയകക്കുളിരില്‍
കലഹിച്ചു
പുറംതിരിഞ്ഞുറങ്ങു
വോരുടെയുള്ളിലെ
കൊടുങ്കാറ്റും
പേമാരിയും
കണ്ടു പകച്ച്‌
പുറത്തു നിന്ന
കാറ്റും മഴയും
കൈ കോര്‍ത്തു പിടിച്ച്
രാത്രിയിലലഞ്ഞു
നടക്കുന്നതു
പകര്‍ത്താനാവാതെ
തൂലികയിടറിയ
കവി
ഉറക്കം നടിച്ചു
റങ്ങാതെയുണര്‍
ന്നെണീറ്റതറിഞ്ഞുവോ...?
ഇല്ലയോ..?
ആണെന്നുമല്ലെന്നു
മല്ലാത്തൊരുത്തരം
പറഞ്ഞാലു
മില്ലെങ്കിലും
നീയും ഞാനും
ആജീവനാ
ന്തം
കടക്കാര്‍..!

Wednesday 28 September 2011

സമകാലികം

പനങ്കുലമുടിയഴിച്ചിട്ട്
കരിമ്പനച്ചുവട്ടില്‍
കാത്തു നിന്നവള്‍
മുറുക്കിച്ചുവപ്പിച്ച 

ചുണ്ടുകളോടെ
വഴി പോക്കനോട്  ചോദിച്ചു
"ചുണ്ണാമ്പ് തരുമോ..? "
മറു ചിരിയോടൊപ്പം കിട്ടിയ
പ്രണയവും വാങ്ങി
അനന്തരം
അവരിരുവരും
ഉയരങ്ങളിലേക്ക്..
പിറ്റേ ദിനം 
പനങ്കുലമുടിയും
നഖക്ഷതങ്ങളും
ഉള്ളിലൊതുക്കി
പത്രത്താളുകള്‍ 
പനച്ചുവട്ടില്‍
വീണു ശേഷിക്കെ
പേരില്ലാതായവള്‍
സ്ഥല നാമത്താല്‍
കുപ്രസിദ്ധയായി .

Saturday 24 September 2011

പണ്ടൊക്കെ നമ്മള്‍ ...............



പണ്ടൊക്കെ
പ്രണയം പറയാന്‍
എന്തൊരു  പാടായിരുന്നു .....
വഴിക്കണ്ണുമായി  കാത്തു നില്‍ക്കണം.
അവള്‍ വരുന്നേരം
ഓര്‍ക്കാപ്പുറത്തു  കണ്ടെന്ന പോലെ
പുഞ്ചിരിക്കണം ....
പുറത്തു ചാടാനൊരുങ്ങുന്ന ഹൃദയത്തെ
ഉള്ളിലേക്കൊതുക്കി
 'എന്തേ നേരത്തെ'യെന്നോ
'വരാനെന്തിത്ര വൈകി 'യെന്നോ
വെറുതെ കുശലം  ചോദിക്കണം . 

'ഒരു കാര്യം പറയാനുണ്ടെ'ന്ന്
ഓരോ ദിനവും പറഞ്ഞ്
ഒടുവില്‍ ഒന്നും പറയാതെ തന്നെ
അവളെയറിയിക്കണം
'എന്റെയുള്ളില്‍ നീ 'യാണെന്ന് ......
അവളുടെയുള്ളില്‍
ഞാനുമുണ്ടെന്നറിഞ്ഞാല്‍ പിന്നെ
ചില ഒളിച്ചു നോട്ടങ്ങളെക്കൊണ്ട്
അമര്‍ത്തിയൊരു  ചിരിയാല്‍
ചില പിന്‍വിളികളെക്കൊണ്ട് ......
ഹോ...
അന്നൊക്കെ
പ്രണയം പറയാന്‍
എത്ര ബുദ്ധിമുട്ടി നാം .....!


ഇന്നു
പ്രണയിക്കാനാണ്
ഏറ്റവുമെളുപ്പം
കാത്തു നില്‍ക്കുകയോ 
മറഞ്ഞു  നില്‍ക്കുകയോ
അത്ഭുതപ്പെടുകയോ  ചെയ്യാതെ 
ഒരൊറ്റ  മിസ്ഡ്  കോള്‍ .....
ഞാന്‍  നിന്നെ  ഓര്‍ക്കുന്നുണ്ടെന്നു
ഇടം കയ്യാലും
വലം  കയ്യാലും
നാല് പേരോട് ഒരേ സമയം 
പരിഭവിക്കാം.....
കുശലം പറയാം ....
ഒരൊറ്റ എസ്സെമെസ്സില്‍
പറന്നരികിലെത്താം .
ജാരനെപ്പോലെ
ഉറക്കറയിലും 
അവളെത്തേടി ചെല്ലാം
സന്ദേശ കാവ്യങ്ങളെഴുതിയും
വാക്കുകള്‍ വറ്റിയും
തീരുമ്പോള്‍
പുതിയ നമ്പറില്‍ നിന്നും
പുതുമകളെ
വീണ്ടും വീണ്ടും ...
പ്രണയിച്ചു കൊണ്ടിരിക്കാം.
അല്ലെങ്കില്‍ തന്നെ
എന്നും
പുതുമയോടെയിരിക്കുന്നതല്ലേ
അന്നുമിന്നും
യഥാര്‍ത്ഥ പ്രണയം....?

Tuesday 20 September 2011

പാഥേയം


വാടിയൊരിലയില്‍
പൊതിഞ്ഞു കെട്ടിയൊരു
മനസ്സ് .

