Thursday, 3 November 2011

പ്രണയത്തെയെന്തിനു ഭയക്കണം നാം ...?

സ്ത്രീ  മനസ്സിന്റെ  ആഴങ്ങളില്‍  മനുഷ്യാനുഭവങ്ങള്‍ കണ്ടെത്തിയ മാധവിക്കുട്ടിയുടെ  മനോഹരമായൊരു കഥയാണ്‌  'കടലിന്റെ  വക്കത്തൊരു വീട് '.മദ്യപനായ അറുമുഖനും  ഭാര്യയും തെരുവ് ഗായകനായ യുവാവും മാത്രമാണ് ഈ  കഥയിലെ കഥാപാത്രങ്ങള്‍. ജോലി നഷ്ടപ്പെട്ട്  വീടും വീട്ടു സാമഗ്രികളും പൈസയുമില്ലാതെ എസ്സോപാര്‍ക്കിന്റെയരികില്‍  കടല്‍കാറ്റേറ്റു ജീവിക്കുന്നു റുമുഖനും ഭാര്യയും.മദ്യപന്റെ ഭാര്യയായി തന്റെ ദുര്‍വിധിയെ പഴിച്ചു ജീവിക്കുന്ന റുമുഖത്തിന്റെ  ഭാര്യക്ക്  ജീവിതത്തെകുറിച്ച്  പ്രത്യാശ നല്‍കുന്നത് യുവാവുമായുള്ള സംസാരം മാത്രമാണ്. ഏക സമ്പാദ്യമായ രോമപ്പുതപ്പ് തന്റെ ഓര്‍മയ്ക്ക് വേണ്ടി യുവാവിനു ദാനം ചെയ്തതിനെ ചോദ്യം ചെയ്യുന്ന റുമുഖത്തിനു പുഞ്ചിരിയോട്‌ കൂടി അവള്‍ കൊടുക്കുന്ന ന്യായീകരണം അയാള്‍ എന്നോടു സംഗീതത്തെ പറ്റി സംസാരിച്ചു എന്നതാണ്.
സ്ത്രീയുടെ  അസ്വസ്ഥമായ മനസ്സാണ് ഈ കഥയുടെ പ്രമേയം. ചുഴികളും  അഗാധഗര്‍ത്തങ്ങളും  ഉള്ളിലൊളിപ്പിച്ച  വിക്ഷുബ്ധമായൊരു   കടലാണ്  ഇതിലെ നായികയുടെ ഉള്ളിലുള്ളത് .സംഗീതം ആസ്വദിച്ചിരുന്ന, ബാല്യം  മുതലേ അനുഭവിച്ചിരുന്ന, രാവിലെ പാട്ടുകേട്ട് കൊണ്ട് ഉണര്‍ന്നിരുന്ന ആ സ്ത്രീയുടെ ജീവിതം  മദ്യപനായ ഭര്‍ത്താവിന്റെ ജോലിയിലുള്ള വീഴ്ച മൂലം  താറുമാറായി തീരുന്നു.കിടക്കാനിടവും വീട്ടു സാമഗ്രികളുമില്ലാതെ ഹോട്ടലുടമകള്‍ സൌജന്യമായി നല്‍കുന്ന പഴകിയ ഭക്ഷണ സാധനങ്ങള്‍ കഴിച്ചു കൊണ്ട് കടല്‍ത്തീരത്ത്  കിടന്നുറങ്ങേണ്ടി വരുന്നു.കടലിന്റെ വക്കത്തൊരു വീട് എന്നാണ് കഥയുടെ പേരെങ്കിലും ഇവിടെ അവര്‍ക്ക് താമസിക്കാന്‍ വീട് എന്നൊന്നില്ല. വീണ്ടും വീണ്ടും തിരിച്ചെത്തുവാന്‍  പ്രേരിപ്പിക്കുന്നിടത്തെയാണ്  നാം വീടെന്നു പറയുന്നതെങ്കിലും
റുമുഖത്തിന്റെ ഭാര്യയ്ക്ക്  വീട് ഒരു  സ്വപ്നം മാത്രമാണ്.അശാന്തിയും മോഹഭംഗങ്ങളും  നിറഞ്ഞ  അവളുടെ മനസ്സിനകത്തും  പുറത്തുമിരംബുന്നത്  ഒരേകടല്‍ തന്നെയാണ് .തന്റെ വാക്കുകള്‍ കേള്‍ക്കുവാനോ  അഭിരുചികള്‍ മനസ്സിലാക്കുവാനോ ശ്രമിക്കാത്ത ;സ്വാര്‍ത്ഥതയും അധികാരഭാവവും  ധാര്‍ഷ്ട്യവും മാത്രം കൈമുതലായ അന്തര്‍മുഖനായ  ഭര്‍ത്താവിനേക്കാള്‍ അവളെ  മനസ്സിലാക്കുന്നതും അംഗീകരിക്കുന്നതും തെരുവുഗായകനായ യുവാവ് മാത്രമാണ് .കറുത്തചേല ധരിച്ച അവളെ ഗൃഹലക്ഷ്മിയായി കാണുന്നതും ആയയുടെ ജോലി ചെയ്തു ജീവിക്കാന്‍ പ്രതീക്ഷയും പ്രോത്സാഹനവും കൊടുക്കുന്നതും അയാളാണ് .
ദുഖത്തിലും,   ദാരിദ്ര്യത്തിലും ശുഭ പ്രതീക്ഷ കൈ വെടിയാതെ ജീവിക്കാന്‍ അവളെ പ്രേരിപ്പിച്ച യുവാവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. "കടലിന്റെ വക്കത്തു പാര്‍ക്കുവാനും ഭാഗ്യം വേണം .രാത്രിയില്‍ കടലിന്റെ പാട്ടും കേട്ട്  നക്ഷത്രങ്ങളെയും നോക്കി കൊണ്ട് മലര്‍ന്നു കിടക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കില്ലേ .."വെറും മൂന്നു കഥാപാത്രങ്ങളിലൂടെ ലളിതമായ അവതരണത്തിലൂടെ ധ്വന്യാത്മകമായി  സ്ത്രീ മനസ്സിന്റെ നിഗൂഡ     ഭാവങ്ങള്‍ അനാവരണം ചെയ്യുകയാണ് മാധവിക്കുട്ടി  ഈ കഥയിലൂടെ ചെയ്യുന്നത് .
