Saturday, 13 August 2011

പെണ്മരം

   
       
              
സ്വച്ഛതയുടെ    
               മണ്‍തണുപ്പില്‍  നിന്ന്   
               പറിച്ചെടുക്കണം
               വേരോടെ.....
               തായ് വേരറുക്കാം
               ചോരപൊടിയില്ല.
               ശിഖരങ്ങള്‍ കോതി-
               മിനുക്കി-
               മെരുക്കി- 
               യൊതുക്കി
               വളര്‍ത്താം
               ചട്ടിയില്‍.....
               മണല്‍, വെള്ളം, വളം
               എല്ലാം
               കുറച്ചു മാത്രം .
               പുഴയോര്‍മ്മകള്‍ 
               ബാക്കി നിര്‍ത്തിയ
               വെള്ളാരങ്കല്ലുകള്‍
               ചുറ്റും നിരത്തുക
               അഴകിനല്‍പ്പം.
               സ്വീകരണ മുറിയിലോ
               കിടപ്പറയിലോ
               അടുക്കളയിലോ
               മാറ്റി മാറ്റി വെക്കാന്‍
               നല്ലൊരലങ്കാരം. 
               പച്ചപ്പു  നിലനിര്‍ത്താന്‍
               ഇടക്കൊന്നു
               വെയില്‍  കൊള്ളിക്കണ- 
               മെന്നേയുള്ളൂ.
               ജനലരികില്‍ വെക്കരുത്
               ചില മഴകളില്‍
               ഇടറിയ കാറ്റൊച്ചയില്‍
               നിലാവിന്‍ നുറുങ്ങുകളേറ്റ്
               കൈകള്‍ നീണ്ടു പോയാലോ......
               അതുകൊണ്ട്
               അകത്തളങ്ങളിലൊതുക്കാം  
               ഈ
               ബോണ്‍സായ്  ജന്മത്തെ !






5 comments:

  1. കവിത ഒരുപാടിഷ്ടപ്പെട്ടു.

    ReplyDelete
  2. മനോഹരമായി,വാക്കുകളില്‍ തളിര്‍ത്ത ജീവിതപ്പച്ച.

    ReplyDelete
  3. ചില ജന്മങ്ങള്‍ ഇങ്ങിനെയൊക്കെയാണ്..
    ബോന്‍സായ് ആയി മാറാന്‍ മാത്രം വിധിക്കപ്പെട്ടവ...

    നന്നായി പറഞ്ഞൂട്ടാ..ഇഷ്ടായി....

    ReplyDelete
  4. കവിത ഇഷ്ടപ്പെട്ടു, വളരെ വളരെ, ബോണ്‍സായ് ജന്മമെന്ന തുറന്ന് പറച്ചില്‍ വേണമായിരുന്നോ എന്ന് ചിന്തിക്കാം.

    ആശംസകള്‍, ഇനിയുമെഴുതുക

    ReplyDelete
  5. കുട്ടി മരത്തെ ക്കുറിച്ചുള്ള
    കുട്ടിക്കവിത
    ഗംഭീരമായി
    കാച്ചിക്കുറുക്കി എഴുതിയ
    വരികള്‍ തന്നെ
    നന്നായി കേട്ടോ
    പക്ഷെ ഒരു സംശയം ബാക്കി
    എന്ത് കൊണ്ടിത് പെണ്മരമായി?
    വളഞ്ഞവട്ടം പി വി

    ReplyDelete