Tuesday 10 February 2015

ഒരിറ്റ്







പുലരി മഞ്ഞിൻതണു -
പ്പുടലാകെ  പൂശി
ജനലോരം കാത്തു നിന്നു
പദമിടറിയൊരു കാറ്റ് ...
                            തുറന്നവാറോടി  വരു -
                            കിലെന്നു നിനച്ച്
                            തൂവരുതിനിയെന്നുറച്ച്
                            പൂട്ടി മിഴിയോരം ....
രാവിൻ വാനിലൊരമ്പിളി
നേർത്തു  നേർത്തു  മേഘ -
ജാലക മറവിലൊളിച്ചു
നിൽപ്പതറികിലും...
                           പിൻതിരികില്ലെന്നുറച്ച്
                           വാതിൽ   ചാരിയിരുളിൻ
                           കൂട്ടിലായൊളിക്കിലും
                           ഇരുകണ്‍പീലിത്തടവറ-
തുറന്നൊഴുകുമീനനവിനെ
യനംഗനായലിയി-
ച്ചെടുത്തു  നീ  മറയവെ
രാവുമാത്ര , മിതു  പോൽ
ശേഷിപ്പതിനിയെന്നിൽ...






Saturday 13 December 2014

കടൽ


                  ഓരോ തിരയും --
                          ആർത്തലച്ചു വരുന്നു ...
                          ദീർഘ വിരഹങ്ങൾക്കൊടുക്കമുള്ള
                          പുന:സമാഗമങ്ങളെന്ന പോലെ
                         

                          പിന്നെ
                          പാൽനുരകളാൽ വെറുതെ
                          തീരം നനച്ച്‌
                          തിടുക്കം നടിച്ച്
                          അകന്നു പോകുന്നു ....


                          തനിയാവർത്തനങ്ങൾ
                          മടുപ്പെന്നു മൊഴിഞ്ഞ്‌
                          നമ്മളും ......


Saturday 28 June 2014

സ്നേഹ ബഹുമാനപ്പെട്ട കള്ളന് ......




ആദ്യമേ തന്നെ താങ്കളുടെ ജോലിയിലുള്ള  വൈദഗ്ധ്യ് ത്തേയും  ആത്മാർത്ഥ

ത്തെയും  ഞാൻ മനസ്സാ അഭിനന്ദിക്കട്ടെ ....

ഞങ്ങളുടെ  മുൻധാരണകളെയെല്ലാം   തകിടം മറിച്ചു  കൊണ്ട്  ഇത്രത്തോളം

കാര്യ ക്ഷമതയോടെ പണി തീർത്ത  വാതിലുകളും ജനലുകളും

പൂട്ടുകളുമെല്ലാം  നിക്ഷ്പ്രയാസം  കീഴടക്കി  ഈ വീടിനകത്തു കടന്ന താങ്കളുടെ

കഴിവ് അപാരം തന്നെ ....

എങ്കിലും എനിക്കുറപ്പുണ്ടായിരുന്നു.

എന്നെങ്കിലുമൊരിക്കൽ താങ്കളിതിനുള്ളിൽ കയറിപറ്റുക തന്നെ ചെയ്യുമെന്നു...

എന്റെയീ സന്ദേ ശം   വായിക്കുക തന്നെ ചെയ്യുമെന്ന് ....

അതു കൊണ്ടു  കൂടിയാണ്  താങ്കളൊരു  മലയാളി (അക്ഷരാഭ്യാസമുള്ളവൻ)

ആയിരിക്കണേ എന്ന് ഞാൻ പ്രാർഥിച്ചിരുന്നത്.

താങ്കളൊരു തമിഴനോ അതോ വായിക്കനറിയാത്തവാനോ

ആയിരുന്നുവെങ്കിൽ എന്റെയീ വാക്കുകളെല്ലാം വൃ ഥാവിലയി

പോവുകയായിരുന്നുവല്ലോ ......