Monday 19 September 2011

ഫേസ് ബുക്ക്

പ്രദര്‍ശനച്ചുമരിലൊരുവള്‍
ചത്തു തൂങ്ങിക്കിടക്കുന്നു .
താഴെ
അടിക്കുറിപ്പുകളുടെ നീണ്ട നിര
അച്ഛനും അമ്മയും :
"പൊന്നു മോളെ
നീയെന്തിനിതു   ചെയ്തു ...?"

അധ്യാപകന്‍ :
"ചോദ്യ ചിഹ്നമായവശേഷിച്ച
വിനീത ശിഷ്യക്ക്
ആദരാഞ്ജലികള്‍ "
അയല്‍വാസി :
"സുന്ദരിയായിരുന്നു
ഇപ്പോള്‍ പുഴുവരിക്കുന്നുണ്ടാകും "
കൂട്ടുകാരന്‍ 1 :
"ഡാ..  നോക്കെടാ..
തൂങ്ങി നില്‍ക്കുന്നു അഹങ്കാരി ! "
കൂട്ടുകാരന്‍ 2 :
"ഞാനപ്പഴേ  പറഞ്ഞില്ലേ   
അവളാള് പെശകായിരുന്നു.."

കൂട്ടുകാരന്‍ 3 :
"അവള്‍ക്കു രണ്ടു ഫോണുണ്ടായിരുന്നു
കാക്കത്തൊള്ളായിരം നമ്പരും "
കൂട്ടുകാരന്‍ 4 :
" നല്ല ഫിഗറായിരുന്നു
വേസ്റ്റാക്കി കളഞ്ഞല്ലോടെയ് ...!
കൂട്ടുകാരി 1 :
"ഞാനവളോടപ്പോഴേ പറഞ്ഞിരുന്നു
സൂക്ഷിക്കണമെന്ന് ...."
കൂട്ടുകാരി  2 :
" ശരിയാ ... മരമണ്ടി ."
കൂട്ടുകാരി  3 :
"നമുക്കൊരു മുന്നറിയിപ്പ് "
കൂട്ടുകാരി  4 :
"സമയമാം രഥത്തില്‍ നീ
സ്വര്‍ഗ്ഗ യാത്ര ...."

............................
............................
(അടിക്കുറിപ്പുകളിലൂടെ
വീണ്ടും  വീണ്ടും  വീണ്ടും 
അവരവളെ
കൊന്നു കൊണ്ടേയിരുന്നു ....)

Sunday 11 September 2011

മുഖംമൂടി

'വാങ്ങുക മുഖം മൂടിയൊന്നെ'ന്നു വില്പനക്കാരന്‍
വാടിയ മുഖവുമായ്  നില്‍ക്കുന്നൂ മുറ്റത്തിപ്പോള്‍.
'വര്‍ണ്ണങ്ങള്‍ പലതരം , രൂപങ്ങള്‍ , ഭാവങ്ങളും
വിലയോ വെറും തുച്ഛമെടുക്കൂ ഒന്നെങ്കിലും
അണിയാനെളുപ്പമാണെ'ന്നയാള്‍ പറയവേ
കൌതുകം കലര്‍ന്നുണ്ണിക്കിടാങ്ങള്‍ നിരക്കുന്നു .
കുട്ടയില്‍നിറയെ  നാം കഥയില്‍ സ്നേഹിച്ചവര്‍ ,
ഭയന്നോര്‍ , പിണങ്ങി പിന്നിണങ്ങി ക്കൂടെ വന്നോര്‍ .
'ഫാന്റവും സ്പൈടര്‍മാനും മോനിണങ്ങു 'മെന്നയാള്‍
പറയെ സിന്ട്രല്ലക്കായ്‌  പരതീ മകളപ്പോള്‍ .
ഗൌരവ മുഖം മൂടിയണിഞ്ഞുമമറത്തൊരാള്‍
പത്ര പാരായണത്തിലൊന്നിടംകണ്ണിട്ടു നോക്കി .
'അമ്മയ്ക്കും ചേരുംവണ്ണംമുഖമൊന്നെടുത്തോളൂ
മക്കളെ ' പറയുന്നിതുമ്മറപ്പരിഹാസി  .
ചിരിച്ചും കൊണ്ടേ ഞാനും വാങ്ങുന്നു മക്കള്‍ക്കായി 
പലതാം മുഖംമൂടി കളിക്കാന്‍ കളിപ്പിക്കാന്‍ .
കാലത്തിന്‍ വിദഗ്ധമാം കരത്താല്‍ പണിതീര്‍ത്തൊ -
രമമതന്‍  മുഖംമൂടിയിളകാതഴിയാതെ
ചിരിയാല്‍ തന്നെ പിന്നെയകത്തുകേറിപ്പോകും
എന്റെയീ മുഖം മൂടാനിനിയും വേഷങ്ങളോ ?
വായനക്കാരാ നിന്റെ പരിഹാസത്തിന്നാഴം ഭാവമായ്
മാറാതെയായ്   ഞാന്‍ മനംമൂടിവെക്കയാല്‍ !



Thursday 1 September 2011

പെയ്ത്ത്


കാറ്റേ ........
നീയിതു പോല്‍ വീശരുത് .....

പിന്നില്‍  വന്നു 
തണുത്ത  വിരലാല്‍
കണ്ണു
പൊത്തരുത്....

കണ്ണിലേക്കിതുപോല്‍
ഉറ്റുനോക്കരുത്  .....

നിറുകയില്‍ മൃദുവായി
ഉമ്മവെക്കരുത്.....

കാതോരമൊരു വാക്കു ചൊല്ലി
പോയി മറയരുത്.....

