Wednesday 30 November 2011

പന്തയം



സുഹൃത്തേ , 
നിനക്കെന്റെ നമോവാകം.
ഞാന്‍ 
തോറ്റവള്‍.
അടിയറവു വെക്കപ്പെട്ട 
അഹങ്കാരത്തോടെ 
നിനക്കുമുമ്പില്‍ 
തലക്കുനിപ്പവള്‍.
          നീ 
          വിജയി.
          പ്രതിബന്ധങ്ങളെ
          ഉള്ളുറപ്പാലും 
          വേഗങ്ങളുടെ കാലത്തെ
          മന്ദഗതിയാലും 
          വെന്നവന്‍.
          കഠിനന്‍.
ഞാനോ 
മേനിയഴകിന്റെ
അതി മാര്‍ദ്ദവത്താല്‍
വൈഡൂര്യ കണ്ണുകളാല്‍
ശരക്കുതിപ്പുകളാല്‍ 
ലോകത്തെയളന്നവള്‍.
           നിന്റെ ഉഭയജീവിതത്തെ
           കാപട്യമെന്നും 
           ദാര്‍ശനികമായ 
           ഉള്‍വലിയലുകളെ 
           ഭീരുത്വമെന്നും
           മൊഴിഞ്ഞവള്‍.
           മറികടക്കില്ലെന്നുറച്ചു
           പരിഹസിച്ചുറങ്ങിയോള്‍.
           സ്വപ്നം മുറിഞ്ഞുണരെ
           പിടഞ്ഞോടിയെത്തുകിലും
           മുമ്പെയെത്തിയ
           നിന്നെ കാണ്‍കെ
           തലക്കുനിപ്പവള്‍.         
           വെറുമൊരു മുയല്‍ !           
 

Thursday 24 November 2011

പുഴയോര്‍മ്മകള്‍ - ഭാഗം 1

വിദൂരങ്ങളില്‍ വെച്ചു പരിചിതമാകുന്ന പുതു സൗഹൃദങ്ങളില്‍ നിന്നുള്ള 'വീടെവിടെയാണ് ?' എന്ന ചോദ്യത്തിന്  ഭര്‍ത്തൃമതിയായ ഒരുവള്‍ക്ക്‌  സ്ഥിരമായി രണ്ടുത്തരം. 
"എന്റെ വീട് -----------------"
"കല്യാണം കഴിച്ചിരിക്കുന്നത് /താമസിക്കുന്നത് ---------------"എന്ന്....
എന്റെ വീട് /എന്റെ നാട്  എന്ന ഒറ്റയുത്തരത്തിനു കഴുത്തില്‍ കുരുക്ക്‌ വീഴും വരെ മാത്രം നീളം .
പേരിനു വാലുമുളച്ചാലും അവളുടെ നാടിനു വാല് മുളക്കുന്നില്ല.
നാടെന്നും സ്വന്തം നാട് തന്നെ.
വീടെന്നും  ജനിച്ചു വളര്‍ന്നയിടം തന്നെ.
അതുകൊണ്ട്,
വാലുമുളച്ച പേരുമായി സ്വന്തമെങ്കിലും  'എന്റെവീടെ'ന്നു നെഞ്ചില്‍ കൈവെച്ചു പറയാന്‍ സാധിക്കാത്ത വീട്ടിലിരുന്നു ഞാന്‍ 'എന്റെവീടു'ള്ള 'എന്റെനാടി'നെ കുറിച്ചെഴുതട്ടെ. 