ദൈവത്തിനു  നന്ദി .....!

സമയമിപ്പോൾ എത്രയായി കാണും ....?

പാതിരാവിനും പുലർക്കാലത്തിനുമിടയ്ക്കെ പ്പോഴോ  ആണ് അങ്ങയുടെ

ജോലി സമയമെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്...

സർവ്വചരാചരങ്ങളും  നിദ്രയിലാണ്ടു കിടക്കുമ്പോഴും  പ്രവർത്തന

നിരദനാവുക അഭിനന്ദനീയം തന്നെ അല്ലെ..?

അങ്ങേക്ക് വിശക്കുന്നില്ലേ ....?

ജോലിയിലുള്ള എകാഗ്രതയാൽ ഉറക്ക ക്ഷീണം മറക്കുകയാവും അല്ലെ?

ഇതാ മേശപ്പുറത്തു വെച്ചിരിക്കുന്ന ഈ ഫ്ലാസ്ക്കിനുള്ളിൽ അങ്ങേക്ക് വേണ്ടി

ഞാൻ എലക്കായയിട്ട മധുരമുള്ള കട്ടൻ ചായയും  അതിനടുത്ത  ടിന്നിൽ

കുറച്ചു

ബിസ്കറ്റുകളു  മെടുത്തു വെച്ചിട്ടുണ്ട്....കഴിക്കാം..

ബിസ്ക്കറ്റിഷ്ടമെല്ലെങ്കിൽ....

അടുക്കളയിൽ ചോറുണ്ട് ...ഫ്രിഡ്ജിൽ വെച്ചാൽ താങ്കള്ക്കിഷ്ട്ടപെടുമോ

എന്നുറപ്പില്ലാത്തതു  കൊണ്ടും താങ്കളെത്തുമോ എന്നുറപ്പില്ലാത്തതുകൊണ്ടും

ഞാനതിൽ വെള്ളമൊഴിച്ചു  വെച്ചു പോയി.... സാരമില്ല. അടുപ്പിലെ കലത്തിൽ

ഇന്നലത്തെ മീൻ കറിയുണ്ട് ...കുടംബുളിയിട്ടു വെച്ചതാണ് താങ്കള്ക്കിഷ്ട പ്പെടും.

ക്ഷണിക്കാതെ വന്ന അതിഥി  ആതിഥേ യനും കൂടിയാവുന്നതിൽ ക്ഷമ

ചോദിച്ചുകൊണ്ട്  തുറന്നു പറയട്ടെ....

ഈ വലിയ വീട് പുറമേ കണ്ടു തെറ്റിദ്ധരിച്ച്‌ താങ്കിളിടെയൊരു

അപ പരഹരണ സാധ്യത  കണ്ടത്തിൽ കുറ്റം പറഞ്ഞിട്ടു  യാതൊരു

കാര്യവുമില്ല...

പക്ഷെ സത്യം പറയാമല്ലോ...

താങ്കൾക്കു വേണ്ടയാതൊന്നും  തന്നെ ഈ വീട്ടിലില്ല ...

പണമോ സ്വർണ്ണമോ മറ്റു വിലപ്പിടിപ്പുള്ള  വസ്തുക്കളോ  ഒന്നും ....

അതെല്ലാം ഇല്ലാത്തതു കൊണ്ടാണ്  ഈ വീടി ത്ര ത്തോളം  മോടി

പിടിപ്പിക്കനായതും...

അതിനു വേണ്ടി തെരഞ്ഞുനടന്നോ സാധനങ്ങൾ വലിച്ചുവാരിയിട്ടോ

താങ്കളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തേണ്ടതില്ലതന്നെ...

ഈ  വലിയ വീടിലെ മൂന്നു കിടപ്പ്മുറികളിൽ ഒരെണ്ണം കട്ടില് പോലുമില്ലാതെ

ഒഴിഞ്ഞു കിടക്കുകയാണ്

ഒന്നിൽ  കുട്ടികളുടെ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വസ്ത്രങ്ങളു  മാണ് ....

