പ്രിയതമാ നിന -
ക്കെത്രയോ ചേര്ച്ച,യീ
ഖദര് മുണ്ടുതന്നെ !
ആഢ്യത്വം വഴിയുമീ
ഖദര് മുണ്ടിന് വെളുപ്പി-
ലൊന്നൊളിപ്പിക്കാം ഹിംസയും
ഗാന്ധി ശിഷ്യ നാട്യവും
നിനക്കു സ്വന്തം.
'പാന്റ്സാണു സുഖപ്രദം'
സായിപ്പിന് മൊഴി
വിശ്വസിക്കേണ്ട നീ .
മടക്കിക്കുത്തി 'യാരെടാ'-
യെന്നാണത്തം ഭാവിക്കാന്;
തണുപ്പിലൊന്നഴിച്ചാകെ
പുതച്ചൊന്നുറങ്ങുവാന്
പോരുമീ മുണ്ടൊന്നു മാത്രം.
അലക്കിയുണക്കി
വെണ്മ പുതുക്കി
തേച്ചുലയാതെ
നിനക്കു നീട്ടുമീ മുണ്ടു
നീ തന്നെയെനിക്കും!
അതുകൊണ്ടല്ലേ....,
വായടച്ചു
കലിയൊതുക്കി -
യലക്കു കല്ലില്
ദേഷ്യം തീര്ത്ത്
കഴുത്താണെന്നുറപ്പിച്ചു
പിഴിഞ്ഞാകെ കുടഞ്ഞിട്ടും
ചൂടില് വെണ്മ നീറ്റിയിട്ടും
വെയിലത്തു പൊള്ളിച്ചിട്ടും
പോരാതെ പിന്നെയും
തേപ്പുപെട്ടി ചൂടാക്കി
പൊള്ളിച്ചു നിവര്ത്തുന്നു
ചുളിവുകള് പിന്നെയും.