     തൃശൂര്‍ ജില്ലയുടെ തെക്ക് പടിഞ്ഞാറേ മൂലയില്‍ കടലിരമ്പം കാതോര്‍ക്കുന്നൊരു ഗ്രാമം.
ഉപ്പുകാറ്റ് വീശുന്നിടം.
പുഴയും കടലും ഒന്നുചേരുന്നിട(അഴിമുഖം)മാകയാല്‍ അഴീക്കോടെന്നു  വിളിപ്പേര്. 
വളരെ പണ്ടിവിടം ,
            പ്രാചീനഭാരതത്തിന്റെ പ്രവേശന കവാടമായിരുന്ന മുസിരിസ്സിലേക്ക് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) കടല്‍വഴി തുറന്നയിടം .
        വാല്മീകി രാമായണത്തില്‍ മുരചീപത്തനമെന്നും ചേരസാമ്രാജ്യകാലത്ത് മഹോദയപുരമെന്നും വിളിക്കപ്പെട്ട പെരുമയുള്ളോരു നാടിന്റെ മൂല...
        ഈജിപ്ത്കാരുടെയും  ഗ്രീക്ക്കാരുടെയും റോമാക്കാരുടെയും ചരക്കു കപ്പലുകള്‍ കടല്‍ കടന്നെത്തിയയിടം...
        ക്രിസ്തുമതത്തിനും യഹൂദമതത്തിനും ഇസ്ലാംമതത്തിനും ആതിഥ്യവും  അഭയവും അരുളിയയിടം... 
        ചക്രവാളത്തോളം നീണ്ടു കിടക്കുന്ന കടലിലെ മീനുകള്‍  അന്നം തന്നു പോറ്റി വളര്‍ത്തുന്ന ജീവിതങ്ങള്‍ നിറഞ്ഞയിടം ...
വിലക്കുകളിലൊതുക്കപ്പെട്ട ഒരു പെണ്‍കുട്ടിക്കാലത്തിന്റെ എല്ലാ
പരാധീനതകളോടെയും ഞാന്‍ എന്റെ പുഴയെ തൊടട്ടെ!
ചീനവലയിലെ കാറ്റ് 
എന്റെ ബാല്യത്തില്‍ പുഴനിറയെ മീനുകളുണ്ടായിരുന്നു...
കരയിലെല്ലാം ചീനവലകളും.
പെരിയാറിന്റെ  ഇരുകരകളിലുമായി അഴിമുഖത്തോളം നീളുന്ന ചീനവല കള്‍ക്കപ്പുറം സൂര്യനസ്തമിക്കുന്ന കാഴ്ചയേക്കാള്‍ ചേതോഹരമായി ഈ  ഭൂമിയില്‍ മറ്റൊരു കാഴ്ച്ചയുമില്ലെന്നുള്ള  വിശ്വാസത്തിന് ഇന്നോളം ഇളക്കം തട്ടിയിട്ടില്ല .
'കടവിലെസ്കൂളെ'ന്നു  വിളിപ്പേരുള്ള ഐ. എം. യു. പി. സ്കൂളിലേക്ക് എണ്‍പതുകളിലെ  എന്റെ ബാല്യം നടന്നു പോയത് ആ പുഴയോരത്തുകൂടെ യായിരുന്നു...
 മഴനനഞ്ഞ എന്റെസ്കൂള്‍  
കടല്‍പ്പന്നികളെന്നു വിളിച്ചിരുന്ന വലിയ ഡോള്‍ഫിനുകള്‍ അഴിമുഖത്തു കൂടെ കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി കരണംമറിഞ്ഞു മുതുകുകാട്ടി  നീന്തി പ്പോകുന്നത് നോക്കി.. വഞ്ചിക്കാര്‍ പുഴയില്‍മുങ്ങി കക്കവാരുന്നതും മണലെടുക്കുന്നതും നോക്കി.. കടല്‍ക്കാക്കള്‍,മീനുമായി വരുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും പിന്നാലെ.. ചീനവലയില്‍.. വലിയ ഓളങ്ങളില്‍.. ഇരമ്പിപ്പറക്കുന്നതും.. നീന്തുന്നതും നോക്കി.. പുഴക്കാറ്റും കടല്‍ക്കാറ്റുമേറ്റ്..     ഞങ്ങള്‍ നടന്നു പോയി ..
                     