ഈ ഹാളി നപ്പുറത്തെ കിടപ്പു മുറിയുടെ ചുമരലമാരകൾ   മാത്രമേ താങ്കൾക്ക്

പരിശോധിക്കാൻ തോന്നാൻ സാധ്യതയുള്ളൂ...അതിൽ തന്നെ മുകൾ ഭാഗത്തെ

നാലു തട്ടുകളിൽ ഞങ്ങളുടെ വസ്ത്രങ്ങളാണ്....

ഇടതു ഭാഗത്ത്‌ മൂടിയില്ലത്തൊരു നീല പ്ലാസ്റ്റിക് പാത്രത്തിലിരിക്കുന്ന മാലയും

വളകളും സ്വർണ്ണമെന്നു കരുതി  അബദ്ധത്തിൽ പോലും എടുത്തു

പോയേക്കരു തേ ....

അത് വിൽക്കാനോ പണയം വെക്കാനോ ശ്രമിച്ച്  താങ്കൾ

പിടിക്കപ്പെടുകയാണെങ്കിൽ  അതിന്റെ നാണക്കേട്‌ ഞങ്ങൾക്കും

കൂടിയാണല്ലോ...

താഴത്തെ തട്ടിലെ കള്ളറയിൽ പണമോ വീടിന്റെ ആധാരമോ പോലും ഇല്ല...

അതെല്ലാം ബാങ്കിൽ പണയത്തിലാണ് ..

ആകെയുള്ളത് റേഷൻകാർഡ് ,ആധാർകാർഡ്‌ ,വോട്ടേ ഴ്സ്  ഐ. ഡി  കാർഡ്‌

തുടങ്ങി  താങ്കൾക്ക്    ഉപയോഗിക്കാനാവാത്ത വസ്തുക്കളാണ്..

അതിനൊന്നും കേടുവരുത്തരുതേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു...

അവയ്ക്കു  താഴെ മഞ്ഞ നിറത്തിലുള്ളോരു  കവറിനുള്ളിൽ   പ്രത്യേ

കമായി  പൊതിഞ്ഞു  വെച്ചൊരു  കവറിൽ  കുറെ കത്തുകളുണ്ട്...

"കൊച്ചു കള്ളാ  ...." എന്ന സംബോധനയോടെ  എഴുതപ്പെട്ട ആ കത്തുകളൊന്നും

താങ്കൾ ക്കുള്ളതല്ലെന്നും  അതെല്ലാം വളരെ സ്വകാര്യമായ ഒരു പ്രണയ

കാലത്തിന്റെ തിരു ശേഷിപ്പുകളാനെന്നും അവ താങ്കൾ ക്കുള്ള താണെന്നു

കരുതി എടുത്തു കൊണ്ടു പോകെരുതെന്നും ഒർ മ്മിപ്പിക്കട്ടെ....

ഹാങ്ങറിൽ  തൂങ്ങി ക്കിടക്കുന്ന ഷർട്ടു കൾ  താങ്കൾക്കു പാകമാകാൻ  സാധ്യത

യുണ്ടെങ്കിൽ ഇട്ടു നോക്കിയ ശേഷം  മാത്രം  (ഒന്നോ  രണ്ടോ  എണ്ണം) താങ്കൾക്ക്

എടുക്കാവുന്നതാണ്..ഫർണ്ണീച്ചറു കളൊന്നും താങ്കൾക്ക്

ആവശ്യമുണ്ടാകില്ലെന്നും വിശ്വസിക്കട്ടെ ,,,

കാരണം അതുകൊണ്ട് പോകാനുള്ള വാഹന സൗകര്യവും തൊഴിലാളികളും

ഈ പാതിരാവിൽ താങ്കൾക്കു സംഘടിപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കുമല്ലോ ....