ഞാനൊരു മഴയായി
പെയ്തു തോരാതിരിക്കാന്‍....
കാറ്റേ ....
നീ വീശരുത് ....!


Thursday 25 August 2011

കടലു കാണാന്‍ പോയാല്‍....

കടലു കാണാന്‍ പോയാല്‍
വെറുതെ കടലു മാത്രം
കണ്ടാല്‍ പോര .
         കടല്‍ നീല
         വെറുമൊരു നീല നിറ-
         മല്ലെന്നറിയണം.
കാറ്റിന്റെ ഉപ്പുനനവ്
രുചിച്ചറിയണം .
         കടല്‍ക്കാക്കകളുടെ                             
         വെളുപ്പും തുടുപ്പും
         ചാഞ്ചാട്ടവുമറിയണം .
ഡോള്‍ഫിനുകള്‍
ഒരിടത്തുമുങ്ങി
മറ്റൊരിടത്തു
പൊങ്ങുന്നതി-
ന്നര്‍ത്ഥമറിയണം  .
         ഞണ്ടുകള്‍
         പുറകോട്ടു പോ -
         യോടിയൊളിക്കുന്നത്
         എന്തിനെന്നറിയണം.
മണല്ക്കൊട്ടാരങ്ങളുടെ
അല്പായുസ്സു
തൊട്ടറിയണം .
         ശംഖുകളിലെ
         കടലിരമ്പം
         കാതോര്‍ത്തറിയണം.
അസ്തമയ സൂര്യന്‍
നിറക്കൂട്ടു ചാലിച്ചു
പടര്‍ത്തുന്നതറിയണം .
         കടലു കാണാന്‍ പോയാല്‍
         വെറുതെ കടലു മാത്രം
         കണ്ടാല്‍ പോര .....

ആര്‍ത്തലച്ചു വന്നിട്ടും
പിന്തിരിയേണ്ടി വരുന്ന
തിരകളുടെ
സ്നേഹനിസ്സഹായത
ആദ്യമറിയണം .

Monday 22 August 2011

പട്ടാടയില്‍


നൂല്‍ നൂറ്റു
സ്വയം പുണര്‍ന്ന്
പട്ടുനൂല്‍പ്പുഴു 
ശലഭ ജന്മം
സ്വപ്നം കണ്ടുറങ്ങിയിന്നലെ .
                   ഇലക്കീഴില്‍
                   നിന്നടര്‍ത്തിമാറ്റി
                   ആവിയില്‍ വെന്തവള്‍
                   കൂട്ടരൊന്നിച്ച്‌
                   കസവ് നൂലായി
                   രൂപാന്തരപ്പെട്ടു.

വ്യര്‍ത്ഥ സ്വപ്നങ്ങളാല്‍
നെയതെടുത്തൊ -
രാടയില്‍ പൊതിഞ്ഞ്
ഈയുടല്‍ നീ
കൊണ്ടു
നടക്കുന്നു
രൂപാന്തരപ്പെടുത്താതെ 
പട്ടടയിലേക്ക്‌...!

Tuesday 16 August 2011

നിറവ്

            ജലാശയ മധ്യത്തിലേക്കൊരു
            കല്ലെടുത്തെറിയൂ....           
            അലകള്‍  
            വലയങ്ങളായി
            തീരത്തണയും.                                               
ഹൃദയത്തിനുള്ളിലേക്കൊരു 
സ്വപ്നമെടുത്തെറിയൂ...
പ്രണയം
പല വര്‍ണ്ണമായി            
തീരവും കവിയും.

Saturday 13 August 2011

പെണ്മരം

   
       
              
സ്വച്ഛതയുടെ    
               മണ്‍തണുപ്പില്‍  നിന്ന്   
               പറിച്ചെടുക്കണം
               വേരോടെ.....
               തായ് വേരറുക്കാം
               ചോരപൊടിയില്ല.
               ശിഖരങ്ങള്‍ കോതി-
               മിനുക്കി-
               മെരുക്കി- 
               യൊതുക്കി
               വളര്‍ത്താം
               ചട്ടിയില്‍.....
               മണല്‍, വെള്ളം, വളം
               എല്ലാം
               കുറച്ചു മാത്രം .
               പുഴയോര്‍മ്മകള്‍ 
               ബാക്കി നിര്‍ത്തിയ
               വെള്ളാരങ്കല്ലുകള്‍
               ചുറ്റും നിരത്തുക
               അഴകിനല്‍പ്പം.
               സ്വീകരണ മുറിയിലോ
               കിടപ്പറയിലോ
               അടുക്കളയിലോ
               മാറ്റി മാറ്റി വെക്കാന്‍
               നല്ലൊരലങ്കാരം. 
               പച്ചപ്പു  നിലനിര്‍ത്താന്‍
               ഇടക്കൊന്നു
               വെയില്‍  കൊള്ളിക്കണ- 
               മെന്നേയുള്ളൂ.
               ജനലരികില്‍ വെക്കരുത്
               ചില മഴകളില്‍
               ഇടറിയ കാറ്റൊച്ചയില്‍
               നിലാവിന്‍ നുറുങ്ങുകളേറ്റ്
               കൈകള്‍ നീണ്ടു പോയാലോ......
               അതുകൊണ്ട്
               അകത്തളങ്ങളിലൊതുക്കാം  
               ഈ
               ബോണ്‍സായ്  ജന്മത്തെ !






