നമ്മളിപ്പോള്‍ കടല്ക്കരയിലാണ്.
തീരത്ത് ചിപ്പികള്‍ പെറുക്കിയോടി നടന്നും മണല്‍കൊട്ടാരമുണ്ടാക്കിയും കളിക്കുന്ന മക്കളെ ,
' ഉടുപ്പ് കേടാവും ' ...' അഴുക്കാവും '...എന്നൊക്കെ പറഞ്ഞു നീ പേടിപ്പിക്കുന്നുണ്ട് ....
കണ്ണിറുക്കിക്കൊണ്ട് ഞാനവരെ പ്രോത്സാഹിപ്പിക്കുന്നത് നീയറിയാതെ പോകുന്നു ....
“ആളുകള്‍ക്ക് വട്ടാണ് . കടലിലെന്താണിത്ര കാണാനുള്ളത് ? കുറെ തിരമാലകളങ്ങോട്ടുമിങ്ങോട്ടും പോകുന്നു ... വരുന്നു ... ഇതല്ലാതെ വേറെന്ത് ...?”
നിന്റെ പിറുപിറുക്കല്‍
ഉള്‍ച്ചിരിയോടെ ഞാനത് തലകുനിച്ച് സമ്മതിക്കുന്നു .
അഴിമുഖത്തെ ആഴങ്ങളില്‍ ചെറു മീനുകളും വന്‍മത്സ്യങ്ങളും കടലില്‍ നിന്ന് പുഴയിലേക്കും … പുഴയില്‍ നിന്ന് കടലിലേക്കും ശബ്ദമുണ്ടാക്കാതെ നീന്തിപ്പോയി .
“മഴ പെയ്തേക്കും .. . റോഡ് മോശമാണ് ... ഇരുട്ടായാല്‍ കുഴികളൊന്നും കാണില്ല ...”
നിന്റെ തിടുക്കം .
“ഇത്തിരി നേരം കൂടി കളിച്ചാലെന്താ ? ”
നുര തെറിപ്പിച്ചു കളിക്കുന്ന കുരുന്നു പരിഭവങ്ങള്‍ .
ഞാനെന്തു പറയാന്‍ .......?
പതിവുപോലെ ഇന്നും അസ്തമയം കാണാതെ നമുക്ക് തിരിച്ചു പോകാമെന്നോ ...?
അതോ ചന്ദ്രനുദിക്കുമ്പോള്‍ വേലിയേറ്റങ്ങളാലും ഇറക്കങ്ങളാലും ഈ പുഴ ചിലപ്പോള്‍ കിഴക്കൊട്ടുമൊഴുകാറുണ്ടെന്നോ ...?
അഴിമുഖമെന്നത് ഒഴുക്ക് കൊണ്ട് പുഴയായും തിരകള്‍ കൊണ്ട് കടലായും രൂപം മാറുന്ന ഉത്തരമില്ലാത്തൊരു കടംകഥയാണെന്നോ...?
വേണ്ട .
ഞാനെഴുന്നേല്‍ക്കുന്നു
പറയട്ടെ ?
“നമുക്ക് തിരിച്ചുപോകാം .”
നന്നായിട്ടുണ്ട്. ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടെ. ആശംസകള്‍.
ReplyDelete