ചീനവലകള്‍ അന്നുമിന്നും ഒരു വിസ്മയം തന്നെയായി മനസ്സിലുയര്‍ന്നു താഴുന്നു.
വടങ്ങളില്‍ കെട്ടിയിട്ട വലിയ പാറക്കല്ലുകളുയര്‍ത്തുമ്പോള്‍ നീണ്ട മരത്തടികള്‍ക്കപ്പുറമുള്ള  ചീനവല വെള്ളത്തില്‍ താഴുന്നു.
ക്ഷമയോടെയുള്ള നീണ്ടകാത്തിരിപ്പിന് ശേഷം പാറക്കല്ലുകള്‍ താഴ്ത്തുമ്പോള്‍ ഉയര്‍ന്നു വരുന്ന വലിയ വലയും.. അതിന്റെ ഒരറ്റത്തുള്ള കയറില്‍ പിടിച്ചു വലിച്ചാല്‍ ചുരുങ്ങിന്നിടവും.. അതിലെ പിടക്കുന്ന വെണ്‍മീനുകളും.. കണംപ്,പ്രായില്‍,തിരുത,മാലാന്‍ എന്നിങ്ങനെ തുടുതുടുപ്പുള്ളവര്‍..
മീന്‍ കോരുവാന്‍ നീണ്ട വലത്തണ്ടിലൂടെ കോരുവല(ബോള്‍സ)യുമായി നീങ്ങുന്ന സാഹസികനായ മീന്‍കാരന്‍  കൌതുകത്തേക്കാള്‍  ബാല മനസ്സുകളില്‍ വിരിയിച്ചത് അസൂയ കലര്‍ന്ന ആരാധനയായിരുന്നു..  
നാലുമണിത്തിരിച്ചുവരവുകളില്‍ കാവല്‍ക്കാരനില്ലാത്ത ചീനവലത്തണ്ടുകളിലൂടെ ഇരു കൈകളും  വിടര്‍ത്തി ശരീരം സന്തുലിതമാക്കിക്കൊണ്ട് ഞങ്ങളും ആ സാഹസികനെപ്പോലെ നടന്നുപോയി. സങ്കല്‍പ്പത്തിലെ മീനുകളെ കൈനിറയെ കോരിയെടുത്ത് പിടക്കുന്ന നെഞ്ചിലിട്ടു തിരിച്ചുപോന്നു ....
(അതുകൊണ്ടായിരിക്കാം കപ്പല്‍മുനമ്പില്‍....കടല്‍ക്കാറ്റില്‍ ...കൈകള്‍ വിടര്‍ത്തി നിന്ന 'ടൈറ്റാനിക് 'ലെ കമിതാക്കള്‍ പില്‍ക്കാലത്ത് ഞങ്ങളെ തെല്ലും അസൂയപ്പെടുത്താതിരുന്നത് )
വന്‍മത്സ്യങ്ങളെയന്വേഷിച്ച്‌ വലിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്കുള്ള പ്രവാഹമാരംഭിച്ചപ്പോള്‍ ഉയര്‍ന്നു താഴുന്ന ചീനവലകള്‍ ഓളപ്പരപ്പില്‍ നിന്ന് മെല്ലെ പിന്‍വാങ്ങിത്തുടങ്ങി...
വന്‍വലക്കുള്ളിലെ മീന്‍ചാട്ടങ്ങള്‍ വല്ലപ്പോഴും മാത്രമുള്ള കാഴ്ചയായി മാറി. ഇന്നെന്റെ നാടിനു പെണ്ണുങ്ങള്‍ തൂവല്‍ പോലെ ചകിരികുടഞ്ഞു  കയറു  പിരിക്കുന്ന റാട്ടിന്റെ താളമില്ല ..
തോട്ടിന്‍വക്കത്ത് പണ്ടേപോലെ കൈതപ്പൂക്കള്‍ വിരിയാറില്ല... അഴിമുഖത്തേക്ക് പിന്‍വാങ്ങിയ വിരലിലെണ്ണാ വുന്ന ചീനവലകള്‍ ഓളങ്ങളില്‍ ഊര്‍ധ്വന്‍ വലിക്കുന്നു.
കടല്‍ക്കാക്കകളുടെ വെണ്‍ചിറകുകള്‍ക്ക്  തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു...
ദ്രവിച്ച മരത്തടികളും കീറിപ്പറിഞ്ഞ വലകളുമായി ചില ചീനവലപ്രേതങ്ങള്‍! 
 പെരിയാറിലെ വെള്ളമിപ്പോള്‍ ബോട്ടുകള്‍ വിസര്‍ജ്ജിച്ച എണ്ണപ്പാടനിറഞ്ഞൊരു കാളിന്ദി... 
കാറ്റിനു ഡീസല്‍ ഗന്ധം   ...
ഇതെന്റെ പുഴ.... ഇതെന്റെ നാട് ...
                              (തുടരും) 
 
 





 

