Thursday 13 December 2012

പിന്നെയാര് ?

ഉണ്ട് ....
ഇതിനുമപ്പുറത്താണ് ...
ജാലകങ്ങളടച്ചു തഴുതിട്ട
ഈയിരുള്‍മുറിക്കുമപ്പുറത്തുനിന്നുമെങ്ങൊ...

മെല്ലെ....
കാറ്റിലലച്ചെത്തുന്നുണ്ട് ....
കരിങ്കല്‍ച്ചുമരുകളതിരിട്ടൊരീ...
വീടിന്നുമപ്പുറത്തു നിന്നാണ് ...

വയലോരം ...
പൂത്തുവിടരുന്നുണ്ടാകെ-
ത്തണുതണുപ്പോളവിടര്‍ത്തി....
മുള്‍ക്കാട്ടില്‍ പൂനിലാവേറ്റുലയുന്നുണ്ട് ...

കാറ്റ് ...
പൂമണമേന്തി...
കന്മതില്‍ച്ചുമരിരുള്‍ താണ്ടി...
മുറിക്കകം കവിള്‍തൊട്ടു വിളിച്ചുണര്‍ത്തെ .....

ഇവള്‍...

പിടഞ്ഞുണര്‍ന്ന് ...

ജനല്‍ തുറന്നകലേക്കു മിഴിയോര്‍ക്കവെ ...

ഇല്ല... നിലാവോലും കൈതപ്പൂ;വിരുളല്ലാതെ.....

Monday 19 November 2012

'എഴുതപ്പെടാത്തവള്‍ക്ക് '

വസന്തം
ഉപവനങ്ങളിലാകെ
വര്‍ണ്ണച്ചിറകുകള്‍ വീശി
പറന്നു നടന്നപ്പോള്‍ 
പിച്ചവെച്ചവളെ
കൈ പിടിച്ചു നടത്തിയത്
നിന്റെ വിരലുകളായിരുന്നു.....

ഒറ്റവരികൌതുകങ്ങള്‍
തീരത്തു  കോറിയിട്ടപ്പോള്‍
വെണ്‍നുരകളാല്‍ തിരുത്തിയെഴുതിയത്
നിന്റെയലകളായിരുന്നു ….

നികുന്ജത്തിന്റെ നിഗൂഢതയില്‍
പച്ചില മണങ്ങള്‍ക്കിടയില്‍
മാനം കാണാപ്പീലികളേകി
ഗന്ധര്‍വ്വനായതും  നീയായിരുന്നു …

വര്‍ഷം വാരി ചൊരിഞ്ഞ
ഇലഞ്ഞിപ്പൂമഴ നനഞ്ഞ്
നമ്മളൊരു പുഴയായൊഴുകി
തീരങ്ങളെപ്പുല്‍കി....

വേനല്‍ ക്രൗര്യം
പച്ചപ്പ്‌ മായ്ച്
വെന്തുരുകിയപ്പോള്‍
നിന്നോടൊത്ത്
മേഘങ്ങളിലലഞ്ഞവള്‍ ഞാന്‍ ….

ഇരുളിലേക്ക് തുറന്നിട്ട
ജാലകങ്ങളിലൂടെ വന്ന്
എന്റെ കണ്ണുകളിലെ
നഷ്ടങ്ങള്‍ മായ്ച്ചതും
കുന്നിന്‍ചെരുവിലെ ഒറ്റനക്ഷത്രമായി
തുണയായി തെളിഞ്ഞതും നീ ….

ഇന്നീ മഞ്ഞുകാറ്റില്‍
ഇല പൊഴിഞ്ഞ മരങ്ങള്‍ക്കിടയില്‍
ഉണങ്ങിയ ശിഖരങ്ങളോടെ
വരണ്ട ശൂന്യതയിലേക്ക് നോക്കി
അതിതീവ്രമായ നഷ്ടബോധത്തോടെ
വിഹ്വലതയോടെ ..ചോദിക്കട്ടെ
"കവിതേ..നീയെവിടെ ?"

Tuesday 14 August 2012

ക്യൂരിയോസിറ്റി

പുലര്‍വേള ...
ചാരു കസേരയിലലസം  നീ
കടുപ്പമേറും കട്ടനും
പത്രവും നുണഞ്ഞിരിക്കവേ
വിടരുമത്ഭുതമുച്ചത്തില്‍
'ചൊവ്വയിലുമെത്തി യന്ത്രങ്ങള്‍ !'