അതുകൊണ്ടു  കൂടിയാണ്  എല്ലാം തുറഞ്ഞു പറഞ്ഞ്  ഞാനീ കത്തെഴുതി

വെക്കാൻ തീരുമാനിച്ചത് ....

ഈ കുറി പ്പിനടുത്ത് തന്നെ താങ്കൾക്ക്  വായിക്കുന്നതിനു വേണ്ടി ഞാനൊരു

പുസ്തകം വെച്ചിട്ടുള്ളത്‌ കാണുന്നില്ലെ ...

മണിയൻപിള്ള  എന്ന പ്രശസ്തനായൊരു കള്ളന്റെ 'തസ്കരൻ ' എന്ന ആത്മ

കഥ വായിച്ചാൽ താങ്കൾക്ക് പ്രയോജനപ്രദമായെക്കാവുന്ന ആ

പുസ്തകത്തിന്റെ വലുപ്പം കൂടുതലായതു കൊണ്ടാണ് താങ്കൾക്കു  ഞാൻ

കട്ടൻ ചായയും ബിസ്കറ്റും കരുതി വെച്ചത് ....

ഉറക്കം വരുന്നു ണ്ടെങ്കിൽ അല്പം വിശ്രമിച്ചോ ളു ....അതോ

പണവും,സ്വർണ്ണവും കിട്ടാത്ത നിരാശയിൽ തിരികെ പോകാനാണ് ഉദേശ്യ

മെങ്കിൽ അതും ആവാം.

താങ്കൾ വായിക്കനിഷ്ടമുള്ള ആളാണെങ്കിൽ ആ പുസ്തകം എന്റെ ഓർമ്മ

ക്കുവേണ്ടി ....താങ്കൾക്കുള്ള  എന്റെ സ്നേഹോപഹാരമായി സ്വീകരിച്ചു

കൊണ്ട് പോകാവുന്നതാണ്.

തീർച്ചയായും താങ്കളൊരു സഹൃദയനാണെന്ന് എന്റെ മനസ്സ് പറയുന്നു

അതുകൊണ്ടാണല്ലോ  ഇത്രയും വായിക്കാൻ താങ്കൾ ക്ഷമ കാണിച്ചത്  എനിക്ക്

താങ്കളെ പരിചയപ്പെടാൻ ആഗ്രഹമുണ്ട് ....

തൊട്ടടുത്ത വീട്ടിൽ  ഞാനുണ്ട്...

ഭർത്താവ് ജോലി സംബന്ധമായി ദൂരെയൊരിടത്ത് പോയത് കൊണ്ട് ഞാനും

മക്കളും അപ്പുറത്തെ വീട്ടിലാണുറങ്ങുന്നത് ...

ഒരു കള്ളനു വേണ്ട യാതൊരു ആഭരണവുമില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ

ജനല തുറന്നിട്ടുണ്ടായിരിക്കും താങ്കളവിടെ  വരികയാണെങ്കിൽ നമുക്ക്

പരിചയപ്പെടാമല്ലോ ...ഒരു കള്ളനുമായി സൗഹൃദ മുണ്ടാക്കുക ജീവിതത്തിൽ

വളരെ പ്രയോജനപ്രദമായിരിക്കുമെന്നു എവിടെയോ പണ്ടൊരിക്കൽ ഞാൻ

വായിച്ചതോർക്കുന്നു...

ക്ഷമാ പ്പൂർവ്വം ഇത്രയും വായിക്കാൻ സന്മനസ്സു കാണിച്ച അങ്ങേക്ക്‌ നന്ദി....

ഒരു കാര്യം കൂടി പറയുവാനുണ്ട്....

ലോണെടുത്തും കടം വാങ്ങിയും പണയം വെച്ചും ഒരുപാടു കഷടപെട്ടു

ഞങ്ങളുണ്ടാക്കിയ ഈ വീടിന്റെ പൂട്ടുകളുടെയും, വാതിലിന്റെയും

നവീകരണത്തിന് വേണ്ടി ഇനിയീ വീട്ടിൽ  പണയം വെക്കാനൊരു തരിപൊന്നു

പോലും ശേഷിക്കതുകൊണ്ട് താങ്കളുടെ കാരുണ്യത്താൽ വല്ലതും വെച്ചിട്ടു

പോകണമെന്നു താഴ്മയോടെ അപേക്ഷിക്കുന്നു...