Wednesday 23 November 2011

ആത്മഗതം

 
നിറം കറുപ്പാണ്   
ഏഴകെന്നു ചിലര്‍ 
ചപ്പുചവറുകള്‍ക്കിടയിലാണ് പണി
എങ്കിലും മഹാ വൃത്തിക്കാരി.
കൊക്കാവില്ലെന്നറിയാമെങ്കിലും  
ദിനേന കുളിക്കുന്നവള്‍.
മധുമൊഴിയല്ലെങ്കിലും പാട്ടുപാടാറുണ്ട് . 
മടിച്ചിയായൊരു പാട്ടുകാരിയുടെ  
കുഞ്ഞുങ്ങളെ പോറ്റുന്നുമുണ്ട്.
ഇന്നലെ മുതല്‍ ഒരല്‍പം മുടന്ത് ...
പാപം ചെയ്യാത്തവരാരോ
കല്ലെടുത്തെറിഞ്ഞതാണ് .
'തന്‍കുഞ്ഞു  പൊന്‍ കുഞ്ഞെ'ന്ന് പാടി 
ഒരപ്പം മോഷ്ടിച്ചുവത്രെ!
എങ്കിലെന്ത് ?
നിങ്ങളുടെ രാത്രിയുച്ഛിഷ്ടങ്ങള്‍
ഞാനല്ലേ വൃത്തിയാക്കുന്നത്?
നിങ്ങളുടെ പ്രഭാതങ്ങളെ  
ഞാനല്ലേ പാടിയുണര്‍ത്തുന്നത് ..?
നിങ്ങള്‍ക്ക്  കുഞ്ഞുങ്ങളെയൂട്ടാന്‍ 
ചാഞ്ഞും ചരിഞ്ഞും പിന്നെ 
കരഞ്ഞും നടക്കുന്നത് ഞാനല്ലേ ?
എന്നിട്ടും 
വിരുന്നു വിളിക്കാനൊരു
കദളിവാഴകൈയ്യിലിരുന്നതിനോ
പകരമീ കല്ലേറ്..?


 



Saturday 19 November 2011

മൃഗം


കൈകാലുകള്‍ കൂട്ടിക്കെട്ടി
ദൈവനാമത്തില്‍
കുരലറുത്തു മുറിച്ച്‌
തൊലി പൊളിച്ച്‌
വെട്ടി നുറുക്കി
കഷ്ണങ്ങളായി
രുചിക്കൂട്ടുകളില്‍
വെന്തുമലര്‍ന്നു
ബിരിയാണിയായെന്റെ
വയറ്റില്‍ കിടക്കുന്നത് ;
ഇന്നലെയോളം
പച്ചപ്പുല്ലും കാടിവെള്ളവുമായ്
ചെല്ലുന്നേരം.....
എഴുന്നേറ്റു നിന്ന് തലകുലുക്കുകയും
തവിടു മണക്കുന്ന
പരുപരുത്ത നാവാല്‍ നക്കി
നന്ദി പ്രകടിപ്പിക്കുകയും ചെയ്ത
'കറുമ്പനെ'ന്നു  വിളിക്കപ്പെട്ട
ശാന്തനായൊരു
ബലിമൃഗം !
പാവം...... അല്ലേ ?

Thursday 17 November 2011

ഉള്‍ക്കടല്‍

സൌമ്യമായതിശാന്തമായ്...                          
വെണ്‍ നുരയായ്  പതഞ്ഞലിഞ്ഞും              
തടശിലയില്‍ വീണു പൊട്ടിച്ചിതറി
മണലെഴുത്തുകള്‍ ഝടിതിയില്‍  മായ്ച്ചും
പകലുമായവേ ചെന്തീയടക്കി ,വൃഥാ -
കരമുയര്‍ത്തി ചന്ദ്രോദയത്തില്‍       
അലയലയായ്  തീരത്തൊതുങ്ങി                       
വന്നുപോമീയനന്തനീലിമയോ ;
തെല്ലുമനങ്ങാതെയടക്കിയുള്ളിലായ്
കൊണ്ടുനടന്നീടുവതോ ....കടല്‍? 
 

Thursday 3 November 2011

പ്രണയത്തെയെന്തിനു ഭയക്കണം നാം ...?