Tuesday 9 August 2011

നമ്മുടെ വീട്



ഉപ്പു നനവുള്ള തീരത്ത്  മണല്‍ കൊട്ടാ
രങ്ങളുണ്ടാക്കുന്ന  ലാഘവത്തോടെയാണ്‌  നിന്റെ കൈകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പുതുവീടുകള്‍ തീര്‍ക്കുന്നത് .വീട് നിര്‍മ്മാണത്തിനുള്ള ചെലവു ചുരുങ്ങിയതും  ഭംഗിയേറിയതുമായ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ചു തരുന്ന ആനുകാലികങ്ങള്‍  നമ്മുടെ കൊച്ചു വീടിനുള്ളില്‍  ഇടം പിടിച്ചു   തുടങ്ങിയിട്ട്  ഇതിനകം വര്‍ഷങ്ങളായിരിക്കുന്നു..നിങ്ങള്‍ക്കു വേണ്ട  'ആധുനിക ഭവനങ്ങള്‍ ഏതെന്നു കണ്ടെത്തു'  എന്ന്  നിരന്തരം പ്രലോഭിപ്പിച്ചു  കൊണ്ട്  ഓരോ വട്ടവും നമ്മുടെ  മുറ്റത്തേക്ക്   മാസികകള്‍  പറന്നു വീണു  കൊണ്ടിരുന്നു  ..  സിമെന്റിലും മണലിലും തടിയിലും  തീര്‍ത്ത  മനോഹരമായ  കവിതകള്‍ പോലെ  ഓരോ വീട്ടുചിത്രവും  നമ്മളെ  ആകര്‍ഷിച്ചു.. രാത്രി  മുഴുവന്‍ ഉറക്കമിളച്ചു നാം വീടുകള്‍ക്കായി  വെബ്‌ സൈറ്റുകളില്‍ പരതി നടന്നു... 
കൂടുതല്‍ ഭംഗിയേറിയ  കൂടുതല്‍ സൌകര്യങ്ങളുള്ള  ചെലവു കുറഞ്ഞ ഓരോ വീടുകളും  നമ്മളെ പ്രതീക്ഷയുടെ  ഉന്നതിയിലെത്തിച്ചു ...
പണം മാത്രമായിരുന്നു ഏക തടസ്സം .
ഒടുവില്‍ നീ അതി
നും വഴി കണ്ടെത്തി .
" നമുക്കീ  പഴയ വീടു വില്‍ക്കാം ..?അല്ലാതെ വേറെ
വഴിയില്ലല്ലോ ....?
നിസ്സഹായതക്കുമേല്‍  വാക്കുകള്‍ പ്രതീക്ഷയുടെ ആവരണമിട്ടു . ഓര്‍മ്മകളുടെ  പൂപ്പല്‍  പിടിച്ച ഓടുകളും കുട്ടികള്‍  ചിത്രം  വരച്ചു ശീലിച്ച് ഏറെ മുഷിഞ്ഞു പോയ ചുമരുകളും വിണ്ടു തുടങ്ങിയ തറയും  ഇതു കേട്ട് ചിരിക്കുന്നുണ്ടാകുമോ...? കല്ലും മണ്ണും സിമെന്റും ചേര്‍ത്ത് വച്ചാല്‍  വീടാകില്ല മക്കളെ എന്ന് നമ്മുടെയീ
പഴയവീട് സങ്കടത്തോടെ  പിറുപിറുക്കുന്നുണ്ടാകുമോ  ...? ആര്‍ക്കറിയാം....! അല്ലേ  ...?   


ശിശിരം

                                    
മനസ്സില്‍ നിന്നും
ഒരിലയടര്‍ന്നു  വീണു
വിഷാദത്തിന്റെ 
നേര്‍ത്ത  ഞരമ്പുകളും 
പ്രണയത്തിന്റെ
ഇളം മഞ്ഞ നിറവുമുള്ള
അവസാനത്തെയില....
          വര്‍ഷങ്ങളുടെ
          ഇലവീണലിഞ്ഞു  ചേര്‍ന്ന
          കറുത്ത മണ്ണിന്നിരുളിലേക്ക്
          കാറ്റില്‍.....പതുക്കെ ....
          നിര്‍വ്വികാരമായി ...
          അവസാനത്തെയില
          താഴേക്ക് ....
മരമിപ്പോള്‍
നഗ്നമായ ചില്ലകള്‍   
ആകാശത്തേക്കുയര്‍ത്തി 
ദേശാടനക്കിളികള്‍
പറന്നകലുന്ന  നോക്കി
മൌനമായി ...
മഞ്ഞിന്‍ തണുപ്പില്‍....
       
    

Thursday 4 August 2011

ഇരുട്ട്




ജനല്പ്പുറമിരുട്ടില്‍ ....
വിളറിയൊരു ചന്ദ്രന്‍ .
അനക്കമറ്റ നിഴലുകള്‍ .
വെളിച്ചം കുറഞ്ഞ മിന്നാമിന്നികള്‍ .
                 ജനലകമിരുട്ടില്‍
                 ഒറ്റയ്ക്ക്  ഞാനും .

