Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, 9 August 2011

നമ്മുടെ വീട്



ഉപ്പു നനവുള്ള തീരത്ത്  മണല്‍ കൊട്ടാ
രങ്ങളുണ്ടാക്കുന്ന  ലാഘവത്തോടെയാണ്‌  നിന്റെ കൈകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പുതുവീടുകള്‍ തീര്‍ക്കുന്നത് .വീട് നിര്‍മ്മാണത്തിനുള്ള ചെലവു ചുരുങ്ങിയതും  ഭംഗിയേറിയതുമായ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ചു തരുന്ന ആനുകാലികങ്ങള്‍  നമ്മുടെ കൊച്ചു വീടിനുള്ളില്‍  ഇടം പിടിച്ചു   തുടങ്ങിയിട്ട്  ഇതിനകം വര്‍ഷങ്ങളായിരിക്കുന്നു..നിങ്ങള്‍ക്കു വേണ്ട  'ആധുനിക ഭവനങ്ങള്‍ ഏതെന്നു കണ്ടെത്തു'  എന്ന്  നിരന്തരം പ്രലോഭിപ്പിച്ചു  കൊണ്ട്  ഓരോ വട്ടവും നമ്മുടെ  മുറ്റത്തേക്ക്   മാസികകള്‍  പറന്നു വീണു  കൊണ്ടിരുന്നു  ..  സിമെന്റിലും മണലിലും തടിയിലും  തീര്‍ത്ത  മനോഹരമായ  കവിതകള്‍ പോലെ  ഓരോ വീട്ടുചിത്രവും  നമ്മളെ  ആകര്‍ഷിച്ചു.. രാത്രി  മുഴുവന്‍ ഉറക്കമിളച്ചു നാം വീടുകള്‍ക്കായി  വെബ്‌ സൈറ്റുകളില്‍ പരതി നടന്നു... 
കൂടുതല്‍ ഭംഗിയേറിയ  കൂടുതല്‍ സൌകര്യങ്ങളുള്ള  ചെലവു കുറഞ്ഞ ഓരോ വീടുകളും  നമ്മളെ പ്രതീക്ഷയുടെ  ഉന്നതിയിലെത്തിച്ചു ...
പണം മാത്രമായിരുന്നു ഏക തടസ്സം .
ഒടുവില്‍ നീ അതി
നും വഴി കണ്ടെത്തി .
" നമുക്കീ  പഴയ വീടു വില്‍ക്കാം ..?അല്ലാതെ വേറെ
വഴിയില്ലല്ലോ ....?
നിസ്സഹായതക്കുമേല്‍  വാക്കുകള്‍ പ്രതീക്ഷയുടെ ആവരണമിട്ടു . ഓര്‍മ്മകളുടെ  പൂപ്പല്‍  പിടിച്ച ഓടുകളും കുട്ടികള്‍  ചിത്രം  വരച്ചു ശീലിച്ച് ഏറെ മുഷിഞ്ഞു പോയ ചുമരുകളും വിണ്ടു തുടങ്ങിയ തറയും  ഇതു കേട്ട് ചിരിക്കുന്നുണ്ടാകുമോ...? കല്ലും മണ്ണും സിമെന്റും ചേര്‍ത്ത് വച്ചാല്‍  വീടാകില്ല മക്കളെ എന്ന് നമ്മുടെയീ
പഴയവീട് സങ്കടത്തോടെ  പിറുപിറുക്കുന്നുണ്ടാകുമോ  ...? ആര്‍ക്കറിയാം....! അല്ലേ  ...?   


Sunday, 24 July 2011

അഴിമുഖത്ത്



നമ്മളിപ്പോള്‍ കടല്ക്കരയിലാണ്.  
തീരത്ത്  ചിപ്പികള്‍  പെറുക്കിയോടി  നടന്നും   മണല്‍കൊട്ടാരമുണ്ടാക്കിയും  കളിക്കുന്ന മക്കളെ ,  
' ഉടുപ്പ്  കേടാവും ' ...' അഴുക്കാവും '...എന്നൊക്കെ  പറഞ്ഞു നീ    പേടിപ്പിക്കുന്നുണ്ട് .... 
കണ്ണിറുക്കിക്കൊണ്ട്  ഞാനവരെ  പ്രോത്സാഹിപ്പിക്കുന്നത്  നീയറിയാതെ  പോകുന്നു .... 
 ആളുകള്‍ക്ക്  വട്ടാണ്  . കടലിലെന്താണിത്ര  കാണാനുള്ളത് ?  കുറെ  തിരമാലകങ്ങോട്ടുമിങ്ങോട്ടും  പോകുന്നു ... വരുന്നു ... ഇതല്ലാതെ  വേറെന്ത്‌ ...?”
നിന്റെ പിറുപിറുക്കല്‍
ഉള്‍ച്ചിരിയോടെ ഞാനത് തലകുനിച്ച് സമ്മതിക്കുന്നു .
അഴിമുഖത്തെ  ആഴങ്ങളില്‍  ചെറു  മീനുകളും  വന്‍മത്സ്യങ്ങളും   കടലില്‍  നിന്ന് പുഴയിലേക്കും  …  പുഴയില്‍ നിന്ന് കടലിലേക്കും ശബ്ദമുണ്ടാക്കാതെ    നീന്തിപ്പോയി . 
മഴ  പെയ്തേക്കും .. .  റോഡ്‌    മോശമാണ് ...  ഇരുട്ടായാല്‍  കുഴികളൊന്നും  കാണില്ല ...”
നിന്റെ തിടുക്കം . 
ഇത്തിരി  നേരം കൂടി കളിച്ചാലെന്താ ? ”
നുര തെറിപ്പിച്ചു കളിക്കുന്ന കുരുന്നു പരിഭവങ്ങള്‍ .
ഞാനെന്തു പറയാന്‍ .......?
പതിവുപോലെ ഇന്നും അസ്തമയം കാണാതെ നമുക്ക് തിരിച്ചു    പോകാമെന്നോ ...?
അതോ ചന്ദ്രനുദിക്കുമ്പോള്‍ വേലിയേറ്റങ്ങളാലും ഇറക്കങ്ങളാലും ഈ പുഴ  ചിലപ്പോള്‍  കിഴക്കൊട്ടുമൊഴുകാറുണ്ടെന്നോ ...?
അഴിമുഖമെന്നത്  ഒഴുക്ക് കൊണ്ട് പുഴയായും തിരകള്‍  കൊണ്ട്  കടലായും  രൂപം മാറുന്ന ഉത്തരമില്ലാത്തൊരു  കടംകഥയാണെന്നോ...? 
വേണ്ട .
ഞാനെഴുന്നേല്‍ക്കുന്നു
പറയട്ടെ ?
നമുക്ക് തിരിച്ചുപോകാം .”