സ്ത്രീ  മനസ്സിന്റെ  ആഴങ്ങളില്‍  മനുഷ്യാനുഭവങ്ങള്‍ കണ്ടെത്തിയ മാധവിക്കുട്ടിയുടെ  മനോഹരമായൊരു കഥയാണ്‌  'കടലിന്റെ  വക്കത്തൊരു വീട് '.മദ്യപനായ അറുമുഖനും  ഭാര്യയും തെരുവ് ഗായകനായ യുവാവും മാത്രമാണ് ഈ  കഥയിലെ കഥാപാത്രങ്ങള്‍. ജോലി നഷ്ടപ്പെട്ട്  വീടും വീട്ടു സാമഗ്രികളും പൈസയുമില്ലാതെ എസ്സോപാര്‍ക്കിന്റെയരികില്‍  കടല്‍കാറ്റേറ്റു ജീവിക്കുന്നു റുമുഖനും ഭാര്യയും.മദ്യപന്റെ ഭാര്യയായി തന്റെ ദുര്‍വിധിയെ പഴിച്ചു ജീവിക്കുന്ന റുമുഖത്തിന്റെ  ഭാര്യക്ക്  ജീവിതത്തെകുറിച്ച്  പ്രത്യാശ നല്‍കുന്നത് യുവാവുമായുള്ള സംസാരം മാത്രമാണ്. ഏക സമ്പാദ്യമായ രോമപ്പുതപ്പ് തന്റെ ഓര്‍മയ്ക്ക് വേണ്ടി യുവാവിനു ദാനം ചെയ്തതിനെ ചോദ്യം ചെയ്യുന്ന റുമുഖത്തിനു പുഞ്ചിരിയോട്‌ കൂടി അവള്‍ കൊടുക്കുന്ന ന്യായീകരണം അയാള്‍ എന്നോടു സംഗീതത്തെ പറ്റി സംസാരിച്ചു എന്നതാണ്.
സ്ത്രീയുടെ  അസ്വസ്ഥമായ മനസ്സാണ് ഈ കഥയുടെ പ്രമേയം. ചുഴികളും  അഗാധഗര്‍ത്തങ്ങളും  ഉള്ളിലൊളിപ്പിച്ച  വിക്ഷുബ്ധമായൊരു   കടലാണ്  ഇതിലെ നായികയുടെ ഉള്ളിലുള്ളത് .സംഗീതം ആസ്വദിച്ചിരുന്ന, ബാല്യം  മുതലേ അനുഭവിച്ചിരുന്ന, രാവിലെ പാട്ടുകേട്ട് കൊണ്ട് ഉണര്‍ന്നിരുന്ന ആ സ്ത്രീയുടെ ജീവിതം  മദ്യപനായ ഭര്‍ത്താവിന്റെ ജോലിയിലുള്ള വീഴ്ച മൂലം  താറുമാറായി തീരുന്നു.കിടക്കാനിടവും വീട്ടു സാമഗ്രികളുമില്ലാതെ ഹോട്ടലുടമകള്‍ സൌജന്യമായി നല്‍കുന്ന പഴകിയ ഭക്ഷണ സാധനങ്ങള്‍ കഴിച്ചു കൊണ്ട് കടല്‍ത്തീരത്ത്  കിടന്നുറങ്ങേണ്ടി വരുന്നു.കടലിന്റെ വക്കത്തൊരു വീട് എന്നാണ് കഥയുടെ പേരെങ്കിലും ഇവിടെ അവര്‍ക്ക് താമസിക്കാന്‍ വീട് എന്നൊന്നില്ല. വീണ്ടും വീണ്ടും തിരിച്ചെത്തുവാന്‍  പ്രേരിപ്പിക്കുന്നിടത്തെയാണ്  നാം വീടെന്നു പറയുന്നതെങ്കിലും
റുമുഖത്തിന്റെ ഭാര്യയ്ക്ക്  വീട് ഒരു  സ്വപ്നം മാത്രമാണ്.അശാന്തിയും മോഹഭംഗങ്ങളും  നിറഞ്ഞ  അവളുടെ മനസ്സിനകത്തും  പുറത്തുമിരംബുന്നത്  ഒരേകടല്‍ തന്നെയാണ് .തന്റെ വാക്കുകള്‍ കേള്‍ക്കുവാനോ  അഭിരുചികള്‍ മനസ്സിലാക്കുവാനോ ശ്രമിക്കാത്ത ;സ്വാര്‍ത്ഥതയും അധികാരഭാവവും  ധാര്‍ഷ്ട്യവും മാത്രം കൈമുതലായ അന്തര്‍മുഖനായ  ഭര്‍ത്താവിനേക്കാള്‍ അവളെ  മനസ്സിലാക്കുന്നതും അംഗീകരിക്കുന്നതും തെരുവുഗായകനായ യുവാവ് മാത്രമാണ് .കറുത്തചേല ധരിച്ച അവളെ ഗൃഹലക്ഷ്മിയായി കാണുന്നതും ആയയുടെ ജോലി ചെയ്തു ജീവിക്കാന്‍ പ്രതീക്ഷയും പ്രോത്സാഹനവും കൊടുക്കുന്നതും അയാളാണ് .
ദുഖത്തിലും,   ദാരിദ്ര്യത്തിലും ശുഭ പ്രതീക്ഷ കൈ വെടിയാതെ ജീവിക്കാന്‍ അവളെ പ്രേരിപ്പിച്ച യുവാവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. "കടലിന്റെ വക്കത്തു പാര്‍ക്കുവാനും ഭാഗ്യം വേണം .രാത്രിയില്‍ കടലിന്റെ പാട്ടും കേട്ട്  നക്ഷത്രങ്ങളെയും നോക്കി കൊണ്ട് മലര്‍ന്നു കിടക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കില്ലേ .."വെറും മൂന്നു കഥാപാത്രങ്ങളിലൂടെ ലളിതമായ അവതരണത്തിലൂടെ ധ്വന്യാത്മകമായി  സ്ത്രീ മനസ്സിന്റെ നിഗൂഡ     ഭാവങ്ങള്‍ അനാവരണം ചെയ്യുകയാണ് മാധവിക്കുട്ടി  ഈ കഥയിലൂടെ ചെയ്യുന്നത് .
