Monday, 19 September 2011

ഫേസ് ബുക്ക്

പ്രദര്‍ശനച്ചുമരിലൊരുവള്‍
ചത്തു തൂങ്ങിക്കിടക്കുന്നു .
താഴെ
അടിക്കുറിപ്പുകളുടെ നീണ്ട നിര
അച്ഛനും അമ്മയും :
"പൊന്നു മോളെ
നീയെന്തിനിതു   ചെയ്തു ...?"

അധ്യാപകന്‍ :
"ചോദ്യ ചിഹ്നമായവശേഷിച്ച
വിനീത ശിഷ്യക്ക്
ആദരാഞ്ജലികള്‍ "
അയല്‍വാസി :
"സുന്ദരിയായിരുന്നു
ഇപ്പോള്‍ പുഴുവരിക്കുന്നുണ്ടാകും "
കൂട്ടുകാരന്‍ 1 :
"ഡാ..  നോക്കെടാ..
തൂങ്ങി നില്‍ക്കുന്നു അഹങ്കാരി ! "
കൂട്ടുകാരന്‍ 2 :
"ഞാനപ്പഴേ  പറഞ്ഞില്ലേ   
അവളാള് പെശകായിരുന്നു.."

കൂട്ടുകാരന്‍ 3 :
"അവള്‍ക്കു രണ്ടു ഫോണുണ്ടായിരുന്നു
കാക്കത്തൊള്ളായിരം നമ്പരും "
കൂട്ടുകാരന്‍ 4 :
" നല്ല ഫിഗറായിരുന്നു
വേസ്റ്റാക്കി കളഞ്ഞല്ലോടെയ് ...!
കൂട്ടുകാരി 1 :
"ഞാനവളോടപ്പോഴേ പറഞ്ഞിരുന്നു
സൂക്ഷിക്കണമെന്ന് ...."
കൂട്ടുകാരി  2 :
" ശരിയാ ... മരമണ്ടി ."
കൂട്ടുകാരി  3 :
"നമുക്കൊരു മുന്നറിയിപ്പ് "
കൂട്ടുകാരി  4 :
"സമയമാം രഥത്തില്‍ നീ
സ്വര്‍ഗ്ഗ യാത്ര ...."

............................
............................
(അടിക്കുറിപ്പുകളിലൂടെ
വീണ്ടും  വീണ്ടും  വീണ്ടും 
അവരവളെ
കൊന്നു കൊണ്ടേയിരുന്നു ....)

9 comments:

  1. വളരെ നന്നായി..മാധ്യമങളെല്ലാം ചെയ്യുന്നതിതു തന്നെ.. സോഷ്യൽ മീഡിയ ആണെങ്കിലും കൊമേർസ്യൽ മീഡിയ ആണെങ്കിലും...

    Please change word verification !!

    ReplyDelete
  2. കൊള്ളാം നന്നായിട്ടുണ്ട് ഈ ചിന്തകള്‍ !!

    ReplyDelete
  3. നല്ല വരികളും അതിനു പറ്റിയ പാശ്ചാത്തലവും.

    ReplyDelete
  4. ഉത്തരാധുനികതയുടെ പുതിയ മുഖം നന്നായിരിക്കുന്നു

    ReplyDelete
  5. കവിത നന്നായിട്ടുണ്ട്...
    ആധുനികലോകത്ത്തിന്റെ ദുരന്തജീവിതചിത്രങ്ങള് ഈ കവിതയിലെവിടെയോക്കെയോ കാണാന് കഴിയുന്നുണ്ട്...
    അതുകൊണ്ട് തന്നെ ഇതൊരു വലിയ നുണക്കഥയാവട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു....
    അടിക്കുറിപ്പുകള് വായിക്കാന് അവളില്ലാതെ പോകുമല്ലോ ന്ന സങ്കടമേയുള്ളു....
    "ഒരു മുഖംമൂടി വെക്കാത്ത ചങ്ങാതിയെ അരികിലും അകലെയും കണ്മതില്ലാ.."
    കവിതയെ കീറിമുറിക്കുന്ന വേറൊരു കൂട്ടുകാരന്റെ അടിക്കുറിപ്പ്

    ReplyDelete
  6. നന്നായിട്ടോ.....

    ReplyDelete
  7. "അടിക്കുറിപ്പുകളിലൂടെ
    വീണ്ടും വീണ്ടും വീണ്ടും
    അവരവളെ
    കൊന്നു കൊണ്ടേയിരുന്നു"

    അച്ഛന്‍ മരിച്ചെന്നു ധൃതിയില്‍ status upadate ചെയ്യുന്ന മകനും അതിനു 'LIKE' അടിക്കുന്ന അവന്റെ നിര്‍ഗുണപരബ്രഹ്മങ്ങളായ ചങ്ങാതിക്കൂട്ടങ്ങളും.. കാലികമായ ഒരു ദുരവസ്ഥയുടെ ഓര്‍മ്മപെടുത്തല്‍ .. നന്നായി..

    ReplyDelete
  8. നമ്മളുംഅവരില്‍ ഒരാളല്ലേ.......................???????????

    ReplyDelete