 

കടല്‍

അന്തിയാവുന്നൂ , കടല്‍ ശാന്തമാകുന്നു .
തീരം  മൂകമാകുന്നു , കാറ്റ്  മന്ദമാകുന്നു


മാഞ്ഞു പോയ്‌  തീരത്തു നാം കളിയായ്‌
കോറിയിട്ട വാക്കുകള്‍ നമ്മെ പോലെ
കണ്ണീരിലലിഞ്ഞു  പോയ്‌
കടലില്‍ വക്കത്തു നാം നില്‍ക്കുന്ന തോഴ
നീയും ഞാനുമീ  തീരത്തെന്നോ
വന്നവര്‍ പിരിയാത്തോര്‍ 

അല്ലലിന്‍ പെരുങ്കടലലയായ്  മാറീടിലും
തെന്നലില്‍ ചിരിച്ചു നാം ദുഃഖങ്ങള്‍ മറക്കുന്നു
ഉദയാസ്തമയങ്ങള്‍  വന്നാലും മറഞ്ഞാലും 
കടലാണിരമ്പുന്നു    നമ്മുടെ  ഹൃദയത്തില്‍   


നടക്കാം  നമുക്കിന്നീ   തീരത്തില്‍ കാലം തീര്‍ത്ത
നോവുകളലയാ
യി
  നമ്മളെ നനയ്ക്കിലും! 

Tuesday 26 July 2011

കുട്ടികള്‍



കുട്ടികള്‍  ഇലഞ്ഞിപ്പൂക്കളാണ് . 
ചന്ദന  നിറത്തില്‍ 
ലളിതമായ  കുഞ്ഞിതളുകളോടെ 
സാന്നിധ്യംകൊണ്ടൊരിടമാകെ 
സുഗന്ധപൂരിതമാക്കുന്നവര്‍ .
എന്നാല്‍ 
ഇഷ്ടമുള്ളതുപോലെ 
വളച്ചു,പടര്‍ത്തിയവരെ നാം
ഉദ്യാനങ്ങളിലൊതുക്കുന്നു 
കാഴ്ചപ്പൊലിമയ്ക്കു  മാത്രമുള്ള 
വെറും  കടലാസ്  പൂക്കളാക്കുന്നു  !

കവിതാസ്വാദനം


'മലയാളം' വായിക്കുമ്പോള്‍
വാക്കിലും വരിയിലും മലയാളത്തിന്റെ മാധുര്യവും പൈതൃകവും നിറഞ്ഞു നില്‍ക്കുന്ന കവിതയാണ് സച്ചിദാനന്ദന്റെ 'മലയാളം' നവ്യമായൊരു വായനാനുഭവം സമ്മാനിക്കുന്ന ഈ കവിതയിലൂടെ സഞ്ചരിക്കുമ്പോള്‍ മാതാവും മാതൃഭാഷയും മാതൃഭൂമിയും ഒന്നു തന്നെയായി മാറുന്നത് ആസ്വാദകര്‍ക്ക് അനുഭവിച്ചറിയാനാകും. പരിഭാഷക്കു വഴങ്ങാത്ത ഈ കവിതയിലൂടെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അന്തര്‍ധാരകള്‍ ഒന്നു ചേര്‍ന്നൊഴുകുന്നത് നമുക്കു കാണാനാകും.പുരാണേതിഹാസങ്ങളിലൂടെയുള്ള ഭാഷയുടെ ക്രമാനുഗതമായ വളര്‍ച്ചയും നാട്ടിന്‍ പുറനന്മകളുടെ സമൃദ്ധിയും സാംസ്‌കാരിക പൈതൃകങ്ങളും ഇണങ്ങിചേര്‍ന്ന മനോഹരമായൊരു കവിതയാണിത് .
ഭാഷയും സാഹിത്യവും
ജനിക്കും മുന്‍പ് അമ്മയുടലിന്നുള്ളില്‍ വെച്ചേ കേട്ട് വളര്‍ന്ന മലയാളമാണ് പുഴകള്‍ക്കും കനികള്‍ക്കും മുമ്പേ കുഞ്ഞിനെ അമ്രുതൂട്ടിയത്.ഭാഷയും മനുഷ്യനും തമ്മിലുള്ള ബന്ധം 'പൊക്കിള്‍ക്കൊടി' എന്ന ഒരൊറ്റ പ്രയോഗത്തിലൂടെ തന്നെ വ്യക്തമാണ് . അജ്ഞാനാന്ധകാരത്തില്‍ നിന്ന് ജ്ഞാനം നല്‍കി ഗുരുവിനെപ്പോലെ വെളിച്ചത്തിന്റെ അപ്പൂപ്പന്‍ താടികള്‍ കൊണ്ട് കണ്ണ് തുറപ്പിക്കുന്ന; ഉണ്ണിയുടലിനെ മാമ്പൂ മണത്തില്‍ സ്നാനപ്പെടുത്തിയ മലയാളം .പൊന്നും വയമ്പും ചേര്‍ത്ത് നാവിന്‍ തുമ്പില്‍ നുണയുന്ന ആദ്യരുചിയിലൂടെ ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും നിറഞ്ഞ ഭാഷ കുഞ്ഞിലേക്കെത്തുന്നു 'ഓമനത്തിങ്കള്‍ക്കിടാവോ' എന്ന ഇരയിമ്മന്‍ തമ്പിയുടെ താരാട്ടുപാട്ടും ഉണ്ണായി വാര്യരുടെ കഥകളിപ്പദങ്ങളും അമ്മയുടെ മടിയിലുറങ്ങുന്ന കുട്ടിയുടെ സ്വപ്നങ്ങളിലേക്ക് മലയാളമായി പെയ്തു നിറയുന്നു.വിരല്‍തുമ്പുകള്‍ കൊണ്ട് വെണ്മണലില്‍ 'ഹരിശ്രീ ' യെന്ന് ആദ്യാക്ഷരം കുറിക്കുന്ന കുട്ടിയുടെ കാഴ്ച രാജമല്ലിപ്പൂക്കളെപ്പോലെ ചേതോഹരമാണ്. വ്യാകരണമായി വന്നു ഭയപ്പെടുത്തിയപ്പോഴും കവിതയായി വന്നു പ്രലോഭിപ്പിച്ചവളാണ് മലയാള ഭാഷ .