           ... പക്ഷെ; നമ്മുടെ കുട്ടികള്‍ മനസ്സിലാക്കേണ്ടത് 
റുമുഖത്തിന്റെ ഭാര്യയുടെ ഉദാരമായ ദാന ശീലത്തെകുറിച്ചും യുവാവിനു ജീവിതത്തോടുള്ള  പ്രസാദാത്മക  സമീപനത്തെ കുറിച്ചും മാത്രമാകണം എന്നാണു  മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങള്‍. കപടസദാചാരത്തിന്റെ വക്താക്കളായ ആധുനിക  മലയാളിയുടെ സ്വരമാണ്  നമ്മുടെ D R G ട്രൈ നിങ്ങുകളിലും ക്ലെസ്റ്റര്‍ യോഗങ്ങളിലും മുഴങ്ങി കേട്ടത്.റുമുഖത്തിന്റെ ഭാര്യ തന്റെ ചെറിയ   ഭാണ്‌ഡത്തില്‍ നിന്നും ഭര്‍ത്താവിന്റെ സമ്മതം ആരായാതെ കൊടുത്ത  അറ്റം പിഞ്ഞിയതെങ്കിലും  കട്ടിയുള്ള ആ പുതപ്പ് താറുമാറായ ജീവിതത്തിലും  ദൃഡമായിരിക്കുന്ന  അവളുടെയുള്ളിലെ പ്രണയമാണെന്ന് കുട്ടികളോട് പറയുകയോ അവര്‍ പറഞ്ഞാല്‍ തന്നെ  അംഗീകരിച്ചു കൊടുക്കയോ ചെയ്യരുതത്രെ ! പകരം അവരുടെ ചിന്തകളെ ദാനശീലമെന്ന സല്‍പ്രവര്‍ത്തിയിലൂടെ വഴി തിരിച്ചു വിടണമത്രെ!. അങ്ങിനെയാണെങ്കില്‍ വേറെന്തെല്ലാം പുരാണ കഥകള്‍ പകരമായി കുട്ടികള്‍ക്ക് നല്‍കാമായിരുന്നു..? ബാല്യത്തിന്റെ  ജിജ്ഞാസകളെ തൃപ്തി പ്പെടുത്തുന്ന സാരോപദേശ കഥകള്‍ വേണ്ടുവോളമുണ്ടല്ലോ നമ്മുടെ പൌരാണിക  
 ഭാണ്‌ഡങ്ങളില്‍ !കൌമാര പ്രായക്കാരായ കുട്ടികള്‍ പ്രണയമെന്ന വാക്ക് കേട്ടാല്‍ വഴി തെറ്റി പോകുമെന്ന്  ഭയക്കുന്ന നാമെങ്ങിനെ ഒമ്പതാം ക്ലാസ്സില്‍ ശാകുന്തളവും ഗാന്ധര്‍വ വിവാഹവും പഠിപ്പിക്കും..?
മാംസനിബദ്ധമല്ലാത്ത രാഗത്തെ കുറിച്ച് പാടിയ കുമാരനാശാനെ നമുക്കു വാനോളമുയര്‍ത്താം .നളിനിയെയും ലീലയെയും വാസവദത്തയെയുമൊക്കെ വനിതാരത്നങ്ങളായി അവരോധിക്കാം .
പക്ഷെ ; സ്ത്രീ  കഥാപാത്രം മാധവിക്കുട്ടിയുടെതാണെങ്കില്‍  പ്രശ്നമായി .ദുര്‍ഗ്രഹതയില്ലാത്ത ഏതു കഥയും 'എന്റെ കഥ ' മുതലേ ബന്ധിപ്പിച്ചു  നമ്മള്‍ അര്‍തഥാന്തരങ്ങള്‍ തിരയുന്നു.കാമവും പ്രണയവും പരസ്പര പൂരകമായി വര്‍ത്തിക്കുന്ന കഥകളിലൂടെ , കവിതകളിലൂടെ  നമ്മള്‍ 'കടലിന്റെ വക്കത്തെ  വീടി'നെ സമീപിക്കുന്നു.എന്നിട്ടൊടുവില്‍ പറയുന്നു 'നമ്മടെ കുട്ടികള്‍ ഈ കഥയിലൂടെ ഉദാരമായ ദാനശീലത്തെകുറിച്ച് പഠിക്കട്ടെ. അവര്‍ ശിഥിലമാകുന്ന കുടുംബബന്ധങ്ങളെ കുറിച്ചോ മാംസനിബദ്ധമല്ലാത്ത രാഗത്തെ കുറിച്ചോ പഠിക്കേണ്ടതില്ല '
"എന്റെ ഓര്‍മ്മയ്ക്ക്‌ ഇത് കൈയ്യിലിരിക്കട്ടെ എന്നുള്ള യുവാവിനോടുള്ള അവസാന (?) വാചകവും തന്നെ ചോദ്യം ചെയ്ത ഭര്‍ത്താവിനോടുള്ള ' പുഞ്ചിരിയോടുകൂടിയുള്ള  ' മറുപടിയും അവഗണിച്ചു  നമുക്ക് 
റുമുഖത്തെ  പോലെ യാകാം.. 'രണ്ടാന്തരം ഭക്ഷണശാല യാചകര്‍ക്ക്   സൌജന്യമായി   വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണസാ ധനങ്ങള്‍  സമ്പാദിച്ച്  'അയാള്‍ ഭാര്യക്ക് കൊണ്ട്  പോയി കൊടുക്കുന്ന പോലെ ശാക്തീകരണ പ്രഹസനങ്ങ ളില്‍  നിന്ന്  പ്രബുദ്ധരായി നമുക്ക്  ക്ലാസ്സ്‌ മുറികളിലേക്ക് മടങ്ങാം.
 

