Wednesday, 20 July 2011

കൈതപ്പൂ

മുള്ളുകള്‍ക്കിടയില്‍ ...
ഇലയാണോ
പൂവാണോ
കായാണോ
താനെന്നറിയാതെ 

കൈതപ്പൂ
നാണിച്ചു നിന്നു...
 
ചില  വണ്ടുകളറിഞ്ഞു
പൂംബൊടിയുണ്ട്
പൂവാകാം...


പെട്ടിയിലടച്ച
പഴമ  
മുണ്ടുകളോട്  പറഞ്ഞു
ഇലയാണ്
പച്ചയല്ലങ്കിലും...



എനിക്കറിയാം
കായാകു
മെന്ന്...

പാടല നിറത്തില്‍ 
ചക്കയല്ലാത്തചക്കയായി 

വിത്തില്ലാത്ത പഴമായി   
താഴെ വീ -
ണലിഞ്ഞലിഞ്ഞു...

പോകുമെന്ന് .....!    

Monday, 18 July 2011

കൂണുകള്‍

സ്വപ്‌നങ്ങള്‍  കൂണുകളെപ്പോലെയാണ് .      
             ചില മഴകളോടൊപ്പം
             ഇടിമിന്നല്‍ വെളിച്ചത്തില്‍
             താനെയങ്ങനെ മുളച്ചു പൊങ്ങും.

  വന്‍മരങ്ങളുടെ പൂതലിച്ചയിടങ്ങളിലും
 
കുളുര്‍ത്ത മണ്ണിന്റെ ഒളിയിടങ്ങളിലും
  ഇലകളുടെ പച്ചത്തണലോ
  ശിഖ
രങ്ങളുടെ പുല്കലോ
  വേരുകളുടെ നിഗൂ
തയോ
   ഇല്ലാതെ
  കുടനിവര്‍ത്തി നില്‍ക്കും.   
         യാഥാര്‍ത്
മെന്നു തോന്നിപ്പിക്കുന്ന 
         വിഷക്കൂണുകളുമുണ്ട്...
         വര്‍ണ്ണ ശബളിമയുടെ
         പ്രലോഭനം കൊണ്ട്
         പുഞ്ചിരിച്ച  മുഖവുമായി
         നിങ്ങളെയവ  ആകര്‍ഷിക്കും .
         അടര്‍ത്തി
മാറ്റാനാവാതെ

         ഉള്ളില്‍ക്കിടന്ന്
         ഇഞ്ചിഞ്ചായി നീറ്റിക്കൊല്ലുംവരെ....

Friday, 15 July 2011

മൈലാഞ്ചി



"മൈലാഞ്ചിയിടണം"
നീട്ടിയ കൈകളോടെ
മുന്നില്‍ കൊഞ്ചുന്നൊരു
നാലുവയസ്സുകാരി....
                     മൈലാഞ്ചിയിടല്‍ 
                     ഇപ്പൊഴെന്തെളുപ്പം!
                     വലം കയ്യിലാവാതെ
                     ഇടം കയ്യിലും
                     ഇടം കയ്യറിയാതെ
                     വലം കയ്യിലും.
                     ഒരൊറ്റ ഞെക്ക് ,
                     നെടുകെയും കുറുകെയും
                     വട്ടത്തിലും നീളത്തിലും
                     വരയാമോട്ടെറെ
                     സങ്കീര്‍ണ്ണ ചിത്രങ്ങള്‍ .
പണ്ടു ഞങ്ങള്‍ക്ക്
പുഴയരികിലേക്കോടണം.
മുള്ളു കൊള്ളാതെ
തളിരുക
ളൊടിയാതെ
ഇലകളൂര്‍ന്നെടുക്കണം.
അമ്മിയിലരക്കണം.
ഓരോയിലയും നേര്‍മ്മയോടെ.
നാരു കളഞ്ഞു നേര്‍പ്പിച്ച
ച്ചീര്‍ക്കിലിന്‍ തുമ്പാല്‍
മെനഞ്ഞതൊക്കെയും 
ലളിത ചിത്രങ്ങള്‍ .
                   മൈലാഞ്ചിയുണങ്ങാന്‍
                   കൈ നീട്ടിയെത്ര നേരം ...
                   വിരല്‍ മടങ്ങാതെ
                   കളി പറഞ്ഞിരിക്കണം .
                   കൈ കഴുകുന്നേരം
                   തെളിയുന്ന ചെന്തുടുപ്പ്,
                   എനിക്കോ നിനക്കോ
                   കൂടുതലെന്ന കുശുമ്പ് ...

ഓര്‍ത്തിരിക്കുമ്പോഴേക്കും
നീ കൈ  കഴുകി വന്നു .
ഈ രാസച്ചുവപ്പിന്
രണ്ടു ദിനം മാത്രമായുസ്സ്.
                     എന്റെ യുള്ളിലെ  മൈലാഞ്ചിക്ക്
                     ഒരായുസ്സിന്റെ ചുവപ്പ് !

ഞാന്‍


അകം.
ഓര്‍മ്മകളെ
ഒളിച്ചു വെക്കുമിടം .
സ്വപ്നങ്ങളെ
മറച്ചു വെക്കുമിടം.
          പുറം .
          കാഴ്ചകളെ
          തെളിയിച്ചു വെക്കുമിടം .
         
സ്വപ്നങ്ങളെ
          തിരുത്തി
വെക്കുമിടം .
അകത്തൊളിപ്പവളോ
പുറമേ നടിപ്പവ
ളോ
ഇതിലേതാണു ഞാന്‍...?

Wednesday, 13 July 2011

രണ്ടു പ്രണയ കവിതകള്‍

1 .  നീ / ഞാന്‍
       നിന്റെ കണ്ണില്‍
       ഞാനെന്നെ കാണുന്നു
       എന്റെ  കണ്ണില്‍
       നീയെന്നെയും
                      നീയെന്റെ കണ്ണാടിയോ ...?
       നടപ്പില്‍
       പതുക്കെ  പിന്നിലായും
       ഓടുമ്പോള്‍
       കൂടെ  തിരക്കിട്ടെത്തിയും
                     നീയെന്റെ നിഴലോ ...?
       നിന്റെയുള്ളിലെയെല്ലാം
       എന്റെ സ്വപ്‌നങ്ങള്‍
       കണ്ണു നിറക്കുന്നവയെല്ലാം
       എന്റെ നോവുകള്‍
                     നീ  ഞാനോ....?
                    
അതോ  ഞാന്‍ നീയോ..?




2 .   കണക്ക്

എന്നില്‍ നിന്ന്
നിന്നെ
കുറച്ചാലും
ഹരിച്ചാലും
ഉത്തരം
പൂജ്യം .

         എന്നോട്
         നിന്നെ
         കൂട്ടിയാലും
         ഗുണിച്ചാലും
         ഉത്തരം
         വട്ടപൂജ്യം !