Tuesday, 3 September 2013

വെറുമൊരു കുയിൽപ്പാട്ടിനപ്പുറം

പുലർകാലേ...
ജനൽവിടവിലൂടെ
അവ്യക്തമധുരമായെന്നെ
വിളിച്ചതെന്തിനായിരുന്നു ...?
       പിടഞ്ഞുണർന്നു നോക്കുമ്പോൾ
        കണ്ടതില്ല...
        കിഴക്കൻ മാനത്ത്
        കണ്ണിറുക്കി കാട്ടുന്ന ഒറ്റ നക്ഷത്രവും
        ഇലനിഴലനക്കങ്ങളുമല്ലാതെ...
മുറ്റമടിക്കുന്നേരം വീണ്ടുമതാ
തേന്മാവിൻ തളിർമൃദുലതയ്കപ്പുറം
 ഇലഞ്ഞിയുടെ  കടുംപച്ചയ്കുള്ളിൽ
 നിന്റെ ചിറകനക്കം ...
 മറുവിളി കാതോർത്തുള്ള
 പിടച്ചിലുകൾ ...
        അടുക്കളയ്കകമേ
        രുചിക്കൂടു മെനഞ്ഞിരിപ്പവൾക്കു
        പറന്നു വരാനാകുന്നില്ല
        മറുവാക്കുമൊഴിയാതെ
        ഉൾച്ചിറകൊതുക്കിയിരിപ്പതെങ്കിലും
അറിയുന്നുണ്ട് ...
നേർത്ത ചിറകൊച്ച ...
പിടയ്ക്കും മിഴിമുന ...
        ഒടുവിൽ
        എന്റെയുള്ളിലെ
         പഞ്ചമം കേൾക്കാതെ ...
         വാസന്തമറിയാതെ
         അകന്നകന്നു പോകുന്ന
         നിന്റെ പരിഭവങ്ങൾ ...
എന്നിട്ടുമെന്റെയാണ്‍കിളീ
 പിൻവിളി വിളിയ്കാൻ പോലും
 ഇവൾക്കാകുന്നീലല്ലോ....

3 comments:

  1. കരുതിവേണം മറുമൊഴി പാടാന്‍‌....
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. അറിയുന്നുണ്ട് ...
    നേർത്ത ചിറകൊച്ച ...
    പിടയ്ക്കും മിഴിമുന ...
    ഉള്ളിലുള്ള കുറുകല്‍ പോലെ ചില മൊഴികള്‍

    ReplyDelete
  3. ശ്രീ തരും വാസന്തപഞ്ചമം പാടുമാ-
    പ്പീതവര്‍ണ്ണക്കിളിത്തേന്മൊഴികള്‍

    ReplyDelete