Wednesday 2 November 2011

തീര്‍ച്ച


പാടവരമ്പത്തൂടെ
അവനെ
നിര്‍ത്താതെയോടിച്ച  
മുഷിഞ്ഞൊരു
സൈക്കിള്‍ ടയര്‍ ;
ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച്
കറങ്ങി വീണൊരു
പമ്പരം ;
ഉണങ്ങി പോയൊരു
ഓലപ്പന്ത്‌ ..
വക്കു പൊട്ടിയ
സ്ലേറ്റ് 
'അമ്മാ'  യെന്നൊരു
ആര്‍
പ്പോടെയുള്ള
വരവ് ...
ഇത്ര മാത്രമേ
ബാക്കി വെച്ചുള്ളൂവെങ്കിലും
തൈമാവോ
അങ്കണമോ
ഇല്ലാതെ
വഴിയോരത്തുറങ്ങുവോളെ
ഇലയനക്കങ്ങളിലൂടെ
അവന്റെ  
സാന്നിധ്യം
കാറ്റും
കൊന്നിട്ടാലും
നിര്‍ത്താതെ പോകുന്ന
തിരക്കേറിയ  വണ്ടികളും
നിരന്തരം
ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു

സമര്‍പ്പണം : പാതയോരത്ത് നിത്യവും കണ്ടിരുന്ന നിസ്സംഗയും നിസ്സഹായയുമായ പേരറിയാത്തൊരുവള്‍ക്ക്