 ചാരേ കുറുകി നില്‍ക്കും ബാല്യ -
മേറും കുതുകാല്‍ സംശയത്താല്‍
ചോദ്യങ്ങളായലയടിക്കെ പത്ര -
താളില്‍ മുഴുകി നീ സത്വരം .
കേള്‍ക്കാമെനിക്കുത്തരങ്ങളെ-
ന്നടുക്കളത്തിരക്കിലുമിടയ്കിടെ ...

"ഇനിയാ യന്ത്രക്കൈകള്‍
പൊടിക്കും മണ്ണു ,പാറകള്‍  
 നിലയ്ക്കാതോടും   സമയത്തെ
പകുത്തു രാപ്പകലളന്നിടും
വരണ്ട മണ്ണിന്നാഴത്തില്‍
വൃഥാ തേടുമൊരു നിസ്വനം
ശതകോടിവര്‍ഷങ്ങള്‍ നീ -
രറ്റാണ്  കിടപ്പെങ്കിലും ..
മകളേ, യിതു നമ്മള്‍ തന്‍ ജയം
വെല്ലാമേതു ഗ്രഹത്തെയും"

 ചെവിയോര്‍ക്കെ , ചിരിയെന്നുള്ളിന്‍
കലത്തില്‍ തിളച്ചു തൂവുന്നു .
യുഗങ്ങളെത്ര  നീ തിരഞ്ഞാലും
അധരമുദ്രകള്‍ പകുത്താലും
അറിയുമോ സഖേ നിന്‍ ചാരേ
കരവലയത്തിലാണെങ്കിലും
വിദൂരവ്യോമങ്ങളകം  പേറും
ചൊവ്വാ സഖിതന്നുള്‍ത്തടം ?

Monday 23 July 2012

ഒററസ്നാപ്പിൽ (ഒതുങ്ങില്ലയൊന്നും....)



സഖീ, നീ വന്നെന്റെയരികില്‍ നില്‍ക്കൂ
ഇടം കയ്യാല്‍ ഞാന്‍ നിന്റെയുടല്‍ ചേര്‍ത്തു നിര്‍ത്തിടാം
എന്റെയീ നെഞ്ചോടു ചേര്‍ത്തനിന്നിടം കയ്യെ,
വലംകയ്യാല്‍ മൂടാം ഞാന്‍ പ്രണയപൂര്‍വ്വം
വലത്തോട്ടു ശിരസ്സല്‍പ്പംചെരിയ്ക്ക നീ ,മെല്ലെ-
ചിരിച്ചൊന്നു കടാക്ഷിക്ക ക്യാമറക്കണ്‍കളില്‍
പുറകിലെ ശുഷ്ക്കിച്ച മരങ്ങളെ മറക്കുക
വരണ്ടൊരീ കാറ്റും വേനല്‍ത്തീച്ചൂടും പൊറുക്കുക
നീറയ്ക്കാമീയിടങ്ങളെ പച്ചപ്പിന്‍ സമൃദ്ധിയാല്‍
പൂക്കളെ വിരിയിക്കാന്‍ ട്രിക്കുകള്‍ നിരവധി
ഒരേയൊരു നിമിഷത്തില്‍ പിറന്നൊരീ ഛായയാല്‍
മറയ്ക്കാം നാം മുള്ളുകള്‍ കോര്‍ത്തൊരീ ഹൃദയങ്ങള്‍
ഒരു ക്ളിക്കാല്‍പൊലിപ്പിക്കാം 'മനോജ്ഞമീ ദാമ്പത്യം '
ചുമരിന്മേല്‍ തൂക്കിടാം അതിഥികള്‍ പുകഴ്തട്ടെ.
ഇനിനമുക്കീ ഫ്രൈമില്‍ നിന്നുടനിറങ്ങിടാം
നടന്നിടാം പതിവുപോലിരുവഴിക്കൊരുപോലെ …...

Monday 30 April 2012

അര്‍ദ്ധനാരീശ്വരന്‍



പാതിയുടല്‍ പകുത്തെടുത്ത് 
പാര്‍വ്വതിയുറങ്ങെ
പരമേശ്വരനുണര്‍ന്നു.
തിരുജടയിലൊരുവള്‍
നിലാവിന്റെ നിഴലില്‍ 
അഴലിന്റെയിരുളില്‍
പുഴയെങ്കിലുമൊഴുകാതെ
അലയൊലിമുഴക്കാതെ
ഒളിഞ്ഞിരിപ്പതോര്‍ക്കെ  
ഉറങ്ങുവാന്‍ കഴിയാതെ 
ഹിമശൈത്യമാര്‍ന്നു  
വൈരാഗിയായി.