           ... പക്ഷെ; നമ്മുടെ കുട്ടികള്‍ മനസ്സിലാക്കേണ്ടത് 
റുമുഖത്തിന്റെ ഭാര്യയുടെ ഉദാരമായ ദാന ശീലത്തെകുറിച്ചും യുവാവിനു ജീവിതത്തോടുള്ള  പ്രസാദാത്മക  സമീപനത്തെ കുറിച്ചും മാത്രമാകണം എന്നാണു  മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങള്‍. കപടസദാചാരത്തിന്റെ വക്താക്കളായ ആധുനിക  മലയാളിയുടെ സ്വരമാണ്  നമ്മുടെ D R G ട്രൈ നിങ്ങുകളിലും ക്ലെസ്റ്റര്‍ യോഗങ്ങളിലും മുഴങ്ങി കേട്ടത്.റുമുഖത്തിന്റെ ഭാര്യ തന്റെ ചെറിയ   ഭാണ്‌ഡത്തില്‍ നിന്നും ഭര്‍ത്താവിന്റെ സമ്മതം ആരായാതെ കൊടുത്ത  അറ്റം പിഞ്ഞിയതെങ്കിലും  കട്ടിയുള്ള ആ പുതപ്പ് താറുമാറായ ജീവിതത്തിലും  ദൃഡമായിരിക്കുന്ന  അവളുടെയുള്ളിലെ പ്രണയമാണെന്ന് കുട്ടികളോട് പറയുകയോ അവര്‍ പറഞ്ഞാല്‍ തന്നെ  അംഗീകരിച്ചു കൊടുക്കയോ ചെയ്യരുതത്രെ ! പകരം അവരുടെ ചിന്തകളെ ദാനശീലമെന്ന സല്‍പ്രവര്‍ത്തിയിലൂടെ വഴി തിരിച്ചു വിടണമത്രെ!. അങ്ങിനെയാണെങ്കില്‍ വേറെന്തെല്ലാം പുരാണ കഥകള്‍ പകരമായി കുട്ടികള്‍ക്ക് നല്‍കാമായിരുന്നു..? ബാല്യത്തിന്റെ  ജിജ്ഞാസകളെ തൃപ്തി പ്പെടുത്തുന്ന സാരോപദേശ കഥകള്‍ വേണ്ടുവോളമുണ്ടല്ലോ നമ്മുടെ പൌരാണിക  
 ഭാണ്‌ഡങ്ങളില്‍ !കൌമാര പ്രായക്കാരായ കുട്ടികള്‍ പ്രണയമെന്ന വാക്ക് കേട്ടാല്‍ വഴി തെറ്റി പോകുമെന്ന്  ഭയക്കുന്ന നാമെങ്ങിനെ ഒമ്പതാം ക്ലാസ്സില്‍ ശാകുന്തളവും ഗാന്ധര്‍വ വിവാഹവും പഠിപ്പിക്കും..?
മാംസനിബദ്ധമല്ലാത്ത രാഗത്തെ കുറിച്ച് പാടിയ കുമാരനാശാനെ നമുക്കു വാനോളമുയര്‍ത്താം .നളിനിയെയും ലീലയെയും വാസവദത്തയെയുമൊക്കെ വനിതാരത്നങ്ങളായി അവരോധിക്കാം .
പക്ഷെ ; സ്ത്രീ  കഥാപാത്രം മാധവിക്കുട്ടിയുടെതാണെങ്കില്‍  പ്രശ്നമായി .ദുര്‍ഗ്രഹതയില്ലാത്ത ഏതു കഥയും 'എന്റെ കഥ ' മുതലേ ബന്ധിപ്പിച്ചു  നമ്മള്‍ അര്‍തഥാന്തരങ്ങള്‍ തിരയുന്നു.കാമവും പ്രണയവും പരസ്പര പൂരകമായി വര്‍ത്തിക്കുന്ന കഥകളിലൂടെ , കവിതകളിലൂടെ  നമ്മള്‍ 'കടലിന്റെ വക്കത്തെ  വീടി'നെ സമീപിക്കുന്നു.എന്നിട്ടൊടുവില്‍ പറയുന്നു 'നമ്മടെ കുട്ടികള്‍ ഈ കഥയിലൂടെ ഉദാരമായ ദാനശീലത്തെകുറിച്ച് പഠിക്കട്ടെ. അവര്‍ ശിഥിലമാകുന്ന കുടുംബബന്ധങ്ങളെ കുറിച്ചോ മാംസനിബദ്ധമല്ലാത്ത രാഗത്തെ കുറിച്ചോ പഠിക്കേണ്ടതില്ല '
"എന്റെ ഓര്‍മ്മയ്ക്ക്‌ ഇത് കൈയ്യിലിരിക്കട്ടെ എന്നുള്ള യുവാവിനോടുള്ള അവസാന (?) വാചകവും തന്നെ ചോദ്യം ചെയ്ത ഭര്‍ത്താവിനോടുള്ള ' പുഞ്ചിരിയോടുകൂടിയുള്ള  ' മറുപടിയും അവഗണിച്ചു  നമുക്ക് 
റുമുഖത്തെ  പോലെ യാകാം.. 'രണ്ടാന്തരം ഭക്ഷണശാല യാചകര്‍ക്ക്   സൌജന്യമായി   വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണസാ ധനങ്ങള്‍  സമ്പാദിച്ച്  'അയാള്‍ ഭാര്യക്ക് കൊണ്ട്  പോയി കൊടുക്കുന്ന പോലെ ശാക്തീകരണ പ്രഹസനങ്ങ ളില്‍  നിന്ന്  പ്രബുദ്ധരായി നമുക്ക്  ക്ലാസ്സ്‌ മുറികളിലേക്ക് മടങ്ങാം.
 