അച്ഛനോടൊപ്പം കിഴക്കുപുറത്തുദിച്ച സൂര്യന്‍ പൌരസ്ത്യമായ ഭാരതീയ ചിന്താധാരയില്‍നിന്നുള്ള അറിവുകളാണ് കുട്ടിക്ക് സമ്മാനിച്ചത്‌.സ്ലൈറ്റില്‍ വിടര്‍ന്ന വടിവുകള്‍ മഴവില്ലിന്റെ ശബളിമയുള്ള മലയാള അക്ഷരങ്ങള്‍ തന്നെയാണ് . വെണ്മണലില്‍ പിഞ്ചുവിരലുകള്‍ കൊണ്ടു തുടങ്ങി സ്ലൈറ്റിലൂടെ വളര്‍ന്ന് പുസ്തക താളുകളിലൊളിപ്പിച്ച മയില്‍പ്പീലിയായി നിറയുന്നു മലയാളത്തിന്റെ സൌന്ദര്യം.വെണ്മ പിരിഞ്ഞ്‌ ഏഴു നിറങ്ങളായുംഅവ പിന്നെ മയില്‍പ്പീലിയിലെ അനേകായിരം നിറങ്ങളായും മാറുന്നത്; ഭാഷയില്‍ അക്ഷരങ്ങളുടെ...വാക്കുകളുടെ ...വാക്യങ്ങളുടെ ..സൌന്ദര്യമായി വളരുന്നത്‌ നമുക്കനുഭവപ്പെടുന്നു.

തേന്‍ പോലെ മൃദുവും നാവിനെളുപ്പത്തില്‍ വഴങ്ങുന്നതുമായ സ്വരങ്ങളും ഇരുമ്പ് പോലെ കടുപ്പമേറിയ വ്യഞ്ജനങ്ങളും ചേര്‍ന്ന് അമ്പത്തൊന്നു കമ്പികളുള്ള വീണയിലൂടെ ഖരഹരപ്രിയയായി ഒഴുകി സംഗീതമുതിര്‍ക്കുന്ന മലയാളം. കര്‍ക്കിടക മാസത്തില്‍ ഞാറ്റുവേലയിലാരംബിച്ച്‌ ഞാറ്റുവേലയിലവസാനിക്കുന്ന അധ്യാത്മരാമായണം കിളിപ്പാട്ടില്‍ നിറയുന്ന മലയാളം .സംസ്കൃതത്തില്‍ നിന്നു മലയാളത്തിലേക്കുള്ള വിവര്‍ത്തനത്തെ സൂചിപ്പിക്കുന്ന 'കുലുങ്ങുന്ന തൂക്കു പാല' മെന്ന പ്രയോഗം രണ്ടു ഭാഷകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒന്നാണ് .

പുറത്തുനിന്നു നോക്കുമ്പോള്‍ ചെറുതെങ്കിലും കണക്കാക്കാന്‍ സങ്കീര്‍ണമായ അകവഴികള്‍ നിറഞ്ഞ പാമ്പിന്‍ മാളങ്ങളെപ്പോലെയാണ് മലയാളത്തിലെ കടംകഥകള്‍ .പൊടുന്നനെ ഇരുളില്‍ നിന്നു ചാടിവീഴുന്ന ചോദ്യങ്ങള്‍ ;പാമ്പിനെ പ്പോലെ പെട്ടെന്നിഴഞ്ഞു മറയുന്ന; ഒളിഞ്ഞിരിക്കുന്ന ഉത്തരങ്ങളോട് കൂടിയ കടംകഥകള്‍ നിറഞ്ഞ മലയാളം
മൈലാഞ്ചി വഴികള്‍ പോലെ നൂണു കടക്കേണ്ടയിടങ്ങളും മലയാളത്തിലുണ്ട് .നിറം പച്ചയെങ്കിലും ഇട്ടാല്‍ ചുവക്കുന്ന മൈലാഞ്ചി അറബിമലയാളത്തിലെഴുതപ്പെട്ട ,ഒപ്പനപ്പാട്ടിന്റെ താളം നിറഞ്ഞ ഒരു കാവ്യ സംസ്കാരത്തിന്റെ സൂചനയാവാം.നൂണു പോയില്ലെങ്കില്‍ പിടികിട്ടായ്മയുടെ മുള്ളുകള്‍ കൊള്ളാവുന്ന കാവ്യങ്ങളും സുലഭമാണല്ലോ..