Wednesday 18 April 2012

മുളന്തണ്ട്


 തുളുമ്പാതെ തെല്ലും തുളുമ്പാതെ
മണ്‍കുടം ചുമന്നലയുന്നിവള്‍...
മണല്‍ക്കാറ്റു  വീശുമ്പൊളിടറും കഴല്‍നീട്ടി
യകലേക്കിരുള്‍ക്കൂട്ടിനറയിലേക്ക്...
             പലരും പറഞ്ഞ'തില്‍ വിഷമാണു
, നീ
             ചെന്നു തൊടുകിലോ കൈ പൊള്ളി
             യകലും മനം നൊന്തു പിടയും
             ഘനനീല വര്‍ണ്ണം  പരത്തി കൊടും ക്രൂര
             നവിടെയാഴത്തില്‍ കിടപ്പൂ ..'
             'പ്രണയമൊരു കാളിന്ദിയരുതു  നീ ചെല്ലുവാന്‍

             മണ്‍കുടം ദൂരെക്കളഞ്ഞു  പോകൂ..'
             ചേലാഞ്ച
ലം  കോര്‍ത്തു പിന്നോട്ടുലച്ചിടും
             മുള്ളുകള്‍ വാക്കിന്‍ കറുത്ത നോട്ടം.   
             പിന്തിരിഞ്ഞെങ്ങനെ പോകുവാനൊരു മുളം
             തണ്ടെന്റെ  വഴിയില്‍ പ്രിയം നിറയ്ക്കെ...?
             ഒരു മാത്ര,യൊരുനോട്ട,മൊരുവാക്കു ചൊല്ലി നീ
             യിവിടെ മരുപ്പച്ച
തീര്‍ത്തിരിക്കെ...?

തുളുമ്പാതെ തെല്ലും  തുളുമ്പാതെ
മനമിതും ചുമന്നലയുന്നിവള്‍...
ഇതിനുള്ളിലവര്‍ പറയുമഴലിന്റെ നിഴലല്ല
ഹരിതനീലം നിറയുമെന്റെ യമുന!




Wednesday 28 March 2012

അടിച്ചു വാരുമ്പോള്‍ ..

വെളുപ്പാന്‍  കാലം .
കുറ്റിച്ചൂലുകൊണ്ട്
മുറ്റത്ത്‌
എണ്ണമറ്റ മഴവില്‍ചിത്രങ്ങള്‍ 
തീര്‍ത്തു കൊണ്ടൊരുവള്‍
എന്തൊക്കെയാണ് 
മായ്ച്ചു കളയുന്നത് ?
വൃക്ഷങ്ങളുടെ 
നഷ്ടസ്വപ്നയിലകള്‍ ...
ധാര്‍ഷ്ട്യം നിറഞ്ഞ 
അമര്‍ത്തിയ ചെരിപ്പടയാളങ്ങള്‍ ...
ഓടിക്കളിച്ചു തളര്‍ന്ന 
പിഞ്ചുകാലടികള്‍...
ചുട്ടുവെച്ചുടഞ്ഞുപോയ
മണ്ണപ്പങ്ങള്‍...
ചിരി ,കണ്ണുനീര്‍ ,നിസ്സംഗത   
മണ്ണിലൊതുങ്ങാത്ത     
മായ്ച്ചാലും മായാത്ത 
തനിയാവര്‍ത്തനങ്ങള്‍ ...

