Thursday, 25 August 2011

കടലു കാണാന്‍ പോയാല്‍....

കടലു കാണാന്‍ പോയാല്‍
വെറുതെ കടലു മാത്രം
കണ്ടാല്‍ പോര .
         കടല്‍ നീല
         വെറുമൊരു നീല നിറ-
         മല്ലെന്നറിയണം.
കാറ്റിന്റെ ഉപ്പുനനവ്
രുചിച്ചറിയണം .
         കടല്‍ക്കാക്കകളുടെ                             
         വെളുപ്പും തുടുപ്പും
         ചാഞ്ചാട്ടവുമറിയണം .
ഡോള്‍ഫിനുകള്‍
ഒരിടത്തുമുങ്ങി
മറ്റൊരിടത്തു
പൊങ്ങുന്നതി-
ന്നര്‍ത്ഥമറിയണം  .
         ഞണ്ടുകള്‍
         പുറകോട്ടു പോ -
         യോടിയൊളിക്കുന്നത്
         എന്തിനെന്നറിയണം.
മണല്ക്കൊട്ടാരങ്ങളുടെ
അല്പായുസ്സു
തൊട്ടറിയണം .
         ശംഖുകളിലെ
         കടലിരമ്പം
         കാതോര്‍ത്തറിയണം.
അസ്തമയ സൂര്യന്‍
നിറക്കൂട്ടു ചാലിച്ചു
പടര്‍ത്തുന്നതറിയണം .
         കടലു കാണാന്‍ പോയാല്‍
         വെറുതെ കടലു മാത്രം
         കണ്ടാല്‍ പോര .....

ആര്‍ത്തലച്ചു വന്നിട്ടും
പിന്തിരിയേണ്ടി വരുന്ന
തിരകളുടെ
സ്നേഹനിസ്സഹായത
ആദ്യമറിയണം .

1 comment:

  1. ശോ ..ഇതൊക്കെ അറിയാതെയാ ഞാന്‍ ഇതുവരെ കടലു കണ്ടത്..... :)
    നന്നായിട്ടുണ്ട് കവിത...

    ReplyDelete