സന്ധ്യാസമയത്തെ കേരളീയ ഭവനങ്ങളില്‍ നിറഞ്ഞിരുന്ന രാമായണ പാരായണമായി കനകപ്രഭ ചൊരിഞ്ഞ..അര മണിയും ചിലമ്പും കിലുക്കി കുഞ്ചന്‍ തുള്ളി പറഞ്ഞ കല്യാണ സൌഗന്ധികമായി സൌരഭ്യം പരത്തിയ...മലയാളം .ഉത്സവപ്പിറ്റെന്നത്തെ പുലരികളില്‍ പൂത്തുനിന്ന ഉണ്ണായി വാര്യരുടെ സാമ്യമകന്ന നളോദ്യാനത്തില്‍ വിടരുന്ന മലയാളം..ക്ഷീരസാഗരശയനന്റെ നാഭീപത്മത്തില്‍ നിന്നുടലെടുത്ത സംഗീതം സ്വാതി തിരുന്നാളിന്റെ നാവിലൂടെ മലയാളപ്പെരുമ പരത്തി ..ആലിന്‍ ചുവട്ടില്‍ നിറയുന്ന മേളമായി ചെറുശ്ശേരി മുതല്‍ക്കിങ്ങോട്ട് എണ്ണമറ്റ കൃഷ്ണ കവിതകളിലൂടെ പ്രവാഹമായി വളരുന്ന മലയാളം.
മിഷനറിമാരുടെ പരിഭാഷകളിലൂടെ കൈരളിക്കു സ്വന്തമായി മാറിയ ബൈബിള്‍ കഥകള്‍.സോളമന്റെ സങ്കീര്‍ത്തനങ്ങളിലൂടെ പരിചിതമായ; ഹംസത്തെപ്പോലെ ശുഭ്രമായ ലില്ലിപ്പൂക്കളും;മോശയുടെ പ്രവചനങ്ങളും;പ്രതിബന്ധങ്ങളെ തരണം ചെയ്തു ആത്യന്തികമായ വിജയത്തിലേക്കെത്തുന്ന ദാവീദിന്റെ നന്മകളും ;പഴയ നിയമത്തിലെ വാഗ്ദത്തഭൂമി തേടിയുള്ള അലച്ചിലും ;ക്രിസ്തുവിന്റെ കുരിശാരോഹണവും ഉയിര്‍ത്തെഴുന്നേല്‍ക്കലും മലയാളമായി ഭാഷയിലേക്കു സംക്രമിക്കുന്നത് കവിതയില്‍ വായിച്ചെടുക്കാം .
കവിതയിലെ പ്രകൃതി
കേരളത്തിന്റെ പ്രകൃതിസൗന്ദര്യം നിറഞ്ഞൊഴുകുന്ന ബിംബങ്ങളും പ്രയോഗങ്ങളും കൊണ്ട് സമ്പന്നമാണ് ' മലയാളം '. ഭൂമി പുഴകളും കനികളും കൊണ്ട് സമൃദ്ധമായി അമൃതൂട്ടി വളര്‍ത്തിയതാണ് കേരളത്തിന്റെ പ്രകൃതി .അപ്പൂപ്പന്‍ താടികള്‍ പാറുന്ന , മാമ്പൂമണം പരക്കുന്ന, നാട്ടിന്‍പുറങ്ങളിലും കുന്നിന്‍ ചെരിവുകളിലുമാണ് കേരളീയ ബാല്യങ്ങളുടെ നിഷ്കളങ്കത പിച്ച വെക്കുന്നത് . അതോടൊപ്പംതന്നെ ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും നിറഞ്ഞയിടങ്ങളും നമുക്കു കാണാനാകും .

'ഇലഞ്ഞിപ്പൂക്കള്‍ പോലെ പൊഴിയുന്ന ചെറുമഴയുടെ സൌരഭ്യത്തെ' കുറിച്ചും 'ഇലവര്‍ങ്ഗത്തിന്റെ മണമുള്ള ഇടവപ്പാതി 'യെ കുറിച്ചും 'പൂതേടി , ഉണങ്ങാത്ത കൈതോല മണം താവും പൂവട്ടി കഴുത്തിലിട്ടും ' നടന്ന ബാല്യങ്ങളെകുറിച്ചും എഴുതിയിട്ടുള്ള കവി ' മലയാള 'ത്തില്‍ ഞാറ്റുവേലയില്‍ നിന്ന് ഞാറ്റുവേലയിലേക്ക് പോകുന്ന കര്‍ക്കിടക മാസത്തിന്റെ സൌന്ദര്യം ഒരൊറ്റ വരിയിലേക്കാവാഹിക്കുന്നു . “ചുണ്ടുകളിലെ മധുരച്ചവര്‍പ്പുറ്റ ഇലഞ്ഞിപ്പഴം ” എന്ന പ്രയോഗത്തിലുടെ എന്തും ആസ്വദ്യമാകുന്ന രുചികളായി മാറ്റുന്ന ബാല്യകാലം നമുക്ക് കണ്ടെത്താനാകും .
ഇടയ്ക്ക് കാരപ്പഴം
കൊറിച്ചോ പാണല്‍പ്പഴം
കടിച്ചോ വിശപ്പാറ്റി
ക്കൈത്തോടില്‍ വിയര്‍പ്പാറ്റി ”നടക്കുന്ന ബാല്യം ' വിലങ്ങനില്‍' എന്ന കവിതയിലും കാണാം .

ഇലഞ്ഞിപ്പഴം , ഞാവല്‍പ്പഴം , പാണല്‍പ്പഴം , കാരപ്പഴം , പൂച്ചപ്പഴം എന്നിങ്ങനെയുള്ള നാട്ടിന്‍പുറപ്പഴങ്ങള്‍ ബാല്യത്തിനു മാത്രം സ്വന്തമായ രുചികളാണ് .മധുരത്തോടൊപ്പം ചവര്‍പ്പും നിറഞ്ഞ ഇത്തരം രുചികള്‍ ജീവിതമെന്നാല്‍ മാധുര്യം മാത്രമല്ല ചവര്‍പ്പ് നിറഞ്ഞ അനുഭവങ്ങള്‍കൂടി നിറഞ്ഞതാണെന്ന് തിരിച്ചറിയാനും അതുവഴി ബന്ധങ്ങളിലെ കെട്ടുറപ്പ് നിലനിര്‍ത്താനും പഴയ തലമുറയെ പര്യാപ്തമാക്കിയിരുന്നു . എന്നാല്‍ മധുരമേറിയ പുതുരുചികള്‍ മാത്രം ശീലമായ ആധുനിക തലമുറ ജീവിതമെന്നാല്‍ മധുരം നിറഞ്ഞത്‌ മാത്രമാകണമെന്നു തെറ്റിദ്ധരിക്കുന്നു .പുതിയ തലമുറയിലെ ബന്ധശൈഥില്ല്യങ്ങള്‍ ബാല്യത്തിലേ ശീലിക്കുന്ന ഇത്തരം രുചികളുടെ പിന്തുടര്‍ച്ചകളുമാകാം.