Wednesday 14 March 2012

മുണ്ട്

പ്രിയതമാ നിന -
ക്കെത്രയോ ചേര്‍ച്ച,യീ
ഖദര്‍ മുണ്ടുതന്നെ ! 
               ആഢ്യത്വം  വഴിയുമീ  
               ഖദര്‍ മുണ്ടിന്‍ വെളുപ്പി-
               ലൊന്നൊളിപ്പിക്കാം ഹിംസയും 
               ഗാന്ധി ശിഷ്യ നാട്യവും 
               നിനക്കു  സ്വന്തം.
'പാന്റ്സാണു  സുഖപ്രദം'
സായിപ്പിന്‍ മൊഴി 
വിശ്വസിക്കേണ്ട നീ .
           മടക്കിക്കുത്തി 'യാരെടാ'-
           യെന്നാണത്തം  ഭാവിക്കാന്‍;
           തണുപ്പിലൊന്നഴിച്ചാകെ 
           പുതച്ചൊന്നുറങ്ങുവാന്‍ 
           പോരുമീ മുണ്ടൊന്നു മാത്രം.
അലക്കിയുണക്കി
വെണ്മ പുതുക്കി
തേച്ചുലയാതെ 
നിനക്കു നീട്ടുമീ മുണ്ടു
നീ തന്നെയെനിക്കും!
                  അതുകൊണ്ടല്ലേ....,
വായടച്ചു
കലിയൊതുക്കി -
യലക്കു കല്ലില്‍
ദേഷ്യം തീര്‍ത്ത്
കഴുത്താണെന്നുറപ്പിച്ചു
പിഴിഞ്ഞാകെ കുടഞ്ഞിട്ടും
ചൂടില്‍ വെണ്മ നീറ്റിയിട്ടും
വെയിലത്തു  പൊള്ളിച്ചിട്ടും
പോരാതെ പിന്നെയും 
തേപ്പുപെട്ടി ചൂടാക്കി 
പൊള്ളിച്ചു നിവര്‍ത്തുന്നു 
ചുളിവുകള്‍ പിന്നെയും.



           



Sunday 12 February 2012

സംസ്കാരം


പുതുവസ്ത്രമണിഞ്ഞ്  വാച്ച് ,കണ്ണട,ഷൂ  ഇത്യാദി വസ്തുക്കളോടെ പെട്ടിയിലാക്കിയ  പ്രിയതമനെ  കല്ലറയിലേക്കെടുക്കുന്നേരം പെട്ടെന്നവള്‍ പറഞ്ഞു: “നിര്‍ത്തൂ...ഒരുനിമിഷം...”
അതിശീഘ്രം വീട്ടില്‍ പോയെത്തിയ അവള്‍ അവന്റെ തണുത്തുമരവിച്ച  കൈകള്‍ക്കുള്ളില്‍ നിന്ന്  കുരിശെടുത്തുമാറ്റി നെഞ്ചില്‍ ലാപ്ടോപ് വെച്ചുകൊടുത്തു....
ഫേസ് ബുക്കില്‍ പുതുതായി  അപ്‌ലോഡ്‌  ചെയ്ത  ; ശവപ്പെട്ടിയില്‍  നീണ്ടു  നിവര്‍ന്നു കിടക്കുന്ന അവന്റെ പുതുരൂപത്തോടെ.....  
അനന്തരം വലം  കയ്യില്‍ സ്മാര്‍ട്ട്  ഫോണും  ഇടം കയ്യില്‍  ഐപോഡും  ചെവികളില്‍  ഇയര്‍ഫോണും വെച്ചുകൊടുത്ത്‌ ...നെറ്റിയില്‍ അന്ത്യ  ചുംബനവും നല്‍കി പതിവ്രതയായ അവളവനെ  മന:സമാധാനത്തോടെ യാത്രയാക്കി   ....

Wednesday 8 February 2012

ഇലമുളച്ചി

വാടി ഞെട്ടറ്റുവീണിടുംമുമ്പീമനം 
കീറിനുറുക്കിയഞ്ചാറു കഷ്ണമായ്  
പാഴിരുട്ടില്‍ വലിച്ചെറിഞ്ഞെങ്കിലും  
വീണതൊക്കെനിന്‍ഹൃത്തിന്‍തടത്തിലും
ആര്‍ദ്രമൌനത്തണുപ്പിലുമാകയാല്‍   
നോക്കുകെത്രയോ പാഴ്ക്കിനാക്കളീ 
നേര്‍ത്തനോവില്‍ കുരുന്നില നീട്ടുന്നു    
ഉള്ളിലാകെപ്പടര്‍ന്നിടും വേരിനാല്‍   ...

