സ്വച്ഛതയുടെ
മണ്‍തണുപ്പില്‍ നിന്ന്
പറിച്ചെടുക്കണം
വേരോടെ.....
തായ് വേരറുക്കാം
ചോരപൊടിയില്ല.
ശിഖരങ്ങള്‍ കോതി-
മിനുക്കി-
മെരുക്കി-
യൊതുക്കി
വളര്‍ത്താം
ചട്ടിയില്‍.....
മണല്‍, വെള്ളം, വളം
എല്ലാം
കുറച്ചു മാത്രം .
പുഴയോര്‍മ്മകള്‍
ബാക്കി നിര്‍ത്തിയ
വെള്ളാരങ്കല്ലുകള്‍
ചുറ്റും നിരത്തുക
അഴകിനല്‍പ്പം.
സ്വീകരണ മുറിയിലോ
കിടപ്പറയിലോ
അടുക്കളയിലോ
മാറ്റി മാറ്റി വെക്കാന്‍
നല്ലൊരലങ്കാരം.
പച്ചപ്പു നിലനിര്‍ത്താന്‍
ഇടക്കൊന്നു
വെയില്‍ കൊള്ളിക്കണ-
മെന്നേയുള്ളൂ.
ജനലരികില്‍ വെക്കരുത്
ചില മഴകളില്‍
ഇടറിയ കാറ്റൊച്ചയില്‍
നിലാവിന്‍ നുറുങ്ങുകളേറ്റ്
കൈകള്‍ നീണ്ടു പോയാലോ......
അതുകൊണ്ട്
അകത്തളങ്ങളിലൊതുക്കാം
ഈ
ബോണ്‍സായ് ജന്മത്തെ !




