Friday, 15 November 2013

മീനുകൾ

വലയിലാണു നാം;കരുതിയിരിക്കുക
ചെറുതനക്കവുമീവലയുയർത്തിടും
തിരയിളക്കവും വെണ്‍നുര ചിതറലും
പാർത്തു കണ്‍കൾ കരയ്ക്കിരിക്കുന്നിതാ

ഹരിതമാകെപ്പടർന്നൊരീ തീരത്തു
കൊടിയ സ്വർത്ഥരായ് വന്നണഞ്ഞീടുവോർ  
പുഴ,യൊഴുക്കു,മീ തെന്നലും കാണുമോ?
ഉയിർ പിടയ്ക്കുന്ന നോവറിഞ്ഞീടുമോ?

ഇവിടെ നാം രണ്ടു മീനുകൾ പുഴയിലെ
ചെറുതു ജീവിതഭാരം തുഴയുവോർ
കുനുചിറകിനാൽ വീശിയൊഴുക്കിന്റെ -
യെതിരിലാഴം തിരഞ്ഞു പോകുന്നവർ


മണിയൊളിപ്പിച്ച ചിപ്പിതന്നുള്ളിലെ
പെരിയ നോവിന്റെ നീറ്റലറിയുവോർ
കൊടിയ വേനലും വർഷവും കാറ്റിന്റെ-
യലയിളക്കവും തൊട്ടറിഞ്ഞീടുവോർ


വിധി വിരിച്ചിട്ട വലയിലെ കണ്ണികൾ
മുകളിൽ മേലാപ്പു തീർത്തതറിഞ്ഞുവോ
ഇനിയുയർത്തിടാംനമ്മളെ കരയിലേ-
ക്കെറിയുവാനിനി വൈകില്ല നേരമായ്


കരയുവാനില്ല കണ്ണുനീർ;നീരിൽ നീ-
ന്നുയരുവാനിനി തെല്ലില്ല താമസം
പിടയുമുള്ളാലെ കണ്ണുകൾ പൂട്ടി നാം
ഇരു ചിറകിനാൽ തമ്മിൽ പുണർന്നിടാം.


Sunday, 10 November 2013

ഒളിഞ്ഞിരിപ്പവൾ

ഉറക്കമാണവൾ...
ഉള്ളിൽ....
കടൽക്കിടക്കയിൽ...
കയ്യി -
ലടച്ച പുസ്തകം
നെഞ്ചിൽ പുണർന്നു
കണ്‍പൂട്ടി .
നിറങ്ങളേഴും ചേർ -
ന്നലിഞ്ഞൊരുൾപ്പൂവിൽ
മാനമൊളിഞ്ഞു നോക്കാതെ
വിടർന്ന പീലികൾ
അടുക്കളയ്ക്കക -
മെരിഞ്ഞു തീരുമ്പോൾ...
അലക്കു കല്ലിന്മേൽ
വെളുത്തു പിഞ്ഞുമ്പോൾ ...
തിടുക്കമാർന്നെങ്ങും
പിടഞ്ഞു പായുമ്പോൾ ..        
ഇടയ്ക്കു ഞാനെന്നിൽ
തിരഞ്ഞു ചെല്ലുന്നു .
ഉറക്കമാണവളുള്ളിൽ
കനൽക്കിടക്കയിൽ ...
ഉണർത്തിടായ്ക നീ
മൃദുസ്വനങ്ങളാൽ ....


 

Tuesday, 5 November 2013

പിണക്കം

      

തിരിഞ്ഞാണു കിടപ്പേ-
റെ ചെരിഞ്ഞാണുറക്കം
തമ്മിൽ കലരാതെ
കലഹിച്ചു പിടയുമുള്ളാൽ...
     തുലാവർഷം ജനൽപ്പാളി
     യുലയ്കിലുമിടിവെട്ടിൽ
     ദിഗന്തങ്ങൾ നടുക്കത്താൽ
     വിറയ്ക്കിലും തിരിഞ്ഞില്ല ഞാ-
     'നൊന്നു വിളിച്ചൂടേ'..'യവൾ -
     ക്കെന്നെ പുണർന്നൂടേ...'
     യുള്ളിലെ പരിഭവം ...
കോലായിലയക്കോലി-
ലുണങ്ങാതെ കിടപ്പുണ്ടാം
പരസ്പരം തൊടായ്കിലു
മുടൽ മൂടി മറയ്ക്കുന്ന പലവർണ്ണ
തുണിത്തരം നമ്മെപ്പോൽ...
      ഇരുട്ടിൽ  നീയുറങ്ങാതെ.. നനയുമീ
      കവിൾത്തടമറിയാതെ....
      തണുപ്പിൽ നാമലിയാതെ.. യാമങ്ങൾ
      കഴിഞ്ഞു രാവെരിയവേ ... 
ഇരുട്ടിലീ..തണുപ്പിലീ..
മഴയിലീ..കാറ്റിൽ...
പുലരി വന്നുണർത്തെ
കിടപ്പു ഞാനെവിടെ..!
        തണുക്കാതെ പുണർന്നൊരീ
        കരങ്ങളിൽ മുഖം ചേർത്തു
        പുലരുവാൻ മടിച്ചു ഞാൻ....!
        നെഞ്ചിലെയിളം ചൂടിൽ
        കവിൾ  ചേർത്തു
        പിരിയുവാൻ മടിച്ച ഞാൻ...!
കോലായിൽ കിടപ്പുണ്ടാമിതുപോലെ
തുലാക്കാറ്റിൽ ; പരസ്പരം
തൊടാതെ ഞാൻ വിരിച്ചിട്ട
തണുപ്പോലുമുടുപ്പുകൾ
പിണങ്ങിയുമിണങ്ങിയും
വിധി തീർത്ത ചരടിന്മേൽ
ഓമനേ ,നമ്മെപ്പോലെ -
യിതുപോലെയിതുപോലെ