Friday 3 February 2012

ഓറഞ്ചു സൂര്യന്‍

മകരമാസ തീരം .
സായാഹ്നം  തണുപ്പോടെ  വന്നു
പൊതിയുമ്പോള്‍,
എനിയ്ക്കു  മുന്‍പില്‍
അസ്തമിക്കാനൊരുങ്ങുന്ന
ഓറഞ്ചു  സൂര്യന്‍ .
കാറ്റിന്റെ അധരങ്ങള്‍
മുദ്രിതമാക്കപ്പെട്ടിരിക്കുന്നു .
മഴ  വിഹ്വലതയോടെ
എവിടെയോ പോയി 
മറഞ്ഞിരിക്കുന്നു.
അനന്തതയിലേക്ക് നീളുന്ന
അസ്വസ്ഥമായ കടല്‍ .
പട്ടം പറത്തി  മതി വന്ന കുട്ടികള്‍
മണല്ക്കൊട്ടാരങ്ങള്‍ക്ക്  മുകളിലൂടെ ...
മൂകസാക്ഷികളായ ചൂള മരങ്ങള്‍  ....
നീയെവിടെയാണ്  ..?
കുന്നിന്‍ മുകളിലോ ...
പാടവരമ്പത്തോ ....
ഏതു ഹരിത നീലിമയിലാണ്
നിന്റെ സൂര്യനസ്തമിക്കുന്നത് ?
ആകാശം കാരുണ്യത്തോടെ
നമ്മെ നോക്കുന്നു .
ഇരുള്‍
എല്ലാം ഉള്ളിലൊതുക്കുന്നു ...
'ജീവിതത്തിന്റെ പകുതിയും
ഇരുട്ടിലാണ്  നാം  '
നിന്റെ വാക്കുകള്‍ 
അകലങ്ങളില്‍ നിന്നെന്നെ
തേടി വരുന്നു .....
ചേക്കേറാനിടമില്ലാതെ 
ഉള്ളിലൊരു നിലവിളി
ചിറകൊതുക്കി
ശബ്ദമില്ലാതടങ്ങുന്നു ...

Tuesday 24 January 2012

മാര്‍ജ്ജാരം

  
പ്രണയമൊരു പൂച്ചയാണ് .
നനുത്ത കാലടികളോടെ വന്ന്
തൊട്ടുരുമ്മി നിന്ന്
എന്നെയൊന്നോമനിക്കൂ 
എന്ന്  കെഞ്ചുന്നവന്‍.
മടിയിലിരുത്തി 
തലോടാനാവുന്ന   
മിനുത്ത പതുപതുപ്പ്...
കീഴ്ത്താടി  ചൊറിയാനും
നെറ്റിയില്‍ തലോടാനും 
കണ്ണടച്ച് കിടക്കും 
കുറുമ്പന്‍...
കിനാവിന്നിരുളില്‍  
തിളങ്ങുന്ന പച്ചക്കണ്ണുകളോടെ 
വന്നു പ്രലോഭിപ്പിക്കുമവന്‍...
ചിലപ്പോള്‍,
തുറന്നിട്ട  ജാലകങ്ങളിലൂടെ 
പതുങ്ങി വന്ന്
പുതപ്പിനുള്ളില്‍ നൂണുകയറി
ചൂടുപറ്റി കിടന്നുറങ്ങിക്കളയും ...
            സൂക്ഷിക്കുക !
            പ്രണയമൊരു മാര്‍ജ്ജാരനാണ് .
            നീണ്ട മീശക്കു താഴെ
            കുഞ്ഞരിപ്പല്ലുകള്‍ക്കരികെ 
            കൂര്‍ത്ത കോമ്പല്ലുളുണ്ട്... 
            പൂമൊട്ടുപോലുള്ള
            വിരലുകള്‍ക്കിടയില്‍
            എപ്പോള്‍ വേണമെങ്കിലും
            പുറത്തെടുക്കാനാവുന്ന  
            മൂര്‍ച്ചയുള്ള നഖങ്ങളുണ്ടതിന്...
            ഓര്‍ക്കുക!
            പൂച്ചയൊരു മാംസഭുക്കാണ്.
                         
 

Tuesday 10 January 2012

മഞ്ഞ്

പെയ്തുവോ രാമഴ..? കനവില്‍ ഞാനറിയാതെ  ?
പെയ്തിരിക്കാം പിന്നെ തോര്‍ന്നിരിക്കാം...
ഇലകളില്‍, പുല്ക്കളില്‍ തെളിയുന്നൊരലിവുകള്‍ 
മഴവിരല്‍ത്തുമ്പില്‍ തുടുപ്പുമാകാം... 
വിരിയുമീ പൂക്കള്‍ തന്‍ നിറുകയില്‍ ചുംബിച്ച 
പ്രണയവും മഴയുടെയായിരിക്കാം...
പറയൊല്ല നീ,'യിതു  മഴയല്ല മഴയല്ല
പൊഴിയുന്ന പാഴ്മഞ്ഞു  തുള്ളിയെന്ന് ..!'