                                                                                                 വിശ്വസ്തതയോടെ ...
                                                                                                                 
                                                                                                                 ഗൃഹ നാഥ .....

Friday 15 November 2013

മീനുകൾ

വലയിലാണു നാം;കരുതിയിരിക്കുക
ചെറുതനക്കവുമീവലയുയർത്തിടും
തിരയിളക്കവും വെണ്‍നുര ചിതറലും
പാർത്തു കണ്‍കൾ കരയ്ക്കിരിക്കുന്നിതാ

ഹരിതമാകെപ്പടർന്നൊരീ തീരത്തു
കൊടിയ സ്വർത്ഥരായ് വന്നണഞ്ഞീടുവോർ  
പുഴ,യൊഴുക്കു,മീ തെന്നലും കാണുമോ?
ഉയിർ പിടയ്ക്കുന്ന നോവറിഞ്ഞീടുമോ?

ഇവിടെ നാം രണ്ടു മീനുകൾ പുഴയിലെ
ചെറുതു ജീവിതഭാരം തുഴയുവോർ
കുനുചിറകിനാൽ വീശിയൊഴുക്കിന്റെ -
യെതിരിലാഴം തിരഞ്ഞു പോകുന്നവർ


മണിയൊളിപ്പിച്ച ചിപ്പിതന്നുള്ളിലെ
പെരിയ നോവിന്റെ നീറ്റലറിയുവോർ
കൊടിയ വേനലും വർഷവും കാറ്റിന്റെ-
യലയിളക്കവും തൊട്ടറിഞ്ഞീടുവോർ


വിധി വിരിച്ചിട്ട വലയിലെ കണ്ണികൾ
മുകളിൽ മേലാപ്പു തീർത്തതറിഞ്ഞുവോ
ഇനിയുയർത്തിടാംനമ്മളെ കരയിലേ-
ക്കെറിയുവാനിനി വൈകില്ല നേരമായ്


കരയുവാനില്ല കണ്ണുനീർ;നീരിൽ നീ-
ന്നുയരുവാനിനി തെല്ലില്ല താമസം
പിടയുമുള്ളാലെ കണ്ണുകൾ പൂട്ടി നാം
ഇരു ചിറകിനാൽ തമ്മിൽ പുണർന്നിടാം.






Sunday 10 November 2013

ഒളിഞ്ഞിരിപ്പവൾ

ഉറക്കമാണവൾ...
ഉള്ളിൽ....
കടൽക്കിടക്കയിൽ...
കയ്യി -
ലടച്ച പുസ്തകം
നെഞ്ചിൽ പുണർന്നു
കണ്‍പൂട്ടി .
നിറങ്ങളേഴും ചേർ -
ന്നലിഞ്ഞൊരുൾപ്പൂവിൽ
മാനമൊളിഞ്ഞു നോക്കാതെ
വിടർന്ന പീലികൾ
അടുക്കളയ്ക്കക -
മെരിഞ്ഞു തീരുമ്പോൾ...
അലക്കു കല്ലിന്മേൽ
വെളുത്തു പിഞ്ഞുമ്പോൾ ...
തിടുക്കമാർന്നെങ്ങും
പിടഞ്ഞു പായുമ്പോൾ ..        
ഇടയ്ക്കു ഞാനെന്നിൽ
തിരഞ്ഞു ചെല്ലുന്നു .
ഉറക്കമാണവളുള്ളിൽ
കനൽക്കിടക്കയിൽ ...
ഉണർത്തിടായ്ക നീ
മൃദുസ്വനങ്ങളാൽ ....