പാമ്പിന്‍ മാളങ്ങള്‍ നിറഞ്ഞ ; മുള്ളുകൊള്ളാതെ നൂണ് പോകേണ്ട മൈലാഞ്ചികള്‍ നിറഞ്ഞ ; ഗ്രാമങ്ങളിലെ ഇടവഴികളും ആലിഞ്ചുവട്ടിലെ എണ്ണമറ്റ മേളങ്ങളും നിറനിലാവും സാന്ധ്യശോഭയുമെല്ലാം കവിതയിലെ പ്രകൃതി സാന്നിധ്യമായി കണ്ടെത്താനാകും

സാംസ്കാരികമായ നന്മകള്‍

തലമുറകളായി ആര്‍ജിച്ച ആചാരാനുഷ്ടാനങ്ങളും വിശ്വാസങ്ങളും സമ്പന്നമാക്കിയ കേരളീയ പൈതൃകം നിറയുന്ന കവിതയാണ് ' മലയാളം '. ഉലുവയുടെയും വെളുത്തുള്ളിയുടെയും തീക്ഷ്ണഗന്ധം നിറഞ്ഞ ഈറ്റുമുറിപ്പാരംബര്യത്തിലൂടെ ; വേദനയുടെ ധന്യമൂര്ച്ചയിലൂടെ പിറവിയെടുത്ത തലമുറയെ ബുദ്ധിശക്തിയും ആരോഗ്യവുമുള്ളവരുമാക്കാന്‍ 'ഖനികളുടെ ആഴവും ' 'വനങ്ങളുടെ സാന്ദ്രതയും ' നിറഞ്ഞ പൊന്നും വയമ്പും നാവില്‍ തൊട്ടു കൊടുത്താണ് ആദ്യരുചി ശീലിപ്പിക്കുന്നത് . പാശ്ചാത്യ സൂര്യന്‍ വന്നു കീഴ്പെടുത്തുന്നതിനു മുന്പേ നാം കാത്തു പോന്ന പൌരസ്ത്യമായ അറിവുകള്‍ ഒരു നാടിന്റെ തന്നെ നന്മകളാണ് .
വെണ്മലില്‍ വിരല്‍തുംബാല്‍ ' ഹരിശ്രീ ' കുറിച്ച്‌ കൊണ്ട് തുടങ്ങുന്ന എഴുത്തിനിരുത്തല്‍ ; ഭാഷയെ സ്പര്‍ശിചറിയാന്‍ മലയാളിയെ പര്യാപ്തനാക്കിയിരുന്നു . പുസ്തകത്താളുകളിലൊളിപ്പിച്ചു മാനം കാണാതെ സൂക്ഷിച്ചാല്‍ മയില്‍‌പ്പീലി പെറ്റു പെരുകുമെന്നുള്ള കുരുന്നു വിശ്വാസങ്ങള്‍ മലയാളിക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് . വഴിയരികില്‍ കേട്ടു വളര്‍ന്ന ; വൈരാഗിയായ ഹരനെപ്പോലും പ്രിയങ്കരമാക്കുന്ന സംഗീത പഠനങ്ങള്‍; ഖരഹരപ്രിയ രാഗത്തില്‍ നിന്നും പിറവിയെടുത്ത മധുരമായ ചലച്ചിത്ര ഗാനങ്ങള്‍ ; ഇവയെല്ലാം സാംസ്കാരികമായ തുടര്‍ച്ചകളാണ്.

തലമുറകളുടെ അനുഭവങ്ങളിലൂടെ പാരമ്പര്യമായി കൈമാറി വന്ന നാട്ടറിവുകളുടെ സമൃദ്ധമായ നിലാവ് 'അറിവും ആടലോടകവും മണക്കുന്ന പഴമൊഴികള്‍ ' എന്ന പ്രയോഗത്തില്‍ തെളിഞ്ഞു കാണാം . കടും കൈപ്പു നിറഞ്ഞതാണെങ്കിലും രോഗശമനത്തിനു അത്യുത്തമമാണെന്നുള്ള അറിവ് ആടലോടകം പകരുന്നു .

കലയും സംസ്കാരവും ഒന്നായിത്തീരുന്ന ഇന്ദ്രജാലം ; ' വാടാത്ത കല്യാണസൌഗന്ധിക 'മായും 'സാമ്യമകന്ന ഉദ്യാനമായും ' 'സംഗീത സരോരുഹ 'മായും മലയാളിയറിഞ്ഞു . കുഞ്ചന്റെ തുള്ളലും ഉണ്ണായി വാര്യരുടെ കഥകളിപ്പദങ്ങളും സ്വാതിതിരുന്നാളിന്റെ സംഗീത ഗരിമയും ഒന്ന് ചേര്‍ന്ന് ആലിന്‍ ചുവട്ടിലെ മേളത്തിരകള്‍ക്കൊപ്പം കവിതയെ ആസ്വദ്യമാക്കുന്നു .

മലയാളത്തെകുറിച്ച് മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച കവിതയാണ് 'മലയാള 'മെന്നു പറഞ്ഞാല്‍ ഒട്ടും തന്നെ അതിശയോക്തിയല്ലാതാവുന്നതും അതുകൊണ്ട് തന്നെ .