28 comments:

 1. കുട്ടികള്‍ക്ക് സ്വതന്ത്രമായി പ്രതികരിക്കാനുള്ള പ്രവര്ത്തനങ്ങളോടെ ആയിരുന്നല്ലോ പാഠഭാഗം ഡി.ആര്‍.ജി. പരിശീലനത്തില്‍ വിശകലനം ചെയ്തത് ...ടീച്ചറുടെ കഥാസ്വാദനം വളരെ നന്നായിട്ടുണ്ട്. ആ കഥ വിശകലനം ചെയ്യേണ്ടത് ഇങ്ങനെ തന്നെയാണ്. ആ പുതപ്പ് അവിടെ കിടക്കട്ടെ തല്‍ക്കാലം... അത് ഏറ്റവും വലിയൊരു ഉപഹാരമായോ ... ത്യാഗമായോ...പ്രണയമായോ കുട്ടികള്‍ വിലയിരുത്തട്ടെ... സംഗീതത്തെ കുറിച്ച് സംസാരിച്ച ആ യുവാവിനു അവര്‍ സമ്മാനമായി കൊടുത്തത് തന്റെ ജീവിതം തന്നെയാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ടെങ്ങില്‍ നാമെന്തിനു അവരെ തിരുത്തണം...?

  ReplyDelete
 2. കുട്ടികള്‍ക്ക് സ്വതന്ത്രമായി പ്രതികരിക്കാനുള്ള പ്രവര്ത്തനങ്ങളോടെ ആയിരുന്നല്ലോ പാഠഭാഗം ഡി.ആര്‍.ജി. പരിശീലനത്തില്‍ വിശകലനം ചെയ്തത് ...ടീച്ചറുടെ കഥാസ്വാദനം വളരെ നന്നായിട്ടുണ്ട്. ആ കഥ വിശകലനം ചെയ്യേണ്ടത് ഇങ്ങനെ തന്നെയാണ്. ആ പുതപ്പ് അവിടെ കിടക്കട്ടെ തല്‍ക്കാലം... അത് ഏറ്റവും വലിയൊരു ഉപഹാരമായോ ... ത്യാഗമായോ...പ്രണയമായോ കുട്ടികള്‍ വിലയിരുത്തട്ടെ... സംഗീതത്തെ കുറിച്ച് സംസാരിച്ച ആ യുവാവിനു അവര്‍ സമ്മാനമായി കൊടുത്തത് തന്റെ ജീവിതം തന്നെയാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ടെങ്ങില്‍ നാമെന്തിനു അവരെ തിരുത്തണം...?

