ഉപ്പു നനവുള്ള തീരത്ത് മണല്‍ കൊട്ടാരങ്ങളുണ്ടാക്കുന്ന ലാഘവത്തോടെയാണ് നിന്റെ കൈകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പുതുവീടുകള്‍ തീര്‍ക്കുന്നത് .വീട് നിര്‍മ്മാണത്തിനുള്ള ചെലവു ചുരുങ്ങിയതും ഭംഗിയേറിയതുമായ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ചു തരുന്ന ആനുകാലികങ്ങള്‍ നമ്മുടെ കൊച്ചു വീടിനുള്ളില്‍ ഇടം പിടിച്ചു തുടങ്ങിയിട്ട് ഇതിനകം വര്‍ഷങ്ങളായിരിക്കുന്നു..നിങ്ങള്‍ക്കു വേണ്ട 'ആധുനിക ഭവനങ്ങള്‍ ഏതെന്നു കണ്ടെത്തു' എന്ന് നിരന്തരം പ്രലോഭിപ്പിച്ചു കൊണ്ട് ഓരോ വട്ടവും നമ്മുടെ മുറ്റത്തേക്ക് മാസികകള്‍ പറന്നു വീണു കൊണ്ടിരുന്നു .. സിമെന്റിലും മണലിലും തടിയിലും തീര്‍ത്ത മനോഹരമായ കവിതകള്‍ പോലെ ഓരോ വീട്ടുചിത്രവും നമ്മളെ ആകര്‍ഷിച്ചു.. രാത്രി മുഴുവന്‍ ഉറക്കമിളച്ചു നാം വീടുകള്‍ക്കായി വെബ് സൈറ്റുകളില്‍ പരതി നടന്നു...
കൂടുതല്‍ ഭംഗിയേറിയ കൂടുതല്‍ സൌകര്യങ്ങളുള്ള ചെലവു കുറഞ്ഞ ഓരോ വീടുകളും നമ്മളെ പ്രതീക്ഷയുടെ ഉന്നതിയിലെത്തിച്ചു ...
പണം മാത്രമായിരുന്നു ഏക തടസ്സം .
ഒടുവില്‍ നീ അതിനും വഴി കണ്ടെത്തി .
" നമുക്കീ പഴയ വീടു വില്‍ക്കാം ..?അല്ലാതെ വേറെ വഴിയില്ലല്ലോ ....?
നിസ്സഹായതക്കുമേല്‍ വാക്കുകള്‍ പ്രതീക്ഷയുടെ ആവരണമിട്ടു . ഓര്‍മ്മകളുടെ പൂപ്പല്‍ പിടിച്ച ഓടുകളും കുട്ടികള്‍ ചിത്രം വരച്ചു ശീലിച്ച് ഏറെ മുഷിഞ്ഞു പോയ ചുമരുകളും വിണ്ടു തുടങ്ങിയ തറയും ഇതു കേട്ട് ചിരിക്കുന്നുണ്ടാകുമോ...? കല്ലും മണ്ണും സിമെന്റും ചേര്‍ത്ത് വച്ചാല്‍ വീടാകില്ല മക്കളെ എന്ന് നമ്മുടെയീ
പഴയവീട് സങ്കടത്തോടെ പിറുപിറുക്കുന്നുണ്ടാകുമോ ...? ആര്‍ക്കറിയാം....! അല്ലേ ...?
വീടൊന്നു പണിയേണം..
ReplyDeleteവിണ്ട കാലു കുത്തി നടന്ന
വേനല്‍ പോലോരെണ്ണം.
വിഭ്രമങ്ങള്‍ക്കവധി നല്‍കുന്ന
വിശ്വാസ ബലമേറ്റിയ..
വിട്ടത്താല്‍,
വിജയം വരിക്കുകില്‍..!!!
ജീവിതത്തിന്റെ ഊഷരതയില്‍ ഉര്‍വ്വരം തേടുന്ന 'ജൈവവളര്‍ച്ച'യാണ് ഞാനാഗ്രഹിക്കുന്നത്.
വീണ്ടും വീണ്ടും മടക്കം ആഗ്രഹിക്കുന്ന എന്റെയമ്മയുടെ സാന്നിധ്യമുള്ള വീട്. ഇന്നും മാതൃസ്തന്യം മണക്കുന്ന ദൈവീക പ്രകാശത്തിന്റെ ഒത്തിരി വെട്ടമാണ് എന്റെ വീട്.