Tuesday, 3 September 2013

വെറുമൊരു കുയിൽപ്പാട്ടിനപ്പുറം

പുലർകാലേ...
ജനൽവിടവിലൂടെ
അവ്യക്തമധുരമായെന്നെ
വിളിച്ചതെന്തിനായിരുന്നു ...?
       പിടഞ്ഞുണർന്നു നോക്കുമ്പോൾ
        കണ്ടതില്ല...
        കിഴക്കൻ മാനത്ത്
        കണ്ണിറുക്കി കാട്ടുന്ന ഒറ്റ നക്ഷത്രവും
        ഇലനിഴലനക്കങ്ങളുമല്ലാതെ...
മുറ്റമടിക്കുന്നേരം വീണ്ടുമതാ
തേന്മാവിൻ തളിർമൃദുലതയ്കപ്പുറം
 ഇലഞ്ഞിയുടെ  കടുംപച്ചയ്കുള്ളിൽ
 നിന്റെ ചിറകനക്കം ...
 മറുവിളി കാതോർത്തുള്ള
 പിടച്ചിലുകൾ ...
        അടുക്കളയ്കകമേ
        രുചിക്കൂടു മെനഞ്ഞിരിപ്പവൾക്കു
        പറന്നു വരാനാകുന്നില്ല
        മറുവാക്കുമൊഴിയാതെ
        ഉൾച്ചിറകൊതുക്കിയിരിപ്പതെങ്കിലും
അറിയുന്നുണ്ട് ...
നേർത്ത ചിറകൊച്ച ...
പിടയ്ക്കും മിഴിമുന ...
        ഒടുവിൽ
        എന്റെയുള്ളിലെ
         പഞ്ചമം കേൾക്കാതെ ...
         വാസന്തമറിയാതെ
         അകന്നകന്നു പോകുന്ന
         നിന്റെ പരിഭവങ്ങൾ ...
എന്നിട്ടുമെന്റെയാണ്‍കിളീ
 പിൻവിളി വിളിയ്കാൻ പോലും
 ഇവൾക്കാകുന്നീലല്ലോ....

Friday, 12 July 2013

തട്ടം

ചെറുപ്പത്തിലിത്
തീരെ  അനുസരണകെട്ടതായിരുന്നു.
കാറ്റിനെക്കാൾ  കുസൃതി
ഓരോ നിമിഷവും
ദാ...  ഞാൻ നിന്റെ തലയിൽ നിന്ന്
പറന്നു പോകുമെന്ന് പേടിപ്പിച്ച്‌ .....

                  അന്ന്
                  എന്തെല്ലാമാണ്
                  ഞാനതിലൊളിപ്പിച്ചുവെച്ചത്...?
                  അഴിമുഖത്തെ  കാറ്റ്...
                  മുറ്റത്തെ  ആദ്യത്തെറോസാപ്പു...
                  പുലരിയിലേക്ക് വീണ  ഇലഞ്ഞിപ്പൂക്കൾ ....
                  ചെമ്പരത്തിപ്പൂവിട്ട വെളിച്ചെണ്ണ മണം ...
വളരുന്തോറും
അതെന്റെ തലയിൽ ...
കഴുത്തിൽ...
മുറുകിക്കൊണ്ടേയിരുന്നു ....
മുറിച്ചു മാറ്റാനാവാത്ത
ഒരവയവം പോലെ...
                കുളിനനവു  മാറും മുൻപേ
                മുടിയിഴകളെ ബന്ധനത്തിലാക്കി
                നെറ്റിയിലേക്കിറക്കി
                കവിളുകളോടു  ചേർത്ത്
                കണ്‍പാതി പോലും മറച്ച്
                കഴുത്തിൽ  മുറുകെ  ചുറ്റി
                ഞാനെന്നെ
                ഒളിപ്പിച്ചു  വെക്കുന്നു
അഴിച്ചെടുത്താകാശങ്ങളിലേക്ക്
പറപ്പിച്ചു കളയാൻ തോന്നിയിട്ടുപോലും.