  ReplyDelete
 3. പ്രണയത്തെ എത്ര ഭയന്നാല്ലും സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
  ഇവരെപ്പറ്റിയോർത്ത് നമ്മുക്ക് പരിഭവിക്കാം..

  ReplyDelete
 4. ഇന്ന് പ്രണയം നശിച്ചു. വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഢനങ്ങള്‍ക്കും കാരണം നമ്മുടെ സമൂഹം പഠിപ്പിച്ച, അടിച്ചേലപ്പിച്ച വികലസംസ്‌കാരമാണ്. സമൂഹം പഠിപ്പിച്ചതു തന്നെ 'ലൈംഗിതകയും പ്രണയവും' തെറ്റാണ് എന്നതാണ്. അതുകൊണ്ടു തന്നെ, ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ പുരുഷന്മാരെ 'അക്രമി'കള്‍ മാത്രമായാണ് കാണുന്നത്. അത് അവരുടെ കുറ്റമല്ല. മറിച്ച് അവരെ വളര്‍ത്തിയതിന്റെ കുറ്റമാണ്. ആണിനോട് സംസാരിച്ചാല്‍ കുറ്റം, നോക്കിയാല്‍ കുറ്റം, മിണ്ടിയാല്‍ കുറ്റം, എന്തിന് ശരീരത്തിന്റെ കൈ പോലും പുരുഷന്‍ കണ്ടാല്‍ കുറ്റമാണെന്നാണ് പെണ്‍കുട്ടികളെ പഠിപ്പിച്ചു വച്ചിരിക്കുന്നത്.....തന്മൂലം സ്ത്രീകളുടെ ദുരവസ്ഥ സ്ത്രീകള്‍ തന്നെയാണ് ഉണ്ടാക്കുന്നത്. ഇതു തന്നെയാണ് മാധവിക്കുട്ടിക്കും സംഭവിച്ചത്....അല്ലാതെ മാധവിക്കുട്ടി എഴുതിയ കഥയ്‌ക്കോ, വ്യക്തിയ്‌ക്കോ അല്ല കുഴപ്പം. മറിച്ച് സമൂഹത്തിനാണ് കുഴപ്പം.....

  ReplyDelete
 5. നേരിനെ നേരായി കാണാന്‍ ശ്രമിക്കാത്തവര്‍ക്ക്, എല്ലാ മനുഷ്യ ബന്ധങ്ങളെയും കാമത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്ന കപട സദാചാരത്തിന്റെ വക്താക്കള്‍ക്കു അറുമുഖത്തിന്റെ ഭാഗത്ത് നിന്നെ ചിന്തിക്കാനാവൂ. അതു മാത്രമേ വരും തലമുറയ്ക്ക് പകരാവൂ എന്നവര്‍ തീരുമാനിക്കുന്നു.

  ഒരു വര വരച്ചു അതിലൂടെ മാത്രം സഞ്ചരിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കുന്ന ഒന്നല്ല മനുഷ്യ മനസ്സ്. അറുമുഖത്തില്‍ നിന്നും വഴി തിരിഞ്ഞു അവളുടെ മനസ്സ് തെരുവ് ഗായകനിലേക്ക് പ്രണയാതുരമായി ഒഴുകുന്ന പോലെ കുട്ടികളുടെ മനസ്സും അധ്യാപകരുടെ വലയം ഭേദിച്ച് കഥയുടെ സത്ത കണ്ടെത്താതിരിക്കില്ല. പ്രണയത്തിന്റെ പരിമളത്തെ മറച്ചു വെക്കാനാവില്ല.

  ഈടുറ്റ ലേഖനത്തിനു അഭിനന്ദനം.

  ReplyDelete
 6. ടീച്ചറേ.. ഈ പാഠം പഠിച്ചാലും ഇല്ലേലും പ്രണയം സമയാസമയം വേണ്ടിടത്തൊക്കെ മുള പൊട്ടി, വേണ്ടത് പോലൊക്കെ വളര്ന്നോളും.. പിന്നെ ടീച്ചറിന് ഇതിനെതിരേ പ്രതികരിക്കാന്‍ ഇങ്ങനെ ഒരു ബ്ലോഗെഴുതാം.. നിയമാവലി അയച്ച് തന്നവര്‍ക്ക് ഇതിന്‍റെ ഒരു കോപ്പി അയച്ച് കൊടുക്കാം.. :)
  എന്തായാലും നല്ല പോസ്റ്റിന് ആശംസകള്‍!

