Friday 15 November 2013

മീനുകൾ

വലയിലാണു നാം;കരുതിയിരിക്കുക
ചെറുതനക്കവുമീവലയുയർത്തിടും
തിരയിളക്കവും വെണ്‍നുര ചിതറലും
പാർത്തു കണ്‍കൾ കരയ്ക്കിരിക്കുന്നിതാ

ഹരിതമാകെപ്പടർന്നൊരീ തീരത്തു
കൊടിയ സ്വർത്ഥരായ് വന്നണഞ്ഞീടുവോർ  
പുഴ,യൊഴുക്കു,മീ തെന്നലും കാണുമോ?
ഉയിർ പിടയ്ക്കുന്ന നോവറിഞ്ഞീടുമോ?

ഇവിടെ നാം രണ്ടു മീനുകൾ പുഴയിലെ
ചെറുതു ജീവിതഭാരം തുഴയുവോർ
കുനുചിറകിനാൽ വീശിയൊഴുക്കിന്റെ -
യെതിരിലാഴം തിരഞ്ഞു പോകുന്നവർ


മണിയൊളിപ്പിച്ച ചിപ്പിതന്നുള്ളിലെ
പെരിയ നോവിന്റെ നീറ്റലറിയുവോർ
കൊടിയ വേനലും വർഷവും കാറ്റിന്റെ-
യലയിളക്കവും തൊട്ടറിഞ്ഞീടുവോർ


വിധി വിരിച്ചിട്ട വലയിലെ കണ്ണികൾ
മുകളിൽ മേലാപ്പു തീർത്തതറിഞ്ഞുവോ
ഇനിയുയർത്തിടാംനമ്മളെ കരയിലേ-
ക്കെറിയുവാനിനി വൈകില്ല നേരമായ്


കരയുവാനില്ല കണ്ണുനീർ;നീരിൽ നീ-
ന്നുയരുവാനിനി തെല്ലില്ല താമസം
പിടയുമുള്ളാലെ കണ്ണുകൾ പൂട്ടി നാം
ഇരു ചിറകിനാൽ തമ്മിൽ പുണർന്നിടാം.






7 comments:

  1. ഉള്ളില്‍ നൊമ്പരമുണര്‍ത്തും വരികള്‍
    മനോഹരമായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  2. വലക്കുള്ളിലെ ജീവിതങ്ങള്‍ .. മനോഹരമായ വരികള്‍ ..

    ReplyDelete
  3. കവിത ഇഷ്ടമായി

    ReplyDelete
  4. നന്നായി.. എന്നും എപ്പോഴു ഒരു കരുതൽ വേണം. കെണിവലകൾ എവിടെയും

    ReplyDelete
  5. നല്ല കവിത.നന്നായി എഴുതി.

    ശുഭാശംസകൾ....


    ReplyDelete
  6. രചന നന്നായിരിക്കുന്നു ,ഇഷ്ടം
    ഭാവുകങ്ങള്‍

    ReplyDelete