Monday, 19 November 2012

'എഴുതപ്പെടാത്തവള്‍ക്ക് '

വസന്തം
ഉപവനങ്ങളിലാകെ
വര്‍ണ്ണച്ചിറകുകള്‍ വീശി
പറന്നു നടന്നപ്പോള്‍ 
പിച്ചവെച്ചവളെ
കൈ പിടിച്ചു നടത്തിയത്
നിന്റെ വിരലുകളായിരുന്നു.....

ഒറ്റവരികൌതുകങ്ങള്‍
തീരത്തു  കോറിയിട്ടപ്പോള്‍
വെണ്‍നുരകളാല്‍ തിരുത്തിയെഴുതിയത്
നിന്റെയലകളായിരുന്നു ….

നികുന്ജത്തിന്റെ നിഗൂഢതയില്‍
പച്ചില മണങ്ങള്‍ക്കിടയില്‍
മാനം കാണാപ്പീലികളേകി
ഗന്ധര്‍വ്വനായതും  നീയായിരുന്നു …

വര്‍ഷം വാരി ചൊരിഞ്ഞ
ഇലഞ്ഞിപ്പൂമഴ നനഞ്ഞ്
നമ്മളൊരു പുഴയായൊഴുകി
തീരങ്ങളെപ്പുല്‍കി....

വേനല്‍ ക്രൗര്യം
പച്ചപ്പ്‌ മായ്ച്
വെന്തുരുകിയപ്പോള്‍
നിന്നോടൊത്ത്
മേഘങ്ങളിലലഞ്ഞവള്‍ ഞാന്‍ ….

ഇരുളിലേക്ക് തുറന്നിട്ട
ജാലകങ്ങളിലൂടെ വന്ന്
എന്റെ കണ്ണുകളിലെ
നഷ്ടങ്ങള്‍ മായ്ച്ചതും
കുന്നിന്‍ചെരുവിലെ ഒറ്റനക്ഷത്രമായി
തുണയായി തെളിഞ്ഞതും നീ ….

ഇന്നീ മഞ്ഞുകാറ്റില്‍
ഇല പൊഴിഞ്ഞ മരങ്ങള്‍ക്കിടയില്‍
ഉണങ്ങിയ ശിഖരങ്ങളോടെ
വരണ്ട ശൂന്യതയിലേക്ക് നോക്കി
അതിതീവ്രമായ നഷ്ടബോധത്തോടെ
വിഹ്വലതയോടെ ..ചോദിക്കട്ടെ
"കവിതേ..നീയെവിടെ ?"

6 comments:

  1. അതിതീവ്രമായ നഷ്ടബോധത്തോടെ
    വിഹ്വലതയോടെ ..ചോദിക്കട്ടെ
    "കവിതേ..നീയെവിടെ ?"

    ReplyDelete
  2. കവിത കൂടെത്തന്നെയുണ്ടല്ലോ

    ReplyDelete
  3. കവിത്വമുളള വരികള്...ആശംസകള്

    ReplyDelete
  4. ഹാവൂ അപ്പോള്‍ കവിതയാണല്ലേ ആ നഷ്ടബോധം ,,,വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി !!

    ReplyDelete
  5. കവിതാസ്വാദനം പോരാ. എന്നാലും വായിച്ചു. കൊള്ളാം

    ReplyDelete