  ReplyDelete
 7. പ്രണയത്തില്‍ നാമെല്ലാം തുറന്നുവെക്കുന്നു. പുറത്തേക്ക് ഗമിക്കുന്നൊരൂര്‍ജ്ജമായ്.. കെട്ടുപാടുകളില്‍ നിന്നും മോചനം പ്രാപിച്ചു അത് നമ്മെ കൂടുതല്‍ സ്വതന്ത്രനാക്കുന്നു.
  പ്രണയം ശരീരഘടനയുടെ ഭാഗമല്ല.ശുദ്ധമായ ഊര്‍ജ്ജമുള്ള ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന സ്രോതസ്സാണ് പ്രണയം. പ്രണയത്തിനു ആരെയും സന്തോഷിപ്പിക്കാന്‍ കഴിയും, ദാഹം ശമിപ്പിക്കാന്‍ കഴിയും.ഹൃദയമെന്ന് വിളിക്കുന്ന നമ്മുടെ ഊര്‍ജ്ജം പുഷ്പിച്ചില്ലെങ്കില്‍. പ്രണയമെന്നത് എല്ലാ കെട്ടുപാടുകളില്‍ നിന്നുമുള്ള മോചനമാകുമ്പോള്‍, അതൊരൂര്‍ജ്ജമായ് ജീവിക്കുകയും ജീവിപ്പിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ ഹൃദയങ്ങളുടെ ചലനാത്മകതക്ക് വേഗത കൂട്ടുന്ന ഒരിന്ധനമായി വര്‍ത്തിക്കുമ്പോള്‍ ഇവിടെ വിലക്കുന്നത് ഒരു മാധവിക്കുട്ടിയെയോ അവരുടെ കഥയെയോ അല്ല. മനുഷ്യാതമാവിന്റെ ശുദ്ധ സംഗീതത്തെ തന്നെയാണ്. മനുഷ്യനെ സ്വതന്ത്രരാക്കുന്ന ഒരു സമര മാര്‍ഗ്ഗത്തെയാണ് ഇവിടെ നിഷേധിക്കുന്നത്.

  ആ ഒരവസ്ഥയെ ആഗ്രഹിക്കുന്ന കൂട്ടം അത് തിരിച്ചറിയുന്ന പക്ഷം തീര്‍ച്ച, ചൂഷണ വ്യവസ്ഥിതി എങ്ങനെ നിലനിര്‍ത്താനാകും.? വിധേയത്വം ഇഷ്ടക്കൂടുതലോ പ്രണയമോ ആവണമെന്നില്ല. അതിന് കാരണം ഭയവുമാകാം. എന്നാല്‍, വണക്കത്തെ വണക്കമുള്ള സ്നേഹത്തെ നമുക്ക് പ്രണയമെന്നു വിളിക്കാം. ഇങ്ങനെയറിഞ്ഞാലും നഷ്ടം... ചൂഷണങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തുന്ന സ്ഥാപിത കൂട്ടങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ ശരിയായ പ്രണയം അറിയരുത് അറിയിക്കരുത്..!!! താത്പര്യം വ്യക്തം..!!! നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എത്രകണ്ട് അനീതി പ്രവര്‍ത്തിക്കുന്നുവെന്ന് ടീച്ചര്‍ തുറന്നു കാട്ടിയിരിക്കുന്നു.
  അഭിനന്ദങ്ങള്‍..!!!
  ഇരിപ്പിടത്തിനും, ശ്രീ അക്ബര്‍ ച്ചാലിയാറിനും നന്ദി.

  ReplyDelete
 8. പ്രണയം ചങ്ങലകളെ അറുക്കും. അതുകൊണ്ടാണ് പ്രണയം പാടില്ലെന്ന് എല്ലാ അധികാരങ്ങളും പ്രഖ്യാപിയ്ക്കുന്നത്. അധികാരത്തിന്റെ നിലനില്പ് വിധേയരെ ആശ്രയിച്ചാണ്. അതിനെ ചോദ്യം ചെയ്യുന്ന എന്തിനേയും അധികാരം വിലക്കും...

  ലേഖനം നന്നായി. അഭിനന്ദനങ്ങൾ.

  ReplyDelete
 9. പ്രണയത്തില്‍ നമ്മള്‍ പരാജയപ്പെടുന്നത് നമ്മുടെ മക്കള്‍ അങ്ങനെ ചെയ്യുമ്പോഴാണ് എന്ന് ഈയിടെ ഒരു സുഹൃത്ത്‌ പറയുകയുണ്ടായി ....നമുക്കുള്ളില്‍ തന്നെ പ്രയാനുകൂലമായും പ്രതികൂലമായുമുള്ള ഒരു മനസ്സ് നാം വെച്ച് പുലര്‍ത്തുന്നുണ്ട് .ഈ അവസ്ഥയെ മറികടക്കുന്നവര്‍ക്ക് മാത്രമേ മാധവിക്കുട്ടിയും അവരുടെ എഴുത്തിനെയും ജീവിതത്തെയും മനസ്സിലാകയുള്ളൂ...ഇങ്ങനെ എത്ര പേര്‍ക്ക് ജീവിക്കാന്‍ കഴിയും എന്നിടത്താണ് ,അകാടമിക് ആയ ചര്‍ച്ചകള്ക്കപ്പുരം പ്രസക്തിയുള്ളത്....ക്ലസ്റര്‍ യോഗങ്ങള്‍ക്കും വകുപ്പുതല യോഗങ്ങള്‍ക്കും അപ്പുറം ഒരു അദ്ധ്യാപകന്‍ വളരാത്ത കാലത്തോളം പുതു തലമുറ പ്രനയമെന്തെന്നരിയാതെ പ്രണയിക്കുകയും കാമിക്കുകയും ചതിക്കുഴികളില്‍ അകപ്പെടുകയും ചെയ്യും ....ഈ ലേഖനത്തില്‍ അത്തരം ഒരു മാത്രുകാധ്യാപികയെ നാം കാണുന്നു....അതാണ്‌ കുറച്ചെങ്കിലും ആശ്വാസം പകരുന്നത്....മാധവിക്കുട്ടിയെ ജീവിക്കുന്ന കാലത്ത് കൊന്നവരാന് മരിച്ചു അക്ഴിഞ്ഞിട്ടും കൊലവിളികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്....

  ReplyDelete
 10. ഇരിപ്പിടം വഴിയാണ് എത്തിയത്...

  നമ്മുടെ കപട സദാചാരത്തിന് എതിരെ ഇങ്ങനെയൊരു എഴുത്ത് എന്ത് കൊണ്ടും നന്നായി..
  പാഠപുസ്തകത്തില്‍ പറയുന്ന കാര്യത്തില്‍ നിന്ന് മാറി വേറൊന്നു പഠിപ്പിക്കണമെന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല..
  ഇന്നത്തെ വൃതികെട്ടെ സംസ്കാരത്തിന് എതിരെ(പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെ) മാറ്റം അനിവാര്യമാണെന്നും ,അതിനു നമ്മള്‍ ഉണ്ടാക്കി വച്ച ചില ചട്ടങ്ങള്‍ മാറണമെന്നും അത് തുടങ്ങേണ്ടത് നമ്മുടെ പാട്യ പദ്ദതിയില്‍ നിന്ന് തന്നെയാണെന്നും , അത് വഴി സമൂഹം മാറണമെന്നും പറയുന്ന ഒരു രചന ഇന്ന് വായിച്ചത് ഓര്‍ക്കുന്നു,...അതും എഴുതിയത് ഒരു ടീച്ചര്‍ ആണ്...!!

  ഇങ്ങനെയാണ് പഠിപ്പിക്കാന്‍ ഓര്‍ഡര്‍ എങ്കില്‍ അത് മേല്‍ പറഞ്ഞ കാര്യത്തിനു വിപരീത ഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ..

  എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍...

  ReplyDelete
 11. പ്രണയത്തെ പേടിക്കാത്ത കാലഘട്ടം വല്ലതും ഉണ്ടായിട്ടുണ്ടോ. ഇല്ല.
  അതുകൊണ്ട് "പാഠ"ങ്ങളില്‍ ഇങ്ങനൊക്കെ കേട്ടുകൊണ്ടേയിരിക്കും.
  ഒപ്പം, സ്വന്തം ഭര്‍ത്താവോ ഭാര്യയോ അനിയനോ അനുജത്തിയോ ഒക്കെ
  ഇങ്ങനെ പ്രണയിക്കാത്തിടത്തോളം നമ്മള്‍ പ്രണയത്തെ വാഴ്തും. അത്
  നമ്മുടേ ശീലമായിപ്പോയി. നമ്മളില്‍ ഞാനും ഉണ്ട്.

  ReplyDelete
 12. കാമ്പുള്ള ലേഖനം..

  ReplyDelete
 13. നല്ല ലേഖനം... ഞാന്‍ ഇത് വരെ കടലിന്റെ വക്കതൊരു വീട് വായിച്ചിട്ടില്ല... ഇഷ്ടമായി

  ReplyDelete
 14. ഒരു നല്ല റിവ്യൂ പോലെ തോന്നി.
  മക്കളെ ചെറുപ്പത്തില്‍ നമ്മുടെ ആശയങ്ങളും ചിട്ടവട്ടങ്ങളും അടിച്ചേല്‍പ്പിക്കാന്‍ മനുഷ്യാവകാശം വെച്ചു നോക്കുമ്പോള്‍ നമുക്ക് അവകാശം ഇല്ല തന്നെ. ഈ ആശയം പൊലിപ്പിക്കുന്നിടത്ത് ലേഖിക വിജയിച്ചിട്ടുണ്ട്. പിന്നെ, സ്ത്രീയുടെ മനസ്സ് കാണാതെ അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരോട് ഒരു താക്കീതും. നല്ല ലേഖനം.

  ReplyDelete
 15. ഇരിപ്പിടം വഴി ഇവിടെയെത്തി... നല്ലൊരു ലേഖനം വായിച്ചു.കുറേയേറെ പറയണമെന്നുണ്ട്....അത് പിന്നീടൊരിക്കൽ ആകാം..ഈ എഴുത്തുകാരിക്ക് എല്ലാ ഭാവുകങ്ങളും...

  ReplyDelete
 16. നല്ലൊരു ലേഖനം ....ഇതു വേറിട്ടൊരു വായനാനുഭവമായി...നന്ദി ....

  ReplyDelete
 17. അല്ലെങ്കിലും ബ്ലോഗില്‍ ഒക്കെ ആളുകള്‍ എത്തുന്നത് ഇരിപ്പിടം വഴി തന്നാ ചന്തുനായര്‍ ചേട്ടാ..

  ReplyDelete
 18. കുട്ടികള്‍ കുട്ടികള്‍ ആണ്. തിരക്ക് പിടിച്ചു പുതപ്പിന്റെ അര്‍ത്ഥം അവരെ പഠിപ്പിക്കേണ്ടതില്ല. പ്രണയത്തെ പറ്റി മുഴുവന്‍ പഠിക്കും മുന്‍പേ സാമൂഹ്യ അതിരുകള്‍ ചാടിയ പ്രണയത്തെ പറ്റി പഠിക്കേണ്ടതും ഇല്ല. കടലിന്റെ വക്കതൊരു വീട് മാധവികുട്ടിയുടെ വിപ്ലവ സങ്കല്പങ്ങളില്‍ ഒന്നാണ്. സ്വയം ശബ്ദിക്കാന്‍ മടിക്കുന്ന സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ മാധവികുട്ടി ശബ്ദമുകരിതമാക്കുന്നു. വളര്‍ന്നു പഠിക്കട്ടെ കുട്ടികള്‍ ഇതൊക്കെ.. പഠിച്ചു വളരാതെ!

  ReplyDelete
 19. മികച്ച ലേഖനം . നന്നായി പറഞ്ഞു.
  പരിചയപ്പെടുത്തിയ ഇരിപ്പിടത്തിനും നന്ദി

  ReplyDelete
 20. നല്ല ഒരു ലേഖനം...
  ചില ചിന്തകള്‍ സ്വയം ചോദിക്കാന്‍ പോസ്റ്റ് പ്രേരിപ്പിക്കുന്നു....
  ലേഖികയ്ക്ക് അഭിനന്ദനങ്ങള്‍...

  ReplyDelete
 21. വായിച്ചു....
  എഴുത്ത് നന്നായി....

  ReplyDelete
 22. കടലിന്റെ വക്കത്തെ വീട് കണ്ടിട്ടില്ല. പ്രണയിച്ചിട്ടുമില്ല.അതിനാല്‍ വിശദമായ ഒരു അഭിപ്രായം ഇടുന്നില്ല.
  പോസ്റ്റിലെ എഴുത്തിന്‍റെ,അവതരണത്തിന്റെ നിലവാരം മികച്ചതാണ് എന്നു മാത്രം പറയുന്നു.
  ആശംസകള്‍

  ReplyDelete
 23. "പ്രണയത്തെയെന്തിനു ഭയക്കണം നാം ....?"
  എല്ലാവരും ഒന്ന് സ്വയം ചോദിക്കുന്നത് നന്ന്.
  പ്രണയിക്കരുത് അത് തെറ്റാണ് എന്ന്പറഞ്ഞ് കുട്ടികളെ വളര്‍ത്തുന്നു.
  മനസ്സില്‍ പ്രണയം ഉണ്ടാവണം എന്ന് പഠിപ്പിക്കാന്‍ എന്തേ മടിക്കുന്നു?
  പ്രണയം ഒരു പുരുഷനും സ്ത്രീയും തമ്മിലുണ്ടാവുന്നത് മാത്രമാണെന്ന അബന്ധധാരണ ആണിതിന് ഉറവിടം.
  കുട്ടികള്‍ പ്രണയിക്കട്ടെ!സംഗീതത്തെ നദിയെ നിലാവിനെ മഴയെ പ്രകൃതിയെ അങ്ങനെ അവനൊരു നല്ല മനുഷ്യനാവട്ടെ സ്നേഹനിബിഢമായ പ്രണയാതുരമായ ഒരു ഹൃദയത്തിന്റെ ഉടമയ്ക്ക് ഒരിക്കലും ഒരു ടെററിസ്റ്റോ റേപ്പിസ്റ്റോ ആവാന്‍ സാധിക്കില്ല.മനസ്സില്‍ പ്രണയമുള്ളവന്‍ മാതാപിതാക്കളെ വഴിയിലോ വൃദ്ധസദനത്തിലോ ഉപേക്ഷിക്കില്ല.

  നട്ടദാരിദ്ര്യത്തിലും മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന അറുമുഖന്റെഭാര്യയെ കുട്ടികള്‍ തിരിച്ചറിയട്ടെ...""കടലിന്റെ വക്കത്തു പാര്‍ക്കുവാനും ഭാഗ്യം വേണം .രാത്രിയില്‍ കടലിന്റെ പാട്ടും കേട്ട് നക്ഷത്രങ്ങളെയും നോക്കി കൊണ്ട് മലര്‍ന്നു കിടക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കില്ലേ .."ഈ വാക്കുകളില്‍ നിന്ന് കിട്ടുന്ന പോസിറ്റീവ് എനേര്‍ജി അത് കുട്ടികള്‍ ഉള്‍ക്കൊള്ളട്ടെ.
  മികവുറ്റ ഒരു ലേഖനം വായിക്കാനായ സന്തോഷം അറിയിക്കുന്നു ...... അഭിനന്ദനങ്ങള്‍....

  ReplyDelete
 24. വരികളില്‍ വിടരുന്ന വികാരം ശരിയാം വിധത്തില്‍ കുട്ടികളില്‍ എത്തിച്ചാല്‍ അത് യാതൊരു ദോഷവും ചെയ്യില്ല.
  പക്ഷെ അത് മറച്ചു പിടിച്ചു മറ്റൊന്നാണ് ആ വികാരം എന്ന് അവരെ ധരിപ്പിച്ചാല്‍ അവര്‍ അത് ഉള്‍കൊള്ളുന്നത്
  മറ്റൊരു വിധത്തിലായിരിക്കും . ലേഖനം നന്നായി ... ആശംസകള്‍

  ReplyDelete
 25. ദാനശീലവും സാധാചാരബോധവും ഊട്ടിയുറപ്പിച്ചു മക്കളെ വളര്‍ത്തിയിട്ടു അവരെ ഇതൊന്നും ഇല്ലാത്ത, കാപട്യം നിറഞ്ഞ ഈ ലോകത്തിലേക്ക്‌ ജീവിക്കാനായി ഉന്തിതള്ളിവിടുന്ന അവസ്ഥയാണിവിടെ. എന്തിനു മറച്ചു പിടിക്കണം മാനുഷികതയുടെ നിറങ്ങള്‍.നന്നായിരിക്കുന്നു ആശംസകള്‍...... ഞാന്‍ വഴിതെറ്റി വന്നതാണ്‌ ഇവിടെ.പക്ഷെ അത് നന്നായി,വായിച്ചു കൊണ്ടിരിക്കുന്നു.

  ReplyDelete
 26. പ്രണയം ലൈം‌ഗികതയുമായി ചേര്‍‌ന്ന് നില്‍ക്കുന്ന സംഭവമാണെന്ന കാഴ്ചപാടാണ് ഭൂരിഭാഗം ആളുകള്‍ക്കും. ലൈം‌ഗികം എന്ന് പറയുന്നതിനു പോലും സമൂഹത്തിന്റെയും മതത്തിന്റെയും വിലക്കുകള്‍. കൂടെ സ്വന്തക്കാരാരും പ്രണയിക്കരുതെന്ന സ്വാര്‍ഥതയുടെയും.

  നല്ലൊരു ലേഖനം, അഭിനന്ദനങ്ങൾ.

  ReplyDelete
 27. 'സ്നേഹനിബിഢമായ പ്രണയാതുരമായ ഒരു ഹൃദയത്തിന്റെ ഉടമയ്ക്ക് ഒരിക്കലും ഒരു ടെററിസ്റ്റോ റേപ്പിസ്റ്റോ ആവാന്‍ സാധിക്കില്ല.മനസ്സില്‍ പ്രണയമുള്ളവന്‍ മാതാപിതാക്കളെ വഴിയിലോ വൃദ്ധസദനത്തിലോ ഉപേക്ഷിക്കില്ല.'മുകളില്‍ മാണിക്യം എഴുതിയത് ഞാനും ഇവിടെ ചേര്‍ത്ത് വെക്കുന്നു.

  സമൂഹത്തില്‍ പ്രണയം ഇല്ലാതായി കാമം മാത്രമായി തീര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു പരിധി വരെ നമ്മുടെ കപട സദാചാര ബോധത്തിനും മറച്ചു പിടിക്കലുകള്‍ക്കും അതില്‍ വലിയൊരു പങ്കുണ്ട്.
  ഹൈ സ്കൂള്‍ കുട്ടികളെയാണ് ഈ പാഠം പഠിപ്പിക്കുന്നതെങ്കില്‍ തീര്‍ച്ചയായും മറച്ചുപിടിക്കേണ്ട ആവശ്യമില്ല.
  ടീച്ചര്‍, ഇഷ്ടമായ്‌ കഥയുടെ ആസ്വാദനവും കാഴ്ചപ്പാടും.
  പുതിയൊരു ബ്ലോഗിണിയാണ്. ഇനി വായനക്ക് കൂടെയുണ്